നിയമ സര്‍വകലാശാലകളില്‍ പഠിക്കാം; കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് ഇപ്പോള്‍ അപേക്ഷിക്കാം
ബിരുദ, ബിരുദാനന്തരതല നിയമ പ്രോഗ്രാമുകള്‍, ദേശീയ നിയമസര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരം. രാജ്യത്തെ 22 ദേശീയനിയമസര്‍വകലാശാലകളിലെ, നിയമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (ക്ലാറ്റ്) ഇപ്പോള്‍ അപേക്ഷിക്കാം.
ബിരുദതലത്തില്‍, 5 വര്‍ഷം ദൈര്‍ഘ്യമുള്ള ഓണേഴ്സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണുള്ളത്. ബി.എ. എല്‍എല്‍.ബി. (ഓണേഴ്സ്), ബി.എസ്‌സി. എല്‍എല്‍.ബി. (ഓണേഴ്സ്), ബി.കോം എല്‍.എല്‍. ബി. (ഓണേഴ്സ്), ബി.ബി.എ. എല്‍എല്‍.ബി. (ഓണേഴ്സ്), ബി.എസ്.ഡബ്ല്യു. എല്‍എല്‍.ബി. (ഓണേഴ്സ്) എന്നിവയാണ് ബിരുദതല പ്രോഗ്രാമുകള്‍.
ബിരുദാനന്തര ബിരുദതലത്തില്‍ ഒരുവര്‍ഷത്തെ എല്‍.എല്‍.എം. പ്രോഗ്രാമാണുള്ളത്. വിവിധ സ്‌പെഷ്യലൈസേഷനുകള്‍, ഓരോ സര്‍വകലാശാലകളിലുമുണ്ട്. ബിസിനസ് ലോസ്, ഹ്യൂമണ്‍ റൈറ്റ്സ് ലോസ്, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി & ബിസിനസ് ലോ, കോണ്‍സ്റ്റിറ്റിയൂഷണല്‍ & അഡ്മിനിസ്ട്രേറ്റീവ് ലോ, കോര്‍പ്പറേറ്റ് ലോസ്, എന്‍വയണ്‍മെന്റല്‍ ലോ, ഇന്റര്‍നാഷണല്‍ ട്രേഡ് ലോ, നാച്വറല്‍ റിസോഴ്സസ് ലോ എന്നിവ അവയില്‍ ചിലതാണ്.
സര്‍വകലാശാലകള്‍
(1) നാഷണല്‍ ലോസ് സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (ബാംഗ്ലൂര്‍)
(2) ദി വെസ്റ്റ്ബംഗാള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസ് (കൊല്‍ക്കത്ത),
(3) നള്‍ഡാര്‍ യൂണിവേഴ്സിറ്റി ഓഫ് ലോ (ഹൈദരാബാദ്)
(4) നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി (ഭോപ്പാല്‍),
(5) നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ജോദ്പുര്‍),
(6) ഹിദയത്തുള്ള നാഷണല്‍ ലോ യൂണിവേഴ്സിറ്റി (റായ്പുര്‍),
(7) ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ഗാന്ധിനഗര്‍),
(8) ഡോ. റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ലഖ്നൗ),
(9) രാജീവ്ഗാന്ധി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലോ (പട്യാല),
(10) ചാണക്യ നാഷണല്‍ യൂണിവേഴ്സിറ്റി (പട്ന),
(11) നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (കൊച്ചി),
(12) നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഒഡിഷ (കട്ടക്ക്),
(13) നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി & റിസര്‍ച്ച് ഇന്‍ ലോ (റാഞ്ചി),
(14) നാഷണല്‍ ലോ സ്‌കൂള്‍ & ജുഡീഷ്യല്‍ അക്കാദമി അസം (ഗുവാഹാട്ടി),
(15) ദാമോദരം സഞ്ജീവയ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി (വിശാഖപട്ടണം) ,
(16) തമിഴ്നാട് നാഷണല്‍ ലോ സ്‌കൂള്‍ (തിരുച്ചിറപ്പള്ളി),
(17) മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി (മുംബൈ),
(18) മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി (നാഗ്പുര്‍),
(19) ഹിമാചല്‍പ്രദേശ് നാഷണല്‍ ലോ യൂണിവേഴ്സിറ്റി (സിംല),
(20) മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ഔറംഗാബാദ്),
(21) എം.പി. ധര്‍മശാസ്ത്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ജബല്‍പുര്‍),
(22) ഡോ.ബി.ആര്‍. അംബേദ്കര്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റി (ഡോണിപ്പത്, ഹരിയാണ).
