മാറിയ പഠനകാലം; തീരാത്ത 'അവധിക്കാലം'

#ദീപാദാസ്
പ്രതീകാത്മക ചിത്രം | വര: ഗോപീകൃഷ്ണന്‍
പ്രതീകാത്മക ചിത്രം | വര: ഗോപീകൃഷ്ണന്‍

എന്തൊക്കെയായിരുന്നു സ്വപ്നങ്ങള്‍. പരീക്ഷ പാല്‍പ്പായസം കുടിക്കുംപോലെ എഴുതിത്തീര്‍ക്കണം... അവധിക്കാലം അടിപൊളിയാക്കണം, എല്ലാം മുടങ്ങി. കൂട്ടുകാരെ കണ്ടിട്ട് എത്ര കാലമായി. ശ്രീലത ടീച്ചറെന്റെ പേരോര്‍ക്കുന്നുണ്ടാകുമോ...?

കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍ സ്‌കൂളില്‍ നട്ട കുഞ്ഞുചെടികളൊക്കെ ഉണങ്ങിപ്പോയിട്ടുണ്ടാകുമോ... ഞാനും അളകയും കൂടി എന്നും വെള്ളമൊഴിക്കാറുള്ളതാണ്. ഞങ്ങളെ കൊണ്ടുപോകുന്ന വണ്ടിയിലെ ഡ്രൈവര്‍ മാമന്‍ ഇപ്പോള്‍ എന്തു ചെയ്യുന്നോ ആവോ... വണ്ടി ഓടിക്കാതെ ആ മാമന് എങ്ങനെ പൈസ കിട്ടാനാ..

അവധിക്കാലം അഞ്ചാം മാസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഇത്തരം ആശങ്കകള്‍ പങ്കുവെക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ ചുറ്റുമുണ്ട്. നീണ്ട അവധിക്കാലം കുടുംബബന്ധങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നതു സത്യം. ഓണ്‍ലൈന്‍ പഠനരീതികളും നമുക്ക് വഴങ്ങുമെന്ന് തെളിയിച്ച കാലം കൂടിയാണിത്. എന്നാല്‍, പഠനം എന്നത് പാഠപുസ്തകങ്ങളില്‍ ഒതുങ്ങുന്നതല്ലെന്നും സൗഹൃദങ്ങള്‍ക്കും പുറംകാഴ്ചകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്നും നമ്മള്‍ ഓര്‍ക്കുന്നു; അത് നഷ്ടപ്പെടുന്നത് നമ്മെ അലട്ടുന്നു. അനിശ്ചിതമായി നീളുന്ന അവധിക്കാലത്തെക്കുറിച്ചുള്ള ചില ചിന്തകള്‍

കുട്ടികളെ നേരില്‍ക്കണ്ട് പരിചയപ്പെട്ടശേഷം ഓണ്‍ലൈന്‍ പഠനം

പ്രിയപ്പെട്ട കുട്ടികളെ ഭംഗിയായി യാത്രയാക്കാന്‍പോലും സാധിച്ചില്ലല്ലോ എന്ന സങ്കടമായിരുന്നു ആദ്യം. ജൂണ്‍ പിറന്നപ്പോള്‍ വേറൊന്നായി സങ്കടം 20 വര്‍ഷമായി സ്‌കൂള്‍ തുറക്കുന്ന ദിവസം ആഘോഷമാണ്. ഒന്നാംക്ലാസ് അധ്യാപികയായ എനിക്ക് ഓരോ മുഖവും പുതിയതാണ്. അവരോടൊപ്പം ആടിയുംപാടിയും അപരിചിതത്വത്തെ മായ്ച്ചുകളയുകയെന്നതാണ് ശ്രമകരമായ ആദ്യ ജോലി. അപ്പോഴെല്ലാം ലഭിക്കുന്ന അളവറ്റ സന്തോഷമാണ് ഈ മഹാമാരിയില്‍ ഇല്ലാതായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഴുവന്‍ കുട്ടികളെയും നേരില്‍ക്കണ്ട് പരിചയപ്പെട്ടശേഷമാണ് ഓണ്‍ലൈന്‍ പഠനം തുടങ്ങിയത്. അത് നന്നായി മുന്നോട്ടുപോകുന്നു.
- ചിത്ര ഗോപാലകൃഷ്ണന്‍ (അധ്യാപിക, ഓട്ടുപാറ ഗവ. എല്‍.പി.സ്‌കൂള്‍)

