മൂന്ന് വർഷ ഡിഗ്രി നിർത്തലാക്കിയാൽ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുമോ? നാല് വർഷബിരുദവും ചില ആലോചനകളും

പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കേരളത്തിൽ ഉന്നതവിദ്യാഭ്യാസം സമഗ്രമായ പുനഃസംഘടനയ്ക്ക് വിധേയമാക്കാൻ പോകുകയാണ്. ഇനിയങ്ങോട്ട് വേറിട്ടുനിൽക്കുന്ന മൂന്നുവർഷ ഡിഗ്രി കോഴ്‌സ് പൂർണമായും നിർത്തലാക്കുകയും നാലുവർഷ ബിരുദപദ്ധതി (Four Year Undergraduate Programme) 2024 അധ്യയനവർഷംമുതൽ നടപ്പാക്കുകയുംചെയ്യും. ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്നത് ഓരോ വർഷ അവസാനവും അതിനുതകുന്ന സർട്ടിഫിക്കറ്റുകൾ നേടി പിരിഞ്ഞുപോകാവുന്ന നാലുവർഷ ബിരുദവിദ്യാഭ്യാസമാണെങ്കിലും കേരളത്തിലേത് മൂന്നാംവർഷംമാത്രമോ അല്ലെങ്കിൽ നാലുവർഷത്തിനുശേഷമോ പിരിഞ്ഞുപോകാവുന്ന നാലുവർഷ ഡിഗ്രി വിദ്യാഭ്യാസമാണ്.
നാലുവർഷ ഡിഗ്രി എന്ന വ്യത്യസ്തസമ്പ്രദായം അമേരിക്കൻ സർവകലാശാലകളിൽ മുമ്പേ നിലനിൽക്കുന്നതാണെങ്കിലും അടുത്തകാലത്തായി അതിന് കൂടുതൽ സ്വീകാര്യതകൈവന്നു. ബഹുവൈജ്ഞാനികത അമേരിക്കൻ ബിരുദസമ്പ്രദായത്തിന്റെ സവിശേഷതയാണ്. ബാച്ചിലർ ബിരുദം ആവശ്യമില്ലാത്ത (മുമ്പും ഇപ്പോഴും) ജോലികൾക്കുപോലും തൊഴിൽദാതാക്കൾ ബിരുദം ആവശ്യപ്പെടുന്ന ഒരു രീതിയും അതിനെത്തുടർന്ന് ബിരുദവിദ്യാഭ്യാസത്തിന് കൂടിവരുന്ന ഡിമാൻഡും പാശ്ചാത്യരാജ്യങ്ങളിൽ ഏകദേശം രണ്ടുദശാബ്ദമായി നിലനിൽക്കുന്നുണ്ടായിരുന്നു. ഈ പ്രതിഭാസത്തെ ഡിഗ്രിപ്പെരുപ്പം അഥവാ ഡിഗ്രി ഇൻഫ്ളേഷൻ എന്ന് പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഇംഗ്ലണ്ടിലും അമേരിക്കയിലും വിളിച്ചുവരുന്നു.
വേറൊരുതരത്തിൽ പറഞ്ഞാൽ ഇപ്പോൾ ജോലിയെടുത്തുകൊണ്ടിരിക്കുന്ന ബിരുദധാരികളല്ലാത്തവർ തൊഴിൽ വിട്ടുപോകുമ്പോൾ ആ തൊഴിലുകളെല്ലാം ബിരുദധാരികൾക്കുവേണ്ടി വലിയൊരളവിൽ മാറ്റിവെക്കപ്പെട്ടു. ഇങ്ങനെയൊരു ആവശ്യം വരാൻകാരണം തൊഴിൽരംഗം കൂടുതൽക്കൂടുതൽ സാങ്കേതികവത്‌കരിക്കപ്പെടുന്നു എന്നതാണ്. ഈ സമ്പ്രദായം കമ്പനികൾക്കും മറ്റും പരിചയസമ്പന്നരും തൊഴിലാഭിമുഖ്യമുള്ളവരുമായ തൊഴിലാളികളെ കിട്ടുന്നതിൽ ബുദ്ധിമുട്ടുവരുത്തി. ഫലമായി തൊഴിൽമാർക്കറ്റിൽ ചെറുതല്ലാത്ത പ്രശ്നങ്ങളുണ്ടാവുകയും കോവിഡനന്തരം ഡിഗ്രിപ്പെരുപ്പം അല്പംകൂടി സങ്കീർണമാവുകയുംചെയ്തു.
മുകളിൽപ്പറഞ്ഞ വസ്തുതകളിൽനിന്ന് നാലുവർഷ ഡിഗ്രി തൊഴിൽ മാർക്കറ്റിന്റെ ആവശ്യങ്ങളിൽനിന്ന് സ്വീകാര്യതനേടിയതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ നാലുവർഷ ബിരുദപഠനവും തൊഴിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഏതെങ്കിലും കുറച്ച് തൊഴിലുകൾക്കെങ്കിലും അത് വിദ്യാർഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്.
