ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി അലോട്മെൻറ്,ആദ്യ റൗണ്ട് രജിസ്ട്രേഷൻ തുടങ്ങി

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം | Image: Freepik
പ്രതീകാത്മക ചിത്രം | Image: Freepik

ആയുഷ് ബിരുദ പ്രോഗ്രാമുകളിലെ 2025-ലെ അഖിലേന്ത്യാതല അലോട്മെന്റ് നടപടികൾ aaccc.gov.in -ൽ ആരംഭിച്ചു.

പ്രോഗ്രാമുകൾ

ബിരുദതല ആയുർവേദ (ബിഎഎംഎസ്), യുനാനി (ബിയുഎംഎസ്), സിദ്ധ (ബിഎസ്എംഎസ്), ഹോമിയോപ്പതി (ബിഎച്ച്എംഎസ്), ആയുർവേദ ഫാർമസി (ബിഫാം ആയുർവേദ) എന്നീ കോഴ്സുകളിലെ നിശ്ചിത സീറ്റുകളിലേക്കാണ് ആയുഷ്‌ അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ്‌ കമ്മിറ്റി (എഎസിസിസി) അഖിലേന്ത്യാതല അലോട്മെൻറ് നടത്തുന്നത്.

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2025 റാങ്ക് അടിസ്ഥാനമാക്കിയാണ് അലോട്മെന്റ്. ഈ പ്രോഗ്രാമുകളിലെ ഗവൺമെൻറ്, ഗവൺമെൻറ്/എയ്ഡഡ് കോളേജുകളിലെ/സ്ഥാപനങ്ങളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കും ദേശീയസ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശാലകൾ, കല്പിത സർവകലാശാലകൾ എന്നിവയിലെ നിശ്ചിത സീറ്റുകളിലേക്കുമാണ് പ്രവേശനം.

സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ് കോഴ്സുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ അലോട്മെൻറ്്‌ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നില്ല. ഈ സീറ്റുകൾ ബന്ധപ്പെട്ട സംസ്ഥാന കൗൺസലിങ് ഏജൻസികൾ (കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ) നികത്തും.

സ്ഥാപനങ്ങൾ, സീറ്റ് വിഹിതം

• സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവൺമെൻറ്, ഗവൺമെൻറ് എയ്ഡഡ് കോളേജുകളിലെ ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ

• ബിഎഎംഎസ്: ബിഎച്ച്‌യു (വാരാണസി), ഐടിആർഎ (ജാംനഗർ), എൻഐഎ (ജയ്‌പുർ), എൻഐഎ (പഞ്ച്കുല) - നാലിലെയും മുഴുവൻ സീറ്റുകൾ; എഐഐഎ (ഗോവ), എൻഇഐഎ ആൻഡ് എച്ച് (ഷില്ലോങ്), എൻഇഐഎ ആൻഡ് എഫ്എംആർ (പാസിഗട്ട്) -മൂന്നിലെയും 50 ശതമാനംവീതം സീറ്റുകൾ

• ബിഎച്ച്എംഎസ്: എൻഐഎച്ച് (കൊൽക്കത്ത) -മുഴുവൻ സീറ്റുകൾ; എൻഇഐഎ ആൻഡ് എച്ച് (ഷില്ലോങ്) - 50 ശതമാനം സീറ്റുകൾ

• ബിഎസ്എംഎസ്: എൻഐഎസ് (ചെന്നൈ) -മുഴുവൻ സീറ്റുകൾ

• ബിയുഎംഎസ്: എഎംയു (അലിഗഢ്‌) -50 ശതമാനം സീറ്റുകൾ.

• ബിഫാം ആയുർവേദ: ഐടിആർഎ ജാംനഗർ, ഗുജറാത്ത് -ഓൾ ഇന്ത്യാ ക്വാട്ട സീറ്റുകൾ

ചില സ്ഥാപനങ്ങളിലെ നോമിനേഷൻ സീറ്റുകൾ ഇതിൽ ഉൾപ്പെടില്ല.

