ഐടി/കംപ്യൂട്ടർ സയൻസ് ബിരുദപഠനത്തിന് ബ്രിഡ്ജ് കോഴ്‌സ്

തിരുവനന്തപുരം: ഈ വർഷം പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന എൻജിനിയറിങ് സയൻസ് വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ്.കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) പൈതൺ പ്രോഗ്രാമിങ്ങിലും സ്വതന്ത്ര സോഫ്റ്റ്‌വേറിലും ഹാർഡ്‌വേറിലും ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽവെച്ച് രണ്ടു ബാച്ചുകളായാണ് പ്രോഗ്രാം. ആദ്യബാച്ച് മേയ് 26 മുതൽ 31 വരെയും രണ്ടാം ബാച്ച് ജൂൺ ഒൻപതുമുതൽ 14 വരെയുമാണ്.
ആറുദിവസം നീണ്ടുനിൽക്കുന്ന പ്രോഗ്രാം ഹയർ സെക്കൻഡറി പൂർത്തീകരിച്ച് എൻജിനിയറിങ്, സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്നവർക്കാണ്.
ഓഫ് ലൈൻ മോഡിൽ (രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ) നടത്തുന്ന കോഴ്‌സ്, സ്‌കൂളിൽനിന്ന് കോളേജിലേക്കുള്ള പരിവർത്തനകാലയളവിൽ പ്രയോജനകരമാകും. പ്രാക്ടിക്കൽ അധിഷ്ഠിത സെഷനുകളിലൂടെ വരാനിരിക്കുന്ന പ്രോഗ്രാമിൽ ശക്തമായ അടിത്തറയുണ്ടാക്കാനാവശ്യമായ അറിവ് ഈ കോഴ്‌സിൽനിന്നു ലഭിക്കും. ഈ മേഖലയിലെ വിദഗ്ധരുമായി നിരന്തരം സംവദിക്കാനും സാധിക്കുന്നതാണ്. ഒരാൾക്ക് 4000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. അവസാന തീയതി: മേയ് 22. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: icfoss.in/event-details/210c സന്ദർശിക്കുക | 7356610110 | 471 2413012/13/14 | 9400225962
Content Highlights: Python & Open Source Bridge Course for Engineering Aspirants