രക്തകാലത്ത് നിന്നും അറിവിന്റെ ലോകത്തേക്ക്; രാജ്യത്തെ പുതിയ കേന്ദ്ര ഗോത്ര സര്‍വകലാശാലക്ക് ഒരുവയസ്സ്

രക്തരൂക്ഷിതമായ മാവോയിസ്റ്റ് ആക്രമണങ്ങളാല്‍ കുപ്രസിദ്ധി നേടിയതാണ് തെലങ്കാനയിലെ മുളുഗു ജില്ല. ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മുളുഗുവിലെ എറ്റുര്‍നഗരം പോലീസ് സ്റ്റേഷന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ട റോഡ് ഗതാഗതത്തിനായി തുറന്നുനല്‍കിയത് നീണ്ട 24 വര്‍ഷങ്ങള്‍ക്കുശേഷം 2025 മാര്‍ച്ച് രണ്ടിനാണ്. 2001 ല്‍ തെലങ്കാന-ഛത്തീസ്ഗഢ് ദേശീയപാത 163 ല്‍ എറ്റുര്‍നഗരം വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്കടക്കം അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
തെലങ്കാനയിലെ പിന്നാക്കം നില്‍ക്കുന്ന ജില്ലയായ മുളുഗുവിലെ ഭൂരിപക്ഷവിഭാഗമായ ആദിവാസികളെ സ്വാധീനിച്ചായിരുന്നു മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. മാവോയിസ്റ്റ് സ്വാധീനത്തില്‍ അകപ്പെട്ട ആദിവാസികള്‍ക്ക് വിദ്യാഭ്യാസത്തിലും താല്‍പര്യം കുറവായിരുന്നു. ഇതോടെയാണ് മുളുഗു മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ രാജ്യത്തെ മൂന്നാമത്തെ കേന്ദ്ര ഗോത്ര സര്‍വകലാശാല മുളുഗുവില്‍ സ്ഥാപിക്കപ്പെട്ടത്. 2024 മാര്‍ച്ച് എട്ടിന് സ്ഥാപിതമായ സമ്മക്ക സാരക്ക കേന്ദ്ര ഗോത്ര സര്‍വകലാശാല എന്ന മൂന്നാമത്തെ ഗോത്ര സര്‍വകലാശാല ശനിയാഴ്ച ഒന്നാംവാര്‍ഷികം ആഘോഷിക്കുകയാണ്.
തെലങ്കാനയിലെ മറ്റു ജില്ലകളെപ്പോലെ വരണ്ട ഭൂപ്രകൃതിയാണ് മുളുഗുവിലും. മുളക്, ചോളം, നെല്ല് എന്നിവയാണ് പ്രധാന കൃഷി. ചാരായം വില്‍പ്പനയാണ് മറ്റൊരു വരുമാന മാര്‍ഗം. വീടുകളില്‍ സ്ത്രീകളാണ് പ്രധാനമായി ചാരായം ഉണ്ടാക്കി വില്‍ക്കുന്നത്. കൂടാതെ ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ കല്‍ക്കരി ഖനികളും പ്രവര്‍ത്തിക്കുന്നു. ഗോത്ര സ്‌കൂളുകള്‍ ഉണ്ടെങ്കിലും പഠനത്തോട് ആദിവാസി വിഭാഗങ്ങള്‍ക്ക് വലിയ മതിപ്പില്ല. കൃഷിയിലേക്കോ, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്കോ തിരിയുന്നതായിരുന്നു ഇവരുടെ രീതി. ഇതോടെയാണ് ദേശീയ തലത്തില്‍ തന്നെ ഗോത്ര വിഭാഗങ്ങള്‍ക്ക് ഇടയില്‍ മുളുഗുവിനെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ഗോത്ര സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തെലങ്കാനയിലെ രണ്ടാമത്തെ വലിയ നഗരമായ വാറങ്കലില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.