• കല്പിത സർവകലാശാലകൾ: ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് - മുഴുവൻ സീറ്റുകൾ

സംവരണ വ്യവസ്ഥകൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.

കല്പിത സർവകലാശാലകളിലെ എല്ലാ സീറ്റുകളും ഡൊമിസൈൽ ഫ്രീ ആണ് (രാജ്യത്ത് എവിടെ ഉള്ളവർക്കും അപേക്ഷിക്കാം). ഈ സീറ്റുകൾക്ക് കേന്ദ്ര റിസർവേഷൻ ബാധകമല്ല. എന്നാൽ, ചില സ്ഥാപനങ്ങളിൽ ജയിൻ/മുസ്‌ലിം മൈനോറിറ്റി സീറ്റുകൾ ഉണ്ടാകാം.

റൗണ്ടുകൾ

എല്ലാ വിഭാഗ സ്ഥാപനങ്ങൾക്കും റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്ട്രേ വേക്കൻസി റൗണ്ട് (I, II) എന്നിവ ഉണ്ടാകും. എഎസിസിസി ഓൺലൈൻ ആയി ഇവ നടത്തും. ഓരോ റൗണ്ടിനും ബാധകമായ വ്യവസ്ഥകൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.

രജിസ്ട്രേഷൻ

ഒന്നുമുതൽ മൂന്നുവരെയുള്ള റൗണ്ടുകളിലും സ്ട്രേ റൗണ്ട് l-ലും പുതിയ രജിസ്ട്രേഷൻ ഉണ്ടാകും. ഈ റൗണ്ടുകളിലും പുതിയ ചോയ്സ് ഫില്ലിങ് എല്ലാവർക്കും നിർബന്ധമാണ്.

ആദ്യ റൗണ്ടിൽ രജിസ്റ്റർചെയ്യാത്തവർക്ക് രണ്ടാം റൗണ്ടിലേക്ക് രജിസ്റ്റർചെയ്യാം. ആദ്യ രണ്ടു റൗണ്ടുകളിൽ രജിസ്റ്റർചെയ്യാൻകഴിയാതെ പോയവർക്ക് മൂന്നാം റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യാം.

എഎസിസിസി-യുജി കൗൺസലിങ്ങിന് ഒന്നാം/രണ്ടാം/മൂന്നാം റൗണ്ടിൽ രജിസ്റ്റർചെയ്ത, ഈ കൗൺസലിങ് വഴിയോ സംസ്ഥാന/കേന്ദ്രഭരണപ്രദേശ കൗൺസലിങ് വഴിയോ ഒരുസീറ്റും ലഭിച്ചിട്ടില്ലാത്തവർ, ആദ്യ മൂന്നു റൗണ്ടുകളിലും എഎസിസിസി-യുജി കൗൺസലിങ്ങിന് രജിസ്റ്റർചെയ്യാത്ത, സംസ്ഥാന/കേന്ദ്രഭരണപ്രദേശ കൗൺസലിങ് വഴി ഒരു സീറ്റും ലഭിച്ചിട്ടില്ലാത്തവർ എന്നിവർക്ക് സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് രജിസ്റ്റർചെയ്യാം.

പങ്കെടുക്കാൻ അർഹതയുള്ളവർ ഈ നാലു റൗണ്ടുകളിലും പുതിയ ചോയ്സുകൾ നിർബന്ധമായും നൽകണം. തലേ റൗണ്ടിലെ ചോയ്സുകൾ/അവശേഷിക്കുന്ന ചോയ്സുകൾ അടുത്ത റൗണ്ടിൽ പരിഗണിക്കുകയില്ല.

രണ്ടാം സ്ട്രേ റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷൻ ഉണ്ടാകില്ല. പുതിയ ചോയ്സ് ഫില്ലിങ് ഉണ്ടാകില്ല.

ചോയ്സ് നൽകാൻ ഫീ അടയ്ക്കണം

അലോട്മെൻറ് പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രവേശനം തേടുന്ന സ്ഥാപനങ്ങൾക്കനുസരിച്ച് രജിസ്ട്രേഷൻ ഫീ (തിരികെ ലഭിക്കില്ല), സെക്യൂരിറ്റി തുക (വ്യവസ്ഥകൾക്കു വിധേയമായി തിരികെ ലഭിക്കാം) എന്നിവ അടയ്ക്കണം. അതിനുശേഷമേ ചോയ്സ് ഫില്ലിങ് നടത്താൻകഴിയൂ.

നടപടികൾ ഏഴ് ഘട്ടങ്ങളിലായി

രജിസ്ട്രേഷൻ, ഫീ അടയ്ക്കൽ (രജിസ്ട്രേഷൻ ഫീയും സെക്യൂരിറ്റി തുകയും), ചോയ്സ് ഫില്ലിങ്, സീറ്റ് അലോട്മെൻറ് പ്രോസസിങ്, പ്രൊവിഷണൽ അലോട്മെൻറ് പ്രസിദ്ധപ്പെടുത്തൽ, ഫൈനൽ അലോട്മെൻറ് പ്രസിദ്ധപ്പെടുത്തൽ, അലോട്ട്‌ ചെയ്യപ്പെട്ട കോളേജിൽ ഫിസിക്കൽ റിപ്പോർട്ടിങ് എന്നിങ്ങനെയുള്ള ഏഴു ഘട്ടങ്ങളിലായി ഓരോ റൗണ്ടും മുന്നോട്ടുപോകും.

ആദ്യ റൗണ്ട് അലോട്മെൻറിൽ പങ്കെടുക്കാൻ aaccc.gov.in വഴി സെപ്‌റ്റംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ട് വരെ രജിസ്റ്റർചെയ്യാം. രജിസ്ട്രേഷൻ ഫീ, സെക്യൂരിറ്റി തുക എന്നിവ ഓൺലൈൻ ആയി സെപ്‌റ്റംബർ ഒന്നിന് വൈകീട്ട് അഞ്ചിനകം അടയ്ക്കണം.

രജിസ്ട്രേഷൻ ഫീസ്/സെക്യൂരിറ്റി തുക

രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ തുക അടയ്ക്കാനുള്ള പേജ് വരും. ചോയ്സ് നൽകുന്നതിനു മുൻപായി, പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾക്കനുസരിച്ച്, തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീസും തിരികെ ലഭിക്കാവുന്ന (ചില സാഹചര്യങ്ങളിൽ) സെക്യൂരിറ്റി ഫീയും ഓൺലൈനായി അടയ്ക്കണം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ വഴി തുക അടയ്ക്കാം.

കല്പിത സർവകലാശാലയിൽ ചോയ്സ് നൽകണമെങ്കിൽ എല്ലാവിഭാഗം വിദ്യാർഥികളും രജിസ്ട്രേഷൻ ഫീസായി 5000 രൂപ അടയ്ക്കണം. സെക്യൂരിറ്റി തുകയായി 50,000 രൂപയും (മൊത്തം അൻപത്തിഅയ്യായിരം രൂപ).

സർക്കാർവിഭാഗ കൗൺസലിങ്ങിൽ മാത്രം (കല്പിത സർവകലാശാല ഒഴികെയുള്ളതെല്ലാം) പങ്കെടുക്കാൻ, യുആർ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗക്കാർ രജിസ്ട്രേഷൻ ഫീസായി 1000 രൂപയും സെക്യൂരിറ്റി ഫീ ആയി 20,000 രൂപയും അടയ്ക്കണം (മൊത്തം ഇരുപത്തോരായിരം രൂപ). പട്ടിക/ഭിന്നശേഷി വിഭാഗക്കാർ യഥാക്രമം 500 രൂപയും 20,000 രൂപയും (മൊത്തം ഇരുപതിനായിരത്തി അഞ്ഞൂറുരൂപ) അടയ്ക്കണം.

കല്പിത സർവകലാശാലകളിലും സർക്കാർവിഭാഗം സ്ഥാപനങ്ങളിലും (കൗൺസലിങ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും) ചോയ്സ് നൽകാൻ ആഗ്രഹിക്കുന്നവർ കൂടിയതുകയായ 5000 രൂപ, 50,000 രൂപ യഥാക്രമം രജിസ്ട്രേഷൻ ഫീസായും സെക്യൂരിറ്റി ഫീയായും നൽകണം.

രണ്ടാം റൗണ്ടിലോ തുടർറൗണ്ടുകളിലൊ സീറ്റ് അനുവദിക്കപ്പെടുന്നവർ സ്ഥാപനത്തിൽ പ്രവേശനം നേടാതിരുന്നാൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. മറ്റു ചില സാഹചര്യങ്ങളിലും ഈ തുക നഷ്ടപ്പെടാം.

സമയക്രമം

ഫീസടച്ചശേഷം ചോയ്സ് ഫില്ലിങ് ഓഗസ്റ്റ് 26 മുതൽ സെപ്‌റ്റംബർ ഒന്നിന് രാത്രി 11.55 വരെ നടത്താം. ഒരു പ്രോഗ്രാമും ഒരു സ്ഥാപനവും ചേരുന്നതാണ് ഒരു ചോയ്സ്. അടച്ച സെക്യൂരിറ്റി ഫീ അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന എല്ലാ ചോയ്സുകളും അപേക്ഷാർഥിക്ക് തന്റെ ചോയ്സ് രജിസ്ട്രേഷൻ പേജിൽ കാണാൻ കഴിയും. അവയിൽനിന്നു മുൻഗണന നിശ്ചയിച്ച് താത്‌പര്യമുള്ളത്രയും ചോയ്സുകൾ തിരഞ്ഞെടുത്ത് രജിസ്റ്റർചെയ്യാം.

ചോയ്സ് ലോക്കിങ് സൗകര്യം ഒന്നിന് ഉച്ചയ്ക്ക് രണ്ടുമുതൽ അന്ന് രാത്രി 11.55 വരെ ഉണ്ടാകും. ലോക്കു ചെയ്യുംവരെ, ഒരിക്കൽ നൽകിയ ചോയ്സുകൾ എത്രതവണ വേണമെങ്കിലും മാറ്റിക്രമീകരിക്കാം. സമയപരിധിക്കകം ചോയ്സുകൾ ലോക്കുചെയ്തില്ലെങ്കിൽ സിസ്റ്റം കട്ട് ഓഫ് സമയത്ത് ചോയ്സുകൾ ലോക്കുചെയ്യും.

ആദ്യ റൗണ്ട് അലോട്മെൻറ് ഫലം നാലിന് പ്രഖ്യാപിക്കും. അലോട്ട്‌ ചെയ്യപ്പെട്ട സ്ഥാപനത്തിൽ പ്രവേശനംനേടാൻ അഞ്ചുമുതൽ 12 വരെ സമയമുണ്ടാകും.

ആദ്യ റൗണ്ടിൽ പ്രവേശനം നേടിയാൽ

ആദ്യ അലോട്മെന്റ് പ്രകാരം ഒരു കോളേജിൽ/സ്ഥാപനത്തിൽ പ്രവേശനം നേടുന്നവർ രണ്ടാം റൗണ്ടിൽ എങ്ങനെ തന്നെ പരിഗണിക്കണമെന്ന് പ്രവേശനം നേടുന്ന വേളയിൽ വ്യക്തമാക്കണം.

രണ്ടാം റൗണ്ടിൽ മെച്ചപ്പെട്ട ഒരു ചോയ്സിലേക്ക് താത്‌പര്യമുണ്ടെങ്കിൽ ആദ്യ റൗണ്ട് പ്രവേശനം നേടുമ്പോൾ ‘അപ്ഗ്രഡേഷൻ’ ഓപ്ഷൻ സ്ഥാപനത്തിൽ നൽകണം.

