പണ്ഡിതരും അനുകമ്പയുള്ളവരുമായ അധ്യാപകർ വഴിനടത്തിയിട്ടുണ്ട് എന്നത് എന്റെ ഭാഗ്യമാണ്-രാഷ്‌ട്രപതി

ദ്രൗപദി മുര്‍മു | Photo - PTI
ദ്രൗപദി മുര്‍മു | Photo - PTI

എല്ലാ അധ്യാപകർക്കും നന്ദിപറഞ്ഞ്, തന്നെ പഠിപ്പിച്ച ഗുരുക്കന്മാരെപ്പറ്റി, താൻ പഠിപ്പിച്ച വിദ്യാർഥികളെപ്പറ്റി രാഷ്‌ട്രപതി ദ്രൗപദി മുർമു എഴുതുന്നു

ഭാവിയെ രൂപപ്പെടുത്തുന്നവരാണ് അധ്യാപകർ. ഈ അധ്യാപകദിനത്തിൽ, നമ്മുടെ കോടിക്കണക്കിന് വിദ്യാർഥികളുടെ ജീവിതത്തിലേക്ക് അറിവും നൈപുണ്യവും മൂല്യങ്ങളും പ്രചോദനവും പകർന്നുനൽകുന്ന എല്ലാ അധ്യാപകർക്കും മുഴുവൻ ഭാരതീയരുടെയും പേരിൽ ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ, തന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കണമെന്ന് ആഗ്രഹിച്ച കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ.

ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മുൻരാഷ്ട്രപതിമാരിൽ ഒരാളായ ഡോ. എ.പി.ജെ. അബ്ദുൽകലാമിനോട്, ജനങ്ങൾ അദ്ദേഹത്തെ ഒരു ശാസ്ത്രജ്ഞനായാണോ അതോ ഒരു രാഷ്ട്രപതിയായാണോ ഓർമ്മിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്ന് ഒരിക്കൽ ചോദിക്കുകയുണ്ടായി. താൻ ഒരു അധ്യാപകനായി ഓർമ്മിക്കപ്പെടാനാണ് കൂടുതൽ ആഗ്രഹിക്കുന്നത് എന്നാണ് ഡോ. കലാം അതിന് മറുപടി നൽകിയത്.‌

യോഗ്യതയും വ്യക്തിത്വവുംകൊണ്ട് ആദരണീയരാകുന്ന അധ്യാപകരും അത്തരം അധ്യാപകരോട് സമർപ്പണബോധമുള്ള വിദ്യാർഥികളുമാണ് എന്നും നമ്മുടെ മാതൃക. പണ്ഡിതരും അനുകമ്പയുള്ളവരുമായ ഒട്ടേറെ അധ്യാപകർ എന്നെ വഴിനടത്തിയിട്ടുണ്ട് എന്നത് എന്റെ ഏറ്റവുംവലിയ ഭാഗ്യമാണ്. ചിലപ്പോഴൊക്കെ, നമ്മുടെ അധ്യാപകർ സ്കൂൾസമയത്തിനുശേഷവും സ്വന്തം വീടുകളിൽവെച്ച് നമ്മെ പഠിപ്പിക്കുകയും വലിയ ശ്രദ്ധയോടെ നമ്മെ പരിപാലിക്കുകയും ചെയ്യുമായിരുന്നു. ഏഴാം ക്ലാസ് പൂർത്തിയാക്കിയ ശേഷം, തുടർപഠനത്തിനായി ഗ്രാമത്തിന് വെളിയിലേക്ക് ഇറങ്ങിത്തിരിച്ച ആദ്യത്തെ പെൺകുട്ടിയായിരുന്നു ഞാൻ. പിന്നീട് ഭുവനേശ്വരിൽ പഠിക്കുമ്പോഴും അധ്യാപകരിൽനിന്ന് ധാരാളം സ്നേഹവും പ്രോത്സാഹനവും ലഭിക്കാൻ ഞാൻ ഭാഗ്യം ചെയ്തവളായിരുന്നു.