പുതിയ ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കേരളസർക്കാർ 2021-ൽ ശ്യാം ബി. മേനോൻ അധ്യക്ഷനായി ഒരു ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ രൂപവത്‌കരിക്കുകയും കമ്മിഷൻ അതിന്റെ റിപ്പോർട്ട് 2022 ജൂലായിൽ സമർപ്പിക്കുകയുംചെയ്തു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് കാലോചിതവും പുരോഗമനപരവുമായ ഒട്ടേറെ മാർഗനിർദേശങ്ങളോടെയാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേരളത്തിൽ അടുത്ത വർഷം നടപ്പാക്കാൻപോകുന്ന നാലുവർഷ ഡിഗ്രി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണകമ്മിഷൻ റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലാണ്.
കേരളത്തിലെ പശ്ചാത്തലം
കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ ഇപ്പോൾ പറഞ്ഞുകേൾക്കുന്നത് കേരളത്തിനുപുറത്തേക്കുള്ള-മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനുപുറത്തേക്കും-വിദ്യാർഥികളുടെ ഒഴുക്കാണ്.ഇതിനോടനുബന്ധിച്ചുവരുന്ന മറ്റൊരുകാര്യം കേരളത്തിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ വിദ്യാർഥികൾ ക്രമാതീതമായി കുറയുന്നു എന്നതാണ്. ജനസംഖ്യയിൽ വരുന്ന കുറവ്, സാമ്പത്തികശേഷിയുള്ള പുതിയ മധ്യവർഗതാത്‌പര്യങ്ങൾ, ആഗോളീകരണം, തൊഴിലവസരങ്ങളുടെ കുറവ്, പഠനവും തുടർന്ന് ജോലിയും ഉറപ്പാക്കാനായുള്ള കുട്ടികളുടെ താത്‌പര്യം, യൂറോപ്യൻ രാജ്യങ്ങളിലെ ഉയർന്ന ജീവിതനിലവാരം എന്നീ കാര്യങ്ങൾ വിദേശപഠനത്തിനായി വിദ്യാർഥികൾ പോകുന്നതിന്റെ കാരണങ്ങളായി പറഞ്ഞുവരുന്നു. ഇവയിൽ ചില കാരണങ്ങൾ മറ്റുസംസ്ഥാനങ്ങളിൽ വിദ്യാർഥികൾ വിദ്യാഭ്യാസത്തിന് പോകുന്നതിനും ഇടയാക്കുന്നുണ്ട്.
വിദ്യാർഥികൾ അന്യനാടുകളിലേക്ക് വിദ്യാഭ്യാസവും തൊഴിലുംതേടി പോകുന്നത് കേരളത്തിൽമാത്രമുള്ള പ്രതിഭാസമല്ല. കണക്കുകൾക്കും കാര്യകാരണയുക്തിക്കുംമാത്രം വിശദീകരിക്കാൻ കഴിയാത്ത ഒരു വൈകാരികതലം, വിദ്യാർഥികളുടെ കുടിയേറ്റത്തിന് ഉണ്ടെന്നുതോന്നുന്നു. പത്തുപതിനഞ്ചുവർഷമായി കേരളത്തിൽ വലിയ നിലയിലുണ്ടായ ഉന്നതവിദ്യാഭ്യാസത്തിന്റെ വിപുലീകരണവും വിദ്യാർഥികളുടെ ആവശ്യം പരിഗണിക്കാതെയുള്ള കോഴ്‌സ് വർധനയും ജനസംഖ്യയിലുള്ള കുറവും കോഴ്‌സുകളിൽ വേണ്ടത്ര കുട്ടികൾ വരാത്തതിന് കാരണമാണ്.
ഇവിടെ എന്തുചെയ്യണം?
ഈ സന്ദർഭത്തിലാണ് പുതിയ നാലുവർഷഡിഗ്രി നടപ്പാക്കുമ്പോൾ ഉണ്ടാകേണ്ട തിരിച്ചറിവുകളെക്കുറിച്ച് അത് നടപ്പാക്കാൻ ചുമതലപ്പെട്ടവർ ശ്രദ്ധിക്കേണ്ടത്. മറ്റെന്തു കാരണമുണ്ടെങ്കിലും ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ഉന്നതവിദ്യാഭ്യാസ സമ്പ്രദായവും കുട്ടികളുടെ കുറവിന് ഒരു കാരണമാണ്. കോഴ്‌സുകൾ തുടങ്ങുമ്പോൾ വേണ്ട ജാഗ്രത പുലർത്താതെ കോഴ്‌സുകളുടെ എണ്ണത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന സമ്പ്രദായം കേരളത്തിൽ കോളേജുകളിലും സർവകലാശാലകളിലും പൊതുവേ കണ്ടുവരുന്ന രീതിയാണ്. കെട്ടിടങ്ങളുടെ വലുപ്പവും മോടിയും കോഴ്‌സുകളുടെ എണ്ണവുമാണ് ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിന്റെ മേന്മ എന്ന തെറ്റിദ്ധാരണ മാറ്റേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.
