സയന്‍സ് ബോറിങ് വിഷയമല്ലടോ, ഇന്റഗ്രേറ്റഡ് സയൻസ് പഠനം: ജാദവ്പുർ ഐഎസിഎസിൽ

കൊൽക്കത്ത ജാദവ്പുർ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐഎസിഎസ്), 2025-26-ലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനവും കല്പിത സർവകലാശാലയുമാണ് ഗവേഷണാധിഷ്ഠിത പഠനങ്ങൾക്ക് ഊന്നൽ നൽകുന്ന ഐഎസിഎസ്.
ഇന്റഗ്രേറ്റഡ് ബാച്ച്‌ലേഴ്‌സ്-മാസ്റ്റേഴ്‌സ് പ്രോഗ്രാം
പ്ലസ്ടു സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് അഞ്ചുവർഷം (10 സെമസ്റ്റർ) ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് ബാച്ച്‌ലേഴ്‌സ്-മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇൻ സയൻസ് നടത്തുന്നു.
ആദ്യ മൂന്നുസെമസ്റ്ററുകളിൽ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ബയോളജിക്കൽ സയൻസസ് എന്നീ വിഷയങ്ങളിലെ ഫൗണ്ടേഷൻ കോഴ്‌സുകളായിരിക്കും. നാലാം സെമസ്റ്ററിൽ ഇവയിൽ ഒന്ന് മേജർ വിഷയമായി തിരഞ്ഞെടുക്കണം. യോഗ്യതാവ്യവസ്ഥകൾ, സീറ്റ് ലഭ്യത എന്നിവയ്ക്കുവിധേയമാണിത്. ഏഴാം സെമസ്റ്റർമുതൽ ഗവേഷണങ്ങളിൽ ഏർപ്പെടാം.
കോഴ്സിന്റെ നാലാംവർഷംമുതൽ സ്ഥാപനവ്യവസ്ഥകൾപ്രകാരം പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കാം. അപേക്ഷകർ 60 ശതമാനം മാർക്കോടെ (സംവരണവിഭാഗക്കാർക്ക് വ്യവസ്ഥകൾ പ്രകാരം മാർക്കിളവുണ്ട്), സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് നിർബന്ധവിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചിരിക്കണം.
തിരഞ്ഞെടുപ്പ് അണ്ടർ ഗ്രാജ്വേറ്റ് പ്രീ-ഇന്റർവ്യൂ സ്ക്രീനിങ് ടെസ്റ്റ് (യുപിഎസ്ടി) അടിസ്ഥാനമാക്കിയാണ്. കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് രണ്ടുമാർക്കുവീതമുള്ള 20 വീതം ചോദ്യങ്ങൾക്ക് നിർബന്ധമായും ഉത്തരം നൽകണം. ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഒന്നിൽനിന്ന് രണ്ടുമാർക്കുവീതമുള്ള 20 ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ഉത്തരം തെറ്റിയാൽ 0.66 മാർക്കുവീതം കുറയ്ക്കും.
പരീക്ഷയിലെ മൂന്ന് നിർബന്ധ വിഷയങ്ങളിലെ മൊത്തം സ്കോറിന് നിശ്ചയിക്കുന്ന കട്ട് ഓഫ് സ്കോർ പരിഗണിച്ച്, രണ്ടാംഘട്ടത്തിലെ ഇന്റർവ്യൂവിന് അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യും.
എഴുത്തുപരീക്ഷ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്/ബയോളജി മൊത്തം മാർക്ക്), ഇന്റർവ്യൂ എന്നിവയിലെ മാർക്കുകൾക്ക് അനുയോജ്യമായ വെയിറ്റേജ് നൽകി റാങ്ക് പട്ടിക തയ്യാറാക്കും. പ്രവേശനം 80 പേർക്ക്.
പ്രോഗ്രാമിൽ നാല് എക്സിറ്റ് ഓപ്ഷനുകൾ ഉണ്ടാകും. യുജിസി മാർഗനിർദേശങ്ങൾ, സ്ഥാപനചട്ടങ്ങൾ എന്നിവ തൃപ്തിപ്പെടുത്തുന്നതിന് വിധേയമായിരിക്കും ഇത്.
