ഗൂഗിള്‍ റിസര്‍ച്ച് മെന്ററുമായി ബന്ധപ്പെടാം, ഗവേഷണസഹായം, ഗൂഗിൾ പിഎച്ച്ഡി ഫെലോഷിപ്പിന് അപേക്ഷിക്കാം

കംപ്യൂട്ടർ സയൻസ്, അനുബന്ധമേഖലകളിലെ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പിഎച്ച്‌ഡി വിദ്യാർഥികളെ സഹായിക്കാനും അവരെ ഒരു ഗൂഗിൾ റിസർച്ച് മെൻററുമായി ബന്ധപ്പെടുത്താനും ലക്ഷ്യമിടുന്ന ഗൂഗിൾ പിഎച്ച്ഡി ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാം.ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ പിഎച്ച്ഡി സ്കോളർമാർക്കാണ് അവസരം. അക്കാദമിക് കമ്യൂണിറ്റിയുമായി ബന്ധങ്ങൾ സ്ഥാപിക്കാനും കംപ്യൂട്ടർ സയൻസ്/അനുബന്ധമേഖലകളിൽ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമർഥരായവരുടെ നൂതനവും അസാധാരണവുമായ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഗവേഷണമേഖലകൾ
കംപ്യൂട്ടർ ആർക്കിടെക്ചർ, അൽഗരിതംസ് ആൻഡ് ഓപ്റ്റിമൈസേഷൻ, ഹെൽത്ത് റിസർച്ച്, ഹ്യൂമൻ- കംപ്യൂട്ടർ ഇൻററാക്‌ഷൻ, മെഷീൻ ലേണിങ് ആൻഡ് എംഎൽ ഫൗണ്ടേഷൻസ്, മെഷീൻ പെർസപ്ഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, പ്രൈവസി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ക്വാണ്ടം കംപ്യൂട്ടിങ്, സോഫ്റ്റ്‌വേർ എൻജിനിയറിങ് ആൻഡ് പ്രോഗ്രാമിങ് ലാംഗ്വേജസ്, സിസ്റ്റംസ് നെറ്റ്‌വർക്കിങ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ്.
നോമിനേഷൻ
ഒരു ഗവേഷണവിദ്യാർഥിക്ക് ഫെലോഷിപ്പിന് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. വിദ്യാർഥി ഗവേഷണം നടത്തുന്ന സർവകലാശാലയാണ് വിദ്യാർഥിയെ നാമനിർദേശംചെയ്യേണ്ടത്. സർവകലാശാലയുടെ ഔദ്യോഗികപ്രതിനിധിയാണ് പിഎച്ച്ഡി സ്കോളർക്കുവേണ്ടി അപേക്ഷനൽകേണ്ടത്.
കംപ്യൂട്ടർ സയൻസ്/അനുബന്ധവിഷയങ്ങളിൽ ഗവേഷണബിരുദം നൽകുന്ന അംഗീകാരമുള്ള ഗവേഷണസ്ഥാപനമായിരിക്കണം സർവകലാശാല. കംപ്യൂട്ടർ സയൻസ്/അനുബന്ധ വിഷയത്തിൽ ഫുൾ ടൈം പിഎച്ച്ഡി വിദ്യാർഥിയായിരിക്കണം.
പദ്ധതിയിൽ താത്‌പര്യമുള്ള പിഎച്ച്ഡി സ്കോളർമാർ തങ്ങളുടെ സർവകലാശാലയുടെ ഔദ്യോഗികപ്രതിനിധിയെ സമീപിക്കണം. ഒരു സർവകലാശാലയ്ക്ക് പരമാവധി മൂന്നുപേരെ നോമിനേറ്റ് ചെയ്യാം.
തിരഞ്ഞെടുപ്പ്
റിസർച്ച് പ്രൊപ്പോസൽ, റിസർച്ച് ഇംപാക്ട്, സ്റ്റുഡൻറ് അക്കാദമിക് അച്ചീവ്മെന്റ്‌സ്, ലീഡർഷിപ്പ് പൊട്ടെൻഷ്യൽ തുടങ്ങിയവ പരിഗണിച്ചായിരിക്കും അപേക്ഷകൾ വിലയിരുത്തുന്നത്. ഗൂഗിളുമായി ബന്ധപ്പെട്ട ഗവേഷണമേഖലകൾക്ക് പ്രസക്തമായ, നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രൊപ്പോസലുകൾക്ക് പരിഗണന ലഭിക്കും.
ആനുകൂല്യങ്ങൾ
ഇന്ത്യക്കാർക്ക് രണ്ടുതരത്തിലുള്ള ഫെലോഷിപ്പ് അവസരങ്ങളുണ്ട്.
• ഏർളി സ്റ്റേജ് പിഎച്ച്ഡി സ്റ്റുഡൻറ്സ്: നാലുവർഷംവരെ ഫെലോഷിപ്പ് ലഭിക്കാം. 50,000 യുഎസ് ഡോളർ (ഏകദേശം 43 ലക്ഷം രൂപ) വരെ സഹായം (സ്റ്റൈപ്പെൻഡ്, മറ്റ് ഗവേഷണപ്രവർത്തനങ്ങൾ, യാത്രച്ചെലവ് തുടങ്ങിയവയ്ക്ക്) ലഭിക്കും. ഗൂഗിൾ റിസർച്ച് മെൻറർ
• ലേറ്റ് സ്റ്റേജ് പിഎച്ച്ഡി സ്റ്റുഡൻറ്സ്: ഒരു വർഷത്തേക്ക്. 10,000 യുഎസ് ഡോളർവരെ (ഏകദേശം എട്ടരലക്ഷം രൂപ) സഹായം (സ്റ്റൈപ്പെൻഡ്, മറ്റ് ഗവേഷണപ്രവർത്തനങ്ങൾ, യാത്രച്ചെലവ് തുടങ്ങിയവയ്ക്ക്) ലഭിക്കും. ഗൂഗിൾ റിസർച്ച് മെൻറർ.
സമയക്രമം
അപേക്ഷ/നോമിനേഷൻ മേയ് 15 വരെ സ്വീകരിക്കും. വിവരങ്ങൾക്ക്: research.google/ (Programs & events > Student Programs > PhD fellowship). തിരഞ്ഞെടുപ്പുസംബന്ധിച്ച തീരുമാനം ഓഗസ്റ്റ് 31-നകം പ്രതീക്ഷിക്കാം. ഒക്ടോബർ 31-നകം സെലക്‌ഷൻ പട്ടിക പ്രസിദ്ധപ്പെടുത്തും.
Content Highlights: Google PhD Fellowship 2024: Apply Now!