എല്ലാ സര്‍വകലാശാലകളിലും ബി.എ. എല്‍എല്‍.ബി. പ്രോഗ്രാം ഉണ്ട്. ബി.ബി.എ. എല്‍എല്‍.ബി.- ജോധ്പുര്‍, ഗാന്ധിനഗര്‍, പട്ന, കട്ടക്, ഷിംല, ബി.എസ്‌സി. എല്‍എല്‍.ബി.- ഗാന്ധിനഗര്‍; ബി.കോം. എല്‍എല്‍.ബി.- ഗാന്ധിനഗര്‍, തിരുച്ചിറപ്പള്ളി, ബി.എസ്.ഡബ്ല്യു. എല്‍എല്‍.ബി.- ഗാന്ധിനഗര്‍. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള എല്‍എല്‍.എം. പ്രോഗ്രാം ഔറംഗാബാദ്, ഹരിയാണ ഒഴികെയുള്ള എല്ലാ ദേശീയ നിയമ സര്‍വകലാശാലകളിലുമുണ്ട്.
യോഗ്യത
രണ്ട് പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. ബിരുദതല പ്രോഗ്രാം പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്. ഏത് സ്ട്രീമില്‍ പഠിച്ചും പ്ലസ്ടു/ തത്തുല്യ പരീക്ഷ, കുറഞ്ഞത് 45% മാര്‍ക്കുവാങ്ങി/ തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാര്‍ക്ക്, യോഗ്യതാപരീക്ഷയില്‍ 40% മാര്‍ക്കു മതി. പി.ജി. (എല്‍.എല്‍.എം.) കോഴ്സ് പ്രവേശനത്തിന്, അപേക്ഷാര്‍ഥിക്ക്, എല്‍.എല്‍.ബി. ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. യോഗ്യതാ കോഴ്സില്‍ കുറഞ്ഞത് 50% മാര്‍ക്ക്/ തത്തുല്യ ഗ്രേഡ് വാങ്ങിയിരിക്കണം. പട്ടിക വിഭാഗങ്ങള്‍ക്ക്, 45% മാര്‍ക്ക് മതി. 2020 ഏപ്രില്‍/ മേയ് മാസത്തില്‍, ബാധകമായ യോഗ്യതാകോഴ്സിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും, പ്രവേശനസമയത്ത് യോഗ്യത തെളിയിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി അപേക്ഷിക്കാം.
പരീക്ഷ
കോഴ്സുകളിലെ പ്രവേശനം, 2020 മേയ് 10 -ന് നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) അടിസ്ഥാനമാക്കിയായിരിക്കും. ക്ലാറ്റ് യു.ജി., ക്ലാറ്റ് പി.ജി. എന്നീ രണ്ട് പരീക്ഷകളും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. ക്ലാറ്റ് യു.ജി.യ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, കറന്റ് അഫയേഴ്സ് (ജനറല്‍ നോളജ് ഉള്‍പ്പെടെ), ലീഗല്‍ റീസണിങ്, ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്നിക് എന്നീ വിഷയങ്ങളില്‍നിന്നുമായി, ഒരുമാര്‍ക്കുവീതമുള്ള 150 ചോദ്യങ്ങള്‍ ഉണ്ടാകും.
മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ളതാകും ചോദ്യങ്ങള്‍. ഉത്തരം തെറ്റിയാല്‍, കാല്‍ മാര്‍ക്കുവീതം നഷ്ടപ്പെടും. ക്ലാറ്റ് പി.ജി.യ്ക്കും പരമാവധി മാര്‍ക്ക് 150 ആയിരിക്കും. ഇതില്‍ 100 മള്‍ട്ടിപ്പിള്‍ ചോയ്സ് (100 മാര്‍ക്കിന്) ഉണ്ടാകും. കൂടാതെ 50 മാര്‍ക്കിന്, വിവരണാത്മകരീതിയില്‍ ഉത്തരം നല്‍കേണ്ട, 25 വീതം മാര്‍ക്കുള്ള, ഉപന്യാസം എഴുതേണ്ട രണ്ട് ചോദ്യങ്ങളും ഉണ്ടാകും. കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, കോണ്‍ട്രാക്ട്, ടോര്‍ട്സ്, ക്രിമിനല്‍ ലോ, ഇന്റര്‍നാഷണല്‍ ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്, ജൂറിസ്പ്രൂഡന്‍സ് എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഒബ്ജക്ടീവ് ഭാഗത്ത് 40 ശതമാനം മാര്‍ക്ക് (പട്ടിക, ഭിന്നശേഷിക്കാരെങ്കില്‍ 35%) നേടിയാല്‍ മാത്രമേ, വിവരണാത്മകരീതിയിലുള്ള ഉത്തരങ്ങള്‍, മൂല്യനിര്‍ണയം ചെയ്യപ്പെടുകയുള്ളൂ.
അപേക്ഷ
ക്ലാറ്റ് രജിസ്ട്രേഷന്‍, 2020 മാര്‍ച്ച് 31 -നകം www.consortiumofnlus.ac.in വഴി നടത്താം. അപേക്ഷാഫീസ് 4000 രൂപയാണ്. പട്ടികവിഭാഗക്കാര്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും 3500 രൂപയും. തുക അപേക്ഷ നല്‍കുമ്പോള്‍, ഓണ്‍ലൈനായി അടയ്ക്കാം. മുന്‍വര്‍ഷങ്ങളിലെ ക്ലാറ്റ് ചോദ്യപേപ്പര്‍, 500 രൂപ അടച്ച് വാങ്ങാം.
Content Highlights: Common law admission test 2020 CLAT
Content Highlights: