മാറ്റങ്ങളോടെ വി.എച്ച്.എസ്.ഇ. പഠനം; ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം

ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം സാങ്കേതിക നൈപുണിയും നേടണമെങ്കില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വി.എച്ച്.എസ്.ഇ.) പഠനം തുടങ്ങാം. ഇഷ്ടപ്പെട്ട ഒരു തൊഴില്‍മേഖല തിരഞ്ഞെടുക്കാം. പരിശീലനംനേടി ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റും സ്‌കില്‍ സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കാം. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിം വര്‍ക്കിന്റെ (എന്‍.എസ്.ക്യു.എഫ്.) ഭാഗമാണ് കോഴ്സുകള്‍.
യോഗ്യത
എസ്.എസ്.എല്‍.സി. (കേരള സിലബസ്). ഓരോ പേപ്പറിനും ഡിപ്ലസ് ഗ്രേഡോ തത്തുല്യ സ്‌കോറോ നേടി ഉന്നതപഠനത്തിന് യോഗ്യതനേടണം.
കോഴ്സുകള്‍
വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ശേഷി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ കോഴ്സും തയ്യാറാക്കിയത്.
*ഗ്രൂപ്പ് എ: അഗ്രിക്കള്‍ച്ചര്‍ മെഷിനറി ഓപ്പറേറ്റര്‍, ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാര്‍, ഗ്രാഫിക്‌സ് ഡിസൈന്‍, ജൂനിയര്‍ സോഫ്റ്റ്വേര്‍ െഡവലപ്പര്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ ഉള്‍പ്പെടെ 17 കോഴ്സുകള്‍. കൂടാതെ ഇംഗ്ലീഷ്, ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളും.
*ഗ്രൂപ്പ് ബി: അസിസ്റ്റന്റ് ഫാഷന്‍ ഡിസൈനര്‍, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡെന്റല്‍ അസിസ്റ്റന്റ്, ഫിഷ് ആന്‍ഡ് സീഫുഡ് പ്രൊസസിങ് ടെക്നീഷ്യന്‍, ഗാര്‍ഡനര്‍, മെഡിക്കല്‍ എക്യുപ്മെന്റ് ടെക്നീഷ്യന്‍, മൈക്രോ ഇറിഗേഷന്‍ ടെക്നീഷ്യന്‍, സ്പീച്ച് ആന്‍ഡ് ഓഡിയോ തെറാപ്പി അസിസ്റ്റന്റ് ഉള്‍പ്പെടെ 23 കോഴ്സുകള്‍. ഇംഗ്ലീഷ്, ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിക്കണം.
*ഗ്രൂപ്പ് സി: ടൂര്‍ ഗൈഡ്. ഇംഗ്ലീഷ്, ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, ഹിസ്റ്ററി, ജോഗ്രഫി, ഇക്കണോമിക്‌സ്
*ഗ്രൂപ്പ് ഡി: ബിസിനസ് കറസ്‌പോണ്ടന്റ് ആന്‍ഡ് ബിസിനസ് ഫെസിലിറ്റേറ്റര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ട് ആന്‍ഡ് പബ്ലിഷിങ്, ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവ് ഉള്‍പ്പെടെ അഞ്ച് കോഴ്സുകള്‍. ഇംഗ്ലീഷ്, ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് വിഷയങ്ങള്‍ പഠിക്കാം.
കോഴ്സ് ദൈര്‍ഘ്യം
രണ്ടുവര്‍ഷം. തൊഴില്‍ പരിശീലനവുമുണ്ടാകും. ഗ്രൂപ്പ് ബി വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓപ്ഷണല്‍ വിഷയങ്ങള്‍ക്കൊപ്പം മാത്തമാറ്റിക്‌സ് അധികവിഷയമായി പഠിക്കാം. ഇവര്‍ക്ക് മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപ്പരീക്ഷ എഴുതാം. ഇതിനായി കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത് ക്ലാസുകളില്‍ പങ്കെടുക്കണം.
ഇവര്‍ക്കൊപ്പം പഠിക്കാം
വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികളും സ്ഥാപനങ്ങളുമായിട്ടാണ് നൈപുണി പരിശീലനം. അഗ്രോ മെഷനറി ഓപ്പറേറ്റര്‍-ബന്ധപ്പെട്ട കാര്‍ഷിക കോഴ്സുകള്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പ് എന്നിവരുമായി ചേര്‍ന്ന് പരിശീലനം നല്‍കും. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ ബി.എസ്.എന്‍.എല്‍., ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍, കേബിള്‍ ജോയന്റര്‍ ഇലക്ട്രിക്കല്‍ പവര്‍സിസ്റ്റം എന്നീ കോഴ്സുകള്‍ക്ക് കെ.എസ്.ഇ.ബി. പരിശീലനംനല്‍കും. കെ.ടി.ഡി.സി.യുമായി ചേര്‍ന്നാണ് ടൂര്‍ ഗൈഡ് കോഴ്സ് നടത്തുന്നത്.
ഫീല്‍ഡ് ടെക്നീഷ്യന്‍ കംപ്യൂട്ടര്‍ പെരിഫറല്‍സ് കോഴ്സിന് കെല്‍ട്രോണും കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി.ഐ. ലിമിറ്റഡുമാണ് പരിശീലനം നല്‍കുക.
പ്രവേശനം
https://www.vhscap.kerala.gov.in/ വഴി 389 സ്‌കൂളുകളിലേക്ക് ഏകജാലക രീതിയില്‍ ഒരു അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷയില്‍ സ്‌കൂളുകള്‍, കോഴ്സുകള്‍ എന്നിവ പ്രവേശനം ആഗ്രഹിക്കുന്ന മുന്‍ഗണനാക്രമത്തില്‍ ഓപ്ഷനായി നല്‍കണം.
അലോട്ട്മെന്റ്
സ്‌കൂള്‍, കോഴ്സ് പ്രവേശനസാധ്യതകള്‍ മനസ്സിലാക്കാന്‍ ആദ്യ അലോട്ട്മെന്റ് ലിസ്റ്റിന് മുമ്പ് ട്രയല്‍ അലോട്ട്മെന്റ് www.vhscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. തെറ്റുകള്‍ തിരുത്താനും സ്‌കൂള്‍, കോഴ്സ് മാറ്റങ്ങളും ഈ ഘട്ടത്തില്‍ അനുവദിക്കും.
ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്
മാറുന്ന ലോകത്തിനനുസരിച്ച് വിദ്യാര്‍ഥികളെ തൊഴിലിന് പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റും കേന്ദ്ര സര്‍ക്കാരിന്റെ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.
-ജീവന്‍ ബാബു (ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ്)
വ്യവസായ പരിശീലനം
ഗുണനിലവാരമുള്ള നൈപുണി പരിശീലനം ഉറപ്പാക്കുന്നതിനുവേണ്ടി അതത് മേഖലയിലെ തൊഴില്‍ശാലകളുമായി ചേര്‍ന്നുകൊണ്ട് കുട്ടികള്‍ക്ക് പരിശീലന പങ്കാളിത്ത പദ്ധതി നടപ്പാക്കുന്നുണ്ട്. 'ഓണ്‍ ദ ജോബ്' പരിശീലനങ്ങള്‍, തൊഴിലിട സന്ദര്‍ശനങ്ങള്‍, തൊഴില്‍ മേഖലയിലെ വിദഗ്ധരുടെ ക്ലാസുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുന്നതാണ് പരിശീലനം.
-ഡോ. ബി. ഷാജി (സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ട്രസ്ട്രിയല്‍ ഇന്ററാക്ഷന്‍ സെല്‍, പൊതുവിദ്യാഭ്യാസ വകുപ്പ്)
Content Highlights: Apply now for vocational higher secondary courses
Content Highlights: