പരീക്ഷാക്കാലത്ത്‌ മുഴുവന്‍ സമയവും 'പുസ്തകപ്പുഴു'വായി ഇരിക്കണോ?, ഇതൊന്ന് വായിച്ചിട്ട് പരീക്ഷ എഴുതൂ...

പ്രതീകാത്മക ചിത്രം | ഫോട്ടോ: മധുരാജ്‌
പ്രതീകാത്മക ചിത്രം | ഫോട്ടോ: മധുരാജ്‌

പരീക്ഷാകാലം എന്നാല്‍ പല വിദ്യാര്‍ഥികള്‍ക്കും മാനസിക സമ്മര്‍ദത്തിന്റെ കാലമാണ്. സമ്മര്‍ദം, ഉത്കണ്ഠ, ആധി, അമിതചിന്ത ഇവയെല്ലാം കുട്ടികളുടെ മനസ്സിനെ ക്ഷീണിപ്പിക്കുന്ന അവസ്ഥയിലേക്കെത്തപ്പെടും. സമ്മര്‍ദം ഒഴിവാക്കാന്‍ ഇവ ശ്രദ്ധിക്കാം...

* മുഴുവന്‍ സമയ 'പുസ്തകപ്പുഴു'വാകാതെ നോക്കുകയാണ് ആദ്യപടി.

* ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവിടണം. ഒപ്പം ഓരോ വിഷയവും പഠിക്കുന്നതിന് കൃത്യമായ സമയക്രമവും ചിട്ടപ്പെടുത്തണം.

* വ്യായാമം, യോഗ, കളികള്‍ എന്നിവയ്ക്ക് സമയം കണ്ടെത്താം.

* വിശ്രമവും കൃത്യമായ ഉറക്കവും ഉറപ്പുവരുത്തണം.

* മനസ്സ് ശാന്തമാകാന്‍ പ്രകൃതിനിരീക്ഷണം, പച്ചപ്പും ചെടികളുമൊത്ത് സമയം ചെലവഴിക്കല്‍ എന്നിവയും പരീക്ഷിക്കാം.

* കൃത്യസമയത്ത് ആരോഗ്യദായകമായ ഭക്ഷണവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്നും ഉറപ്പാക്കുക.

* സിലബസ് തീര്‍ക്കാന്‍ ലക്ഷ്യമിട്ട് അധികസമയം പഠിച്ച് തളരുകയോ പരീക്ഷക്കാലമാകുമ്പോള്‍ പതിവുദിനചര്യകള്‍ പെട്ടെന്ന് മാറ്റുകയോ അരുത്.

* കുടുംബാന്തരീക്ഷവും സ്‌കൂളിലെ പഠനാന്തരീക്ഷവും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

* ഓരോ വിഷയത്തിന്റെയും ചോദ്യപേപ്പറിന്റെ ഘടന മനസ്സിലാക്കാന്‍ ധാരാളം മാതൃക ചോദ്യപേപ്പറുകള്‍ ചെയ്തുനോക്കി സ്വയം പരിശീലിക്കാം

* പാഠഭാഗങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മുന്‍ഗണനാക്രമം നിശ്ചയിച്ച് പഠിക്കണം.

* പഠിക്കാന്‍ സമയം തികയുമോ, ചോദ്യങ്ങള്‍ കടുപ്പമേറിയതാകുമോ തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട ആകുലതകള്‍ വേണ്ട.

* രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ മേല്‍നോട്ടത്തില്‍ ഏതാനും കുട്ടികള്‍ ചേര്‍ന്നുള്ള പഠനരീതിയും പരീക്ഷിക്കാം.

* പഠനസമയത്ത് തന്നെ പ്രധാന പോയിന്റുകളുടെ ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുന്നത് പരീക്ഷാത്തലേന്ന് ഉപകാരപ്പെടും.

* പരീക്ഷയ്ക്ക് പുറപ്പെടും മുന്‍പ് ഹാള്‍ടിക്കറ്റ്, പേന, ഐ.ഡി.കാര്‍ഡ് ഇവയൊക്കെ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

* പരീക്ഷാഹാളില്‍ ഉത്തരപേപ്പറില്‍ ആവശ്യമായ വിവരങ്ങളെല്ലാം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കണം.

* പരീക്ഷാസമയത്തിന് മുന്‍പുതന്നെ പരീക്ഷാ ഹാളിലെത്തണം. എഴുതി പൂര്‍ത്തിയാക്കിയ ഉത്തരപേപ്പര്‍ ഒരാവര്‍ത്തി വായിക്കാന്‍ സമയം കണ്ടെത്തുന്നതും നല്ലതാണ്.

* എല്ലാ പരീക്ഷകളും പൂര്‍ത്തിയായശേഷമേ എഴുതിയ ഉത്തരം ശരിയോ, തെറ്റോ എന്നുള്ള വിശകലനം നടത്താവൂ. അല്ലെങ്കില്‍ അടുത്തദിവസത്തെ പരീക്ഷയെ അതുബാധിക്കാം.

Content Highlights: healthy tips for students attending public examinations