കിട്ടിയ സീറ്റിൽ പൂർണതൃപ്തിയുണ്ടെങ്കിൽ മറ്റൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ ‘അപ്ഗ്രഡേഷൻ’ സൗകര്യം വേണ്ടെന്നുവെക്കാം. അങ്ങനെ ചെയ്താൽ പ്രവേശനംനേടിയ സീറ്റിൽ തുടരാം. തുടർറൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല.

അപ്ഗ്രഡേഷൻ കൊടുത്താൽ

രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റു ചെയ്യുന്ന ആൾ രണ്ടാംറൗണ്ടിലേക്കുള്ള ചോയ്സ് ഫില്ലിങ് ആരംഭിക്കുമ്പോൾ പുതിയ ചോയ്സുകൾ നൽകണം (പുതിയ രജിസ്ട്രേഷൻ വേണ്ടാ). ആദ്യ റൗണ്ടിലെ അവശേഷിക്കുന്ന ചോയ്സുകൾ പരിഗണിക്കില്ല. രണ്ടാം റൗണ്ടിലേക്ക് നൽകുന്ന പുതിയ ചോയ്സുകളിൽ ഒന്ന് അനുവദിക്കുന്നപക്ഷം, ആദ്യ റൗണ്ടിലെ സീറ്റ് നഷ്ടപ്പെടും (കാരണം, മറ്റൊരാൾക്ക് അത് അനുവദിച്ചിരിക്കും). പുതിയ സീറ്റിൽ പ്രവേശനം നേടുന്നില്ലെങ്കിൽ രണ്ടാം റൗണ്ടിൽ അലോട്ടുചെയ്ത സീറ്റും നഷ്ടപ്പെടും. കൂടാതെ, അടച്ച സെക്യൂരിറ്റി തുകയും നഷ്ടപ്പെടും. രണ്ടാം റൗണ്ടിൽ മാറ്റം വരുന്നില്ലെങ്കിൽ ആദ്യ അഡ്മിഷൻ നിലനിൽക്കും. അപ്ഗ്രഡേഷൻ തിരഞ്ഞെടുത്തശേഷം രണ്ടാം റൗണ്ടിലേക്ക് ചോയ്സ് ഫില്ലിങ് നടത്താതിരുന്നാൽ ആദ്യ റൗണ്ട് പ്രവേശനം നിലനിൽക്കും.

ആദ്യ റൗണ്ടിൽ ‘ഫ്രീ എക്സിറ്റ്’

കൗൺസലിങ്ങിന്റെ ആദ്യ റൗണ്ടിൽ അലോട്മെന്റ് കിട്ടുന്നവർക്ക് പ്രവേശനം നേടാൻ താത്‌പര്യമില്ലെങ്കിൽ ആ അലോട്മെന്റ് വേണ്ടെന്നുവെക്കാം. സ്ഥാപനത്തിൽ പോകേണ്ടതില്ല. അവർക്ക് അലോട്മെൻറ് നഷ്ടപ്പെടും. ഡിപ്പോസിറ്റ് നഷ്ടപ്പെടില്ല (ഫ്രീ എക്സിറ്റ്).

രണ്ടാം റൗണ്ടിൽ അവർക്ക് പങ്കെടുക്കാനും കഴിയും. പുതിയ രജിസ്ട്രേഷൻ അതിനായി നടത്തേണ്ടതില്ല. പക്ഷേ, പുതിയ ചോയ്സ് കൊടുക്കണം.

