‘വീണ്ടും വീണ്ടും പോകാൻ തോന്നും'- 30 തവണ കണ്ട ഹിമാലയത്തെക്കുറിച്ച് ചിത്രന് നമ്പൂതിരിപ്പാട്

‘വീണ്ടും വീണ്ടും പോകാൻ തോന്നും’- ഹിമാലയത്തെക്കുറിച്ച് പറയുമ്പോൾ ചിത്രൻ നമ്പൂതിരിപ്പാട് പറയാറുള്ളത് ഇതാണ്. പ്രായം പോലും തടസ്സമായില്ല. 30 തവണയാണ് അദ്ദേഹം ഹിമാലയം തൊട്ടത്. ഉത്തരാഘണ്ഡ് പ്രളയത്തിന്റെ അടുത്തവർഷവും അവിടെ പോയി. തകർന്ന റോഡുകളിലൂടെ യാത്ര ചെയ്തു. എന്നാലും ഇവിടം മടുപ്പിച്ചില്ല. മുകളിലെ കടുത്ത തണുപ്പും താഴത്തെ കടുത്ത ചൂടുമെല്ലാം യാത്രാലഹരിയിൽ മറക്കുമായിരുന്നു. ഒരുമാസത്തോളമായിരുന്നു ഓരോതവണത്തെയും യാത്രകൾ.
നാഗർകോവിൽ പാർവതീപുരം മാതാജി പരമേശ്വരി ശ്രീശാരദാശ്രമത്തിലെ സംഘത്തോടൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ ഹിമാലയ യാത്രകളെല്ലാം. അവസാനയാത്രകളിൽ സംഘത്തിലെ തലമുതിർന്ന ആളും നേതാവും ചിത്രൻനമ്പൂതിരിപ്പാടായിരുന്നു. സാമവേദ പണ്ഡിതനായ ഇട്ടിരവി നമ്പൂതിരിപ്പാടിനൊപ്പം 1953-ലാണ് ആദ്യ ഹിമാലയൻ യാത്ര. 1992 മുതൽ തുടർച്ചയായി ഹിമാലയ യാത്ര നടത്തി. കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാലിടങ്ങളിലാണ് പ്രധാനമായി പോകുന്നത്.
ഹിമാലയയാത്രകളിൽ തദ്ദേശീയരായി ആത്മബന്ധമുണ്ടാക്കാനും സഹായഹസ്തം നീട്ടാനും അദ്ദേഹത്തിനായി. വിദ്യാർഥിയായ ഹിമാംശുവിനെ ചേർത്തുപിടിച്ചത് ഇതിനുദാഹരണം. പ്രളയാനന്തര ഹിമാലയയാത്രയിലാണ് ഹിമാംശുവിനെ ചിത്രൻനമ്പൂതിരിപ്പാടും സംഘവും കണ്ടെത്തിയത്. പ്രളയത്തിൽ അച്ഛനെ കാണാതായതിന്റെ ദുഃഖത്തിലായിരുന്നു പഠനത്തിൽ മിടുക്കനായ ആ കുട്ടിയും കുടുംബവും. ഒപ്പം വീടില്ലാതെ ജീവിതം വഴിമുട്ടിയ ദുഃഖവും. ഇവരെ സഹായിക്കാൻ ചിത്രൻ നമ്പൂതിരിപ്പാട് തീരുമാനിച്ചു. കൈയിലുണ്ടായിരുന്ന പണം അദ്ദേഹവും സംഘത്തിലുള്ളവരും നൽകി. ചിലർ എല്ലാമാസവും മണി ഒാർഡർ അയക്കാൻ സന്നദ്ധരായി. പലവഴികളിലുടെ കിട്ടിയ സഹായംകൊണ്ട് വീടുനിർമാണവും വിദ്യാഭ്യാസച്ചെലവും കണ്ടെത്തി. കുടുംബത്തിന്റെ ഉപജീവനത്തിനായി കടയും നിർമിച്ചുനൽകി
Content Highlights: chithran namboodiripppad, chithran namboothiripppad, latest news, malayalam news