ആദ്യവർഷം കഴിഞ്ഞ്, സർട്ടിഫിക്കറ്റ് ഇൻ ബേസിക് സയൻസസ് വിത്ത് കംപ്യൂട്ടർ ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, രണ്ടാം വർഷം കഴിഞ്ഞ് ഡിപ്ലോമ ഇൻ സയൻസസ് വിത്ത് ബയോളജിക്കൽ/കെമിക്കൽ/മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ/ഫിസിക്കൽ സയൻസ് മേജർ, മൂന്നാം വർഷം കഴിഞ്ഞ് ബിഎസ് ഡിഗ്രി ഇൻ സയൻസസ് വിത്ത് ബയോളജിക്കൽ/കെമിക്കൽ/മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ/ഫിസിക്കൽ സയൻസ് മേജർ, മറ്റൊരു വിഷയത്തിൽ മൈനർ; നാലാം വർഷം കഴിഞ്ഞ് ബിഎസ് ഡിഗ്രി വിത്ത് റിസർച്ച് ഇൻ ബയോളജിക്കൽ/കെമിക്കൽ/മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ/ ഫിസിക്കൽ സയൻസസ് മേജർ, മറ്റൊരു വിഷയത്തിൽ മൈനർ എന്നീ യോഗ്യതകളുമായി പ്രോഗ്രാമിൽനിന്ന് പുറത്തുവരാം.
നിശ്ചിത അക്കാദമിക് മികവ്/സിജിപിഎ നേടാൻ കഴിയാതെ പോകുന്നവരോട്, ഇവിടെ സൂചിപ്പിച്ച എക്സിറ്റ് ഓപ്ഷനുകളിൽ ഒന്ന് നിർബന്ധമായും സ്വീകരിച്ച് പ്രോഗ്രാമിൽനിന്ന് പുറത്തുവരാൻ ആവശ്യപ്പെട്ടേക്കാം.
മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്- പിഎച്ച്ഡി
ബിരുദം കഴിഞ്ഞവർക്കായി നടത്തുന്ന മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്- പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. കെമിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്, മെറ്റീരിയൽസ് സയൻസസ്, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസസ്, അപ്ലൈഡ് ആൻഡ് ഇന്റർ ഡിസിപ്ലിനറി സയൻസസ് എന്നീ സ്കൂളുകളിലാണ് പ്രോഗ്രാമുള്ളത്.
60 ശതമാനം മാർക്കോടെയുള്ള (സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്) ബാച്ച്‌ലർ ബിരുദം വേണം. മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസസ് ഓപ്റ്റ് ചെയ്യുന്ന എൻജിനിയറിങ് പശ്ചാത്തലമുള്ളവർക്ക് മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ആവശ്യമായ പരിശീലനം ലഭിച്ചിരിക്കണം.
കംപ്യൂട്ടർ അധിഷ്ഠിത മാസ്റ്റേഴ്‌സ് പ്രീ ഇന്റർവ്യൂ സ്ക്രീനിങ് ടെസ്റ്റ് (എംപിഎസ്ടി), ഇന്റർവ്യൂ എന്നിവയ്ക്ക് അനുയോജ്യമായ വെയ്‌റ്റേജ് നൽകി റാങ്ക്പട്ടിക തയ്യാറാക്കി തിരഞ്ഞെടുപ്പ് നടത്തും. വിഷയമനുസരിച്ച് എംപിഎസ്ടിയിൽ നിശ്ചിതവിഷയങ്ങളിലെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് പരീക്ഷാർഥി ഉത്തരം നൽകണം.
ആദ്യരണ്ടുവർഷം മാസം 12,000 രൂപ നിരക്കിൽ സ്റ്റൈപ്പൻഡ് ലഭിക്കാം. എംഎസ്‌സി പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവരെ പിഎച്ച്ഡി പ്രോഗ്രാമിൽ പ്രവേശിപ്പിക്കും. യോഗ്യതയ്ക്കുവിധേയമായി ഇവർക്ക് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് അനുവദിക്കും.
Content Highlights: IACS Admission 2025-26: Integrated BS-MS Program