പുതിയ സ്‌കൂള്‍ കാണാന്‍ കൊതി

മറ്റം സെയ്ന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നത് ഇക്കൊല്ലമാണ്. ഏഴാംക്ലാസുവരെ കൂനംമൂച്ചി സെന്റ് തോമസ് സ്‌കൂളിലായിരുന്നു. പുതിയ സ്‌കൂള്‍ കാണാന്‍ നല്ല കൊതിയുണ്ട്. അവിടെ പത്താം ക്ലാസില്‍ പഠിക്കുന്ന ചേട്ടന്‍ റെമോ പറഞ്ഞതാണ് സ്‌കൂളിനെപ്പറ്റിയുള്ള അറിവ്. കുന്നിന്‍പുറത്തെ സ്‌കൂള്‍... മനോഹരമായ മുറ്റം...തണല്‍ മരങ്ങള്‍. .അവിടത്തെ അധ്യാപകര്‍. ചേട്ടന്‍ എല്ലാം വിശദമായി പറയുമ്പോള്‍ മനസ്സില്‍ സ്‌കൂള്‍ച്ചിത്രങ്ങള്‍ തെളിഞ്ഞു വരും. പക്ഷേ, അതൊന്ന് അനുഭവിക്കാന്‍ പറ്റാത്തതിന്റെ സങ്കടം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
-ഇഗ്‌നേഷ്യസ് (സെന്റ് ഫ്രാന്‍സിസ് എച്ച്.എസ്.എസ്., മറ്റം)

കൂട്ടായ്മയിലൂടെ ഞങ്ങള്‍ അതിജീവിച്ചു

രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തിലൂടെയാണ് കോവിഡ് പ്രതിസന്ധിയെ ദേവമാത സ്‌കൂള്‍ അതിജീവിച്ചത്. വീട്ടിലിരുന്ന് ഒന്നു മുതല്‍ ഒമ്പതുവരെയുള്ള കുട്ടികള്‍ പരീക്ഷ എഴുതിയെന്നതാണ് ആദ്യത്തെ അനുഭവം. തുടര്‍ന്ന് രണ്ടുമാസം അവധിക്കാലം കിട്ടിയപ്പോള്‍ ലോക്ഡൗണായെങ്കിലും വീട്ടിലിരുന്ന് സംഗീതം, നൃത്തം, ചിത്രരചന, ക്രാഫ്റ്റ്, യോഗ എന്നിവ പരിശീലിച്ചു. ഡിജിറ്റല്‍ ഓണ്‍ലൈന്‍ പഠനമാണ് മറ്റൊന്ന്. ക്ലാസുകള്‍, അസൈന്‍മെന്റുകള്‍, നോട്ടുകള്‍, പരീക്ഷകള്‍ തുടങ്ങിയവ ആധുനിക ദ്യശ്യ-ശ്രാവ്യമാധ്യമ രീതികളിലൂടെ വിദ്യാര്‍ഥികളിലെത്തിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും ക്ഷേമം സംരക്ഷിച്ചും കോവിഡ് കാലത്തെ പ്രതിസന്ധിയെ നേരിടുകയാണ്.
-ഫാ. ഷാജു എടമന (പ്രിന്‍സിപ്പല്‍, ദേവമാത സ്‌കൂള്‍, തൃശ്ശൂര്‍)

