'സ്വന്തമായി വീടില്ലായിരുന്നു, എന്നിട്ടും കുട്ടികളെ പഠിപ്പിക്കാന്‍ വായ്പയെടുത്ത് കെട്ടിടമുണ്ടാക്കി'

#ടി.ജെ. ശ്രീജിത്ത്
ആലങ്ങാട്ടെ ഹിന്ദി മഹാവിദ്യാലയത്തിന് മുന്നില്‍ കെ.എന്‍ സുനില്‍ കുമാര്‍, ഭാര്യ ജയലക്ഷ്മി, മക്കളായ ലക്ഷ്മി, പ്രേംചന്ദ് എന്നിവര്‍ | ഫോട്ടോ : ടി.കെ പ്രദീപ് കുമാര്‍
ആലങ്ങാട്ടെ ഹിന്ദി മഹാവിദ്യാലയത്തിന് മുന്നില്‍ കെ.എന്‍ സുനില്‍ കുമാര്‍, ഭാര്യ ജയലക്ഷ്മി, മക്കളായ ലക്ഷ്മി, പ്രേംചന്ദ് എന്നിവര്‍ | ഫോട്ടോ : ടി.കെ പ്രദീപ് കുമാര്‍

''ദാ ഈ മുറിയിലായിരുന്നു വര്‍ഷങ്ങളോളം ഞാനും ഭാര്യയും രണ്ട് മക്കളും കഴിഞ്ഞിരുന്നത്...'' ആലങ്ങാട്ടെ ഹിന്ദി മഹാവിദ്യാലയത്തിലെ ക്ലാസ് മുറിയോട് ചേര്‍ന്ന കൊച്ചുമുറി തുറന്ന് കെ.എന്‍. സുനില്‍കുമാര്‍ പറഞ്ഞു. മൂന്നരപ്പതിറ്റാണ്ടായി ഈ അധ്യാപകന്റെ ജീവിതം ഉണരുന്നതും ഉറങ്ങുന്നതും ഹിന്ദിയിലാണ്! യാത്രകള്‍ സൈക്കിളിലാണ്, ഖാദിയേ ധരിക്കൂ...തോളിലെ സഞ്ചിയും ഖാദി തന്നെ... തൃശ്ശൂര്‍ ഗവ. ഹിന്ദി ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനമാണ് ആലങ്ങാട്ടുകാരന്‍ സുനില്‍കുമാറില്‍ ഹിന്ദി നിറച്ചത്. 

പഠനം പൂര്‍ത്തിയാക്കുംമുന്നേ 1988-90കളില്‍ തറവാട് വീടായ ആലങ്ങാട് കണ്ടനാട്ട് പുത്തന്‍മഠത്തില്‍ സൗജന്യമായി ക്ലാസെടുത്തു തുടങ്ങി. ഒരു ബെഞ്ചും മൂന്ന് കുട്ടികളുമായി തുടങ്ങിയ ക്ലാസ്, കുട്ടികള്‍ കൂടിയപ്പോള്‍ വാടകമുറിയിലേക്ക് മാറി. 1990-ല്‍ വായ്പയെടുത്ത് ആലങ്ങാട് ചിറങ്ങര മഹാദേവ ക്ഷേത്രത്തിന് സമീപം മൂന്ന് സെന്റ് വാങ്ങി, കെട്ടിടം പണിതു. മുകളിലും താഴെയുമായി രണ്ട് ക്ലാസ് മുറികള്‍, താഴെ ഓഫീസ് മുറിയും കിടപ്പുമുറിയും. ആ മുറിയിലായിരുന്നു മാഷും കുടുംബവും കഴിഞ്ഞിരുന്നത്. 

വിദ്യാലയത്തിന് 1992-ല്‍ കേരള ഹിന്ദി പ്രചാരസഭയുടെ അംഗീകാരമായി. ആ കെട്ടിടം ഇപ്പോള്‍ കേരള ഹിന്ദി പ്രചാരസഭയുടെ എറണാകുളം ജില്ലാ കാര്യാലയവും കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയവുമാണ്. സുനില്‍മാഷായിരുന്നു പ്രിന്‍സിപ്പല്‍. 2004-ല്‍ കാസര്‍കോട്ടെ മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിന്ദി അധ്യാപകനായി ജോലി കിട്ടിയതോടെയാണ് എംഎക്കാരിയായ ഭാര്യ ജയലക്ഷ്മിയെ ഹിന്ദി സാഹിത്യാചാര്യ കോഴ്സ് പഠിപ്പിച്ച് വിദ്യാലയം പ്രിന്‍സിപ്പലാക്കിയത്.

ഇപ്പോള്‍ മലപ്പുറം വണ്ടൂര്‍ പുല്ലങ്കോട് സ്‌കൂള്‍ അധ്യാപകനാണ് സുനില്‍കുമാര്‍. ദിവസേന 10 കിലോമീറ്റര്‍ സൈക്കിളോടിച്ചാണ് സ്‌കൂളില്‍ പോയിവരുന്നത്.

അച്ഛന്റെ ഹിന്ദിപാതയിലുള്ള മകള്‍ ലക്ഷ്മിക്ക് ഹിന്ദി ബിരുദ-ബിരുദാനന്തര ബിരുദതലങ്ങളില്‍ ഒന്നാംറാങ്കും കിട്ടി. ഹിന്ദി സാഹിത്യ ആചാര്യ പരീക്ഷയിലും ഒന്നാംറാങ്കാണ്. മകന്‍ പ്രേംചന്ദും കേരള ഹിന്ദിപ്രചാരസഭയുടെ ഹിന്ദി ഭൂഷണ്‍ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി. മഹാരാജാസ് കോളേജില്‍ ഹിന്ദി ബിരുദ വിദ്യാര്‍ഥിയായ പ്രേംചന്ദും ഹിന്ദി പ്രചാരകനാണ്. ''മുന്‍ഷി പ്രേംചന്ദിനോടുള്ള ആരാധനയിലാണ് മകന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. വിരമിച്ച ശേഷം പ്രേംചന്ദിന്റെ നാടായ വാരാണസിയിലെ ലംഹിയിലേക്ക് സൈക്കിളില്‍ പോകണമെന്നാണ് ആഗ്രഹം...'' സുനില്‍മാഷ് പറഞ്ഞു.
 

Content Highlights: inspiring stoy of a hindi language teacher sunil kumar