ഗോത്ര പഠനത്തിന്റെ ഹബ്ബാകാന്‍ സമ്മക്ക സാരക്ക സര്‍വകലാശാല
ഏറ്റവും പുതുതായി സ്ഥാപിക്കപ്പെട്ട സര്‍വകലാശാലയായതിനാല്‍ വളര്‍ച്ചയുടെ പാതയിലാണ് ഇപ്പോള്‍ സമ്മക്ക സാരക്ക സര്‍വകലാശാല. ദേശീയപാത 163ല്‍ ജാക്കാരം ഗ്രാമത്തില്‍ തെലങ്കാന സര്‍ക്കാരിന്റെ യൂത്ത് ട്രെയിനിങ് സെന്ററിലാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡിയായിരുന്നു സര്‍വകലാശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിലവിലെ കാമ്പസില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ 400 ഏക്കര്‍ ഭൂമിയിലാണ് സര്‍വകലാശാലയുടെ യഥാര്‍ഥ കാമ്പസ് ഒരുങ്ങുന്നത്. ഇതിനോടകം 200 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. വൈസ് ചാന്‍സലറുടെ നിയമനം നടക്കുന്നതോടെ കാമ്പസിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ ഗോത്ര കോഴ്സുകള്‍ക്കും തുടക്കമാകും.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയുടെ കീഴിലാണ് ഇപ്പോള്‍ സമ്മക്ക സാരക്ക സര്‍വകലാശാലയുടെ പ്രവര്‍ത്തനം. നിലവില്‍ നാലുവര്‍ഷത്തെ ബി.എ. ഇംഗ്ലീഷ് ഓണേഴ്സ്, ഇക്കണോമിക്സ് ഓണേഴ്സ് കോഴ്സുകളാണുള്ളത്. ഇംഗ്ലീഷ് കോഴ്സില്‍ പത്തും ഇക്കണോമിക്സ് കോഴ്സില്‍ നാലുമായി ആകെ 14 പേരാണ് വിദ്യാര്‍ഥികള്‍. രണ്ട് കോഴ്സുകളിലുമായി ആറുപേരാണ് അധ്യാപകര്‍. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ചാണ് പാഠ്യപദ്ധതി. ഹൈദരാബാദ് സര്‍വകലാശാലയുടെ കോഴ്സ് പാറ്റേണുകള്‍ പിന്തുടരുന്നതിനാല്‍ മികച്ച നിലവാരവും സമ്മക്ക സാരക്ക സര്‍വകലാശാല പുലര്‍ത്തുന്നു.
വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ കാമ്പസില്‍ തന്നെ പ്രത്യേകം ഹോസ്റ്റലുകളും സജ്ജമാക്കിയിട്ടുണ്ട്. എസ്.ടി. വിഭാഗത്തിന് മുന്‍ഗണന ഉണ്ടെങ്കിലും മറ്റു വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഇവിടെ പ്രവേശനം നേടാം. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് എഴുതി വിദ്യാര്‍ഥികള്‍ക്ക് ഇവിടേക്ക് എത്താം. നിലവില്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മലയാളി സാന്നിധ്യം
സമ്മക്ക സാരക്ക സര്‍വകലാശാലയിലെ ഏക മലയാളി സാന്നിധ്യമാണ് ഇവിടത്തെ ഇംഗ്ലീഷ് അധ്യാപകനായ കൊട്ടാരക്കര സ്വദേശി ഡോ. ശ്രീനു ഗോപന്‍. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പി.എച്ച്.ഡി നേടിയ ഇദ്ദേഹം സര്‍വകലാശാലയുടെ തുടക്കം മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇവിടേക്ക് വരണമെന്ന് ഡോ. ശ്രീനു ഗോപന്‍ പറയുന്നു.
''കേരളത്തിന്റെ ഗോത്ര സംസ്‌കാരം ദേശീയ തലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഇവിടത്തെ പഠനത്തിലൂടെ മലയാളി വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. കേന്ദ്ര സര്‍വകലാശാലയായതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ ഗോത്ര സംസ്‌കാരങ്ങളെ മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടാന്‍ സാധിക്കും. വാറങ്കലില്‍നിന്ന് മികച്ച യാത്രാസൗകര്യങ്ങള്‍ ഉള്ളതിനാല്‍ കാമ്പസിലേക്ക് എളുപ്പം എത്തിപ്പെടാന്‍ സാധിക്കും. കഴിഞ്ഞതവണ ഒരു മലയാളി വിദ്യാര്‍ഥിയും സര്‍വകലാശാലയിലേക്ക് പ്രവേശനത്തിന് അപേക്ഷ നല്‍കിയിരുന്നില്ല. പുതിയ സര്‍വകലാശാലയായതിനാല്‍ ഇതേക്കുറിച്ചുള്ള അജ്ഞതയാകാം കാരണം. ഇത്തവണ ഇതിനു മാറ്റം വരികയും മലയാളി വിദ്യാര്‍ഥികള്‍ അപേക്ഷിക്കാന്‍ തയ്യാറാകുകയും ചെയ്യണം''- ശ്രീനു ഗോപന്‍ പറഞ്ഞു.
മികച്ച യാത്രാസൗകര്യമുള്ളതിനാല്‍ സമ്മക്ക സാരക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഹൈദരാബാദിലെയും വാറങ്കലിലെയും മികച്