കുട്ടികളെ കിട്ടാതെ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന കോഴ്സുകൾ നിർത്താൻ പോയിട്ട് അതിനെക്കുറിച്ച് ഒരു വീണ്ടുവിചാരത്തിനുതന്നെ തയ്യാറാകാത്തത് ഒരുതരത്തിലും സമൂഹതാത്‌പര്യത്തിന് യോജിച്ചതല്ല. ഇങ്ങനത്തെ കോഴ്‌സുകൾ നിലനിർത്താൻ വിദ്യാർഥിസംഘടനകൾതന്നെ പലപ്പോഴും രംഗത്തുവരുന്നു എന്നുള്ളത് അത്ര ലളിതവത്കരിച്ച് കാണേണ്ടതല്ല. കുട്ടികളെ ചേർക്കാനുള്ള പരക്കംപാച്ചിലിൽ അധ്യാപനംതന്നെ മറന്ന് കുട്ടികളെ എങ്ങനെയെങ്കിലും ക്ലാസിലെത്തിക്കുക, തുടർന്ന് അവരെ എങ്ങനെയെങ്കിലും പാസാക്കിവിടുക എന്നുള്ള തരത്തിലേക്ക് ഉന്നത വിദ്യാഭ്യാസ അധ്യാപകജോലിതന്നെ ഒരു വലിയ പരിധിവരെ മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസനിലവാരം വളരെ കുറഞ്ഞുവെന്ന് നിരീക്ഷിച്ചാൽ തെറ്റാണെന്നുപറയാൻ കഴിയില്ല.
ഓരോ കോഴ്‌സും കാലങ്ങളായി നിരന്തരവിശകലനത്തിനും വിദ്യാർഥി ആവശ്യത്തിനും വിധേയമായിമാത്രമാണ് വികസിതരാജ്യങ്ങളിൽ നിലനിന്നുപോകുന്നത്. ഇതിനർഥം വെറും പ്രയോഗികതയിലൂന്നി, മാനുഷികമൂല്യങ്ങളൊന്നും ഇല്ലാത്ത കോഴ്‌സുകൾമാത്രം സർവകലാശാലകളിൽ തുടങ്ങണമെന്നല്ല. സർവകലാശാലകൾ വെറും തൊഴിലാളി ഉത്‌പാദനകേന്ദ്രങ്ങൾ ആക്കണമെന്നുമല്ല. ഉന്നതവിദ്യാഭ്യാസ പരിഷ്കരണരേഖ വിഭാവനംചെയ്യുന്നതും സമഗ്ര വ്യക്തിവികാസത്തിനുള്ള ബിരുദവിദ്യാഭ്യാസംതന്നെയാണ്. പഠിച്ചിറങ്ങിപ്പോകുന്ന വിദ്യാർഥികൾ അവർക്ക് സ്വന്തമായും സമൂഹത്തിനും ആ പഠനംകൊണ്ട് എന്തുനൽകാൻ പ്രാപ്തരാവുന്നു എന്നാലോചിക്കാത്ത ഒരു ഉന്നത വിദ്യാഭ്യാസസംവിധാനം അഭികാമ്യമല്ല. കോഴ്‌സുകളുടെ പുനഃക്രമീകരണംപോലെത്തന്നെ പ്രധാനമാണ് ഓരോ വിഷയവും കാലത്തിനൊത്ത് പരിഷ്കകരിക്കുകയെന്നത്.
വിദേശങ്ങളിൽനിന്നുവരെയുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് കൊണ്ടുവരാൻ പുതിയ വിദ്യാഭ്യാസപദ്ധതിക്ക് കഴിയണം. കേരളത്തിലെ അനുകൂലമായ കാലാവസ്ഥയും താരതമ്യേന ഉയർന്ന സാമൂഹിക നിലവാരവും പ്രകൃതിസൗന്ദര്യവുമെല്ലാം ഇതിന് അനുകൂലഘടകങ്ങളാണ്. ഈ ചരിത്രസന്ദർഭത്തിൽ പുതിയ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായ നാലുവർഷ ബിരുദപഠനം വരാനിരിക്കുന്ന ഒരു തലമുറയുടെയെങ്കിലും ഭാവി നിർണയിക്കുന്ന അതിപ്രധാനമായ ദൗത്യമായി കണ്ടുകൊണ്ടുള്ള ഭാവനാസമ്പന്നവും ആത്മാർഥവുമായ ഇടപെടലുകൾ നടക്കുമെന്ന് നമുക്ക് വിശ്വസിക്കാം.
(ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
Content Highlights: Four year degree courses- analysis by Dr. P.P Baburajan