ആദ്യ റൗണ്ട് സീറ്റ് പ്രവേശനം നേടിയശേഷവും ഫ്രീ എക്സിറ്റ് എടുക്കാം. രണ്ടാം റൗണ്ട് ഫൈനൽ ഫലം പ്രഖ്യാപിക്കുന്ന തീയതിവരെ (ഫലം പ്രഖ്യാപിക്കുന്ന തീയതി ഒഴികെ) സീറ്റ് വേണ്ടെന്നുവെക്കാം. രണ്ടാം റൗണ്ടിൽ പ്രവേശനം നേടുന്നവർക്ക് താത്‌പര്യമുള്ളപക്ഷം മൂന്നാം റൗണ്ടിലേക്ക് അപ്ഗ്രഡേഷന് അവസരം ഉണ്ട്. രണ്ടാം റൗണ്ട് മുതലുള്ള വ്യവസ്ഥകൾ വെബ്സൈറ്റിലുള്ള ‘ഇൻഫർമേഷൻ ബുള്ളറ്റിൻ, കൗൺസലിങ്‌ സ്കീം ആൻഡ്‌ എഫ്എക്യു’-ൽ നൽകിയിട്ടുണ്ട്. രണ്ടാം റൗണ്ട് നടപടികൾ 17-ന് തുടങ്ങും. അലോട്മെൻറ് 25-ന്. പ്രവേശനം 26-നും ഒക്ടോബർ മൂന്നിനും ഇടയ്ക്ക്‌. മൂന്നാം റൗണ്ട് നടപടികൾ ഒക്ടോബർ ആറുമുതൽ. മൂന്നാം അലോട്മെൻറ് 16-ന്. പ്രവേശനം 17-നും 24-നും ഇടയ്ക്ക്.

വിവരങ്ങൾക്ക്: aaccc.gov.in -ലെ ഇൻഫർമേഷൻ ബുള്ളറ്റിൻ കാണുക

പ്രവേശന സാധ്യതകൾ

2024-ൽ എഎസിസിസി ആദ്യ അലോട്മെൻറിൽ വിവിധ കോഴ്സുകളിൽ, ജനറൽ വിഭാഗത്തിൽ ദേശീയതലത്തിൽ അലോട്മെൻറ് ലഭിച്ച അവസാന നീറ്റ് യുജി 2024 റാങ്കുകൾ ഇപ്രകാരമായിരുന്നു.

• ബിഎഎംഎസ്: സെൻട്രൽ യൂണിവേഴ്സിറ്റി/നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗം (സിഎൻ) -55,265, ഗവൺമെൻറ് (ജി) -79,147, ഗവ. എയ്ഡഡ് (എ) -90,534

• ബിഎച്ച്എംഎസ്: സിഎൻ. -1,12,148, ജി -1,61,331, എ -1,56,503

• ബിയുഎംഎസ്: സിഎൻ -58,029, ജി -95,778

• ബിഎസ്എംഎസ്: സിഎൻ -1,08,938, ജി -1,21,400

• ബിഫാം ആയുർവേദ: ജി -1,63,053

കേരളത്തിൽനിന്നു എഎസിസിസി അലോട്മെൻറിൽ ഉൾപ്പെട്ടിരുന്ന ആയുർവേദ/ഹോമിയോപ്പതി കോളേജുകളിലെ ആദ്യ റൗണ്ട് അലോട്മെൻറ് ജനറൽ വിഭാഗം അവസാന റാങ്കുകൾ: ബിഎഎംഎസ്‌ (ആയുർവേദ കോളേജുകൾ): തിരുവനന്തപുരം -59,754, കണ്ണൂർ -78.113, എറണാകുളം -79,147, കോട്ടയ്ക്കൽ -75,117, ഒല്ലൂർ -85,191

ബിഎച്ച്എംഎസ് (ഹോമിയോ കോളേജുകൾ): തിരുവനന്തപുരം -96,466, കോഴിക്കോട് -60,533, വിദ്യാധിരാജ -1,36,860, ആതുരാശ്രമം -1,43,794, ഡോ. പാടിയാർ -1,17,349. 2024-ലെ പ്രവേശനരീതികൾ അതേപോലെ 2025-ൽ ആവർത്തിക്കണമെന്നില്ല.

Content Highlights: AYUSH 2025 All India Allotment Started