വളരെ വിനയത്തോടെയാണ് ഞാൻ ഇവിടെ എന്റെ അധ്യാപകരെക്കുറിച്ച് പരാമർശിക്കുന്നത്. കാരണം, അവരുടെ കഥ ആഴമേറിയ ഒരു സത്യത്തെ വെളിപ്പെടുത്തുന്നു: സ്നേഹസമ്പന്നനും സമർപ്പിതനുമായ ഒരു അധ്യാപകന് ഒരു വിദ്യാർഥിയിൽ അതിരുകളില്ലാത്ത ശേഷിയും പ്രചോദനവും ഉണർത്താൻ സാധിക്കും.

അധ്യാപനം എന്നത് വെറുമൊരു തൊഴിൽ മാത്രമല്ല, അതൊരു വ്രതമാണ്. അതൊരു കരിയറിനോ ജോലിക്കോ ഉപരിയാണ്; മനുഷ്യകുലത്തെ രൂപപ്പെടുത്തുന്ന പവിത്രമായ ദൗത്യമാണത്. വരാനിരിക്കുന്ന തലമുറകൾക്കായി വഴിവെളിച്ചംകാട്ടുന്ന മഹത്തായ ഉത്തരവാദിത്വമാണത്.

അധ്യാപനവുമായി ബന്ധപ്പെട്ട എന്റെ ഓർമ്മകൾ എനിക്ക് സവിശേഷമായ ഒരു സംതൃപ്തി നൽകുന്നുണ്ട്. ഒഡിഷയിലെ റൈരംഗ്പുരിലുള്ള ശ്രീ അരബിന്ദോ ഇന്റഗ്രൽ സ്കൂളിൽ ഞാൻ കുട്ടികളെ പഠിപ്പിച്ചിരുന്നു.

സ്കൂൾപഠനം കഴിഞ്ഞ് വർഷങ്ങൾക്കുശേഷവും എന്റെ വിദ്യാർഥികൾ എന്നെ അവരുടെ കുടുംബചടങ്ങുകളിലേക്ക് ക്ഷണിക്കാറുണ്ട്. എന്റെ പല വിദ്യാർഥികളുടെയും പേരുകൾ മാത്രമല്ല, നമ്മൾ സ്നേഹത്തോടെ അവരെ വിളിച്ചിരുന്ന വിളിപ്പേരുകളും എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്.

ഏകദേശം പതിനൊന്നുവർഷംമുൻപ്‌, ഞാൻ എന്റെ ഗ്രാമത്തിലെ വീട്ടിൽ ഒരു റെസിഡെൻഷ്യൽ സ്കൂൾ സ്ഥാപിച്ചു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുമാണ് ആ സ്കൂളിൽ പഠിക്കുന്നത്. കുട്ടികളെ കാണുന്നതിനായി ഞാൻ ഇടയ്ക്കിടെ ആ സ്കൂൾ സന്ദർശിക്കാറുണ്ട്.

രക്ഷിതാക്കളും രക്ഷാകർത്താക്കളും തങ്ങളുടെ മക്കളെ പഠിക്കാൻ അയക്കുമ്പോൾ ഏറ്റവും വലിയ വിശ്വാസമാണ് അധ്യാപകരിൽ അർപ്പിക്കുന്നത്. വിദ്യാർഥികളെ നല്ലമനുഷ്യരായി മാറാൻ വഴിനടത്തുക എന്നത് അധ്യാപകരുടെ പവിത്രമായ കടമയാണ്. തങ്ങളുടെ ചിന്തകളിലും പ്രവൃത്തികളിലും ധാർമികത പുലർത്തുന്നതോടൊപ്പംതന്നെ സമൃദ്ധിയും പ്രശസ്തിയും കൈവരിക്കുന്ന വിദ്യാർഥികളാണ് ഒരു അധ്യാപകന്റെ വിജയത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങൾ.

Content Highlights: Draupadi Murmu honors teachers on teachers day, highlighting their dedication and the profound impact they have on students' lives.