മക്കള്‍ക്ക് മുന്നില്‍ നല്ല കേള്‍വിക്കാരിയായി

പല പ്രായത്തിലുള്ള മൂന്ന് കുട്ടികളുടെ അമ്മ എന്ന നിലയില്‍ ഈ നീണ്ട അവധിക്കാലം വളരെ സന്തോഷപ്രദമായിരുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ പലപ്പോഴും പരസ്പരം മനസ്സ് തുറക്കാന്‍ കഴിയാറില്ല. ഈ അവധിക്കാലത്ത് നല്ലൊരു കേള്‍വിക്കാരിയായിമാറി. മക്കള്‍ക്ക് പരസ്പരം സ്‌നേഹവും സഹകരണവും കൂടിയിട്ടുണ്ട്. ചെറിയ തല്ലുകൂടലുകളില്‍പോലും ദേഷ്യമല്ല വരുന്നത്, സ്‌നേഹമാണ്. കുട്ടികള്‍ കുറച്ചെങ്കിലും സ്വയംപര്യാപ്തരായി. അവരുടെ കഴിവുകള്‍ കൂടുതല്‍ തിരിച്ചറിഞ്ഞു.
-ശ്രീജ എം.എസ്., കൊരട്ടി

ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രാധാന്യമുണ്ട്

മധ്യവേനലവധിക്കാലംതന്നെ എനിക്ക് വിരസത പകരുന്നതാണ്. ആ എനിക്ക് മാര്‍ച്ച് പകുതിമുതല്‍ ഇന്നുവരെയുള്ള അവസ്ഥ വിസ്തരിക്കാന്‍ കഴിയില്ല. ഈ അധ്യയനവര്‍ഷത്തിലെ ഏറ്റവും വലിയ നഷ്ടം വായനപക്ഷാചരണമായി ഞാന്‍ കാണുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു പ്രവര്‍ത്തനമാണത്. വിദ്യാലയം അടച്ചിട്ട അവസ്ഥയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സങ്കടങ്ങളും വിരസതയും ഏറെയാണ്. ഇക്കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രാധാന്യമുണ്ട്. കുട്ടികളോട് സംസാരിച്ചതിനുശേഷം രക്ഷിതാക്കളോട് സംസാരിക്കുകയും കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്യുന്നു. ഇത് ഒരു പരിധിവരെ നിലവിലെ വിദ്യാലയ അകല്‍ച്ച കുറയ്ക്കാന്‍ ഉപകരിച്ചിട്ടുണ്ട്.
-ബാബു കോടശ്ശേരി (അധ്യാപകന്‍, നടവരമ്പ് എല്‍.പി.എസ്.)

അവധിക്കാലം മടുത്തു തുടങ്ങി...

സ്‌കൂളൊന്നു തുറന്നാല്‍ മതിയെന്നായി. കൂട്ടുകാരെ കാണാം, ടീച്ചര്‍മാരെ അടുത്തുകിട്ടും. ഇതിപ്പോള്‍ എത്രയായി. ഓണ്‍ലൈന്‍ ക്ലാസൊക്കെ അറ്റന്‍ഡ് ചെയ്യും. പക്ഷേ, ഇടയ്ക്ക് കറന്റുണ്ടാകില്ല. ടീച്ചര്‍മാര്‍ മൊബൈലില്‍ നോട്സ് അയയ്ക്കും. പക്ഷേ, ഇവിടെ സിഗ്‌നല്‍ കുറവാ. വല്ലപ്പോഴേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. അച്ഛനും അമ്മയും രാവിലെ ബന്ധുക്കളോടൊപ്പം കാട്ടില്‍ പോകും, തേനും മറ്റും ശേഖരിക്കാന്‍. പിന്നെ, ഞാനും അനിയത്തി വൈഗയും കൂട്ടുകാരോടൊപ്പം കുറച്ചു കളിക്കും. വൈകീട്ടാണ് ഓണ്‍ലൈന്‍ ക്ലാസ്. ടീച്ചര്‍ അടുത്തുനിന്ന് പറഞ്ഞുതരുന്ന പോലെയൊന്നും ആകുന്നില്ല. സംശയങ്ങള്‍ ചോദിക്കാനും പറ്റുന്നില്ല.
-വൈഷ്ണവി (പ്ലസ്ടു വിദ്യാര്‍ഥിനി, എം.ആര്‍.എം. സ്‌കൂള്‍, ചാലക്കുടി)

Content Highlights: Changing trends of education; tensions and considerations during covid-19 pandemic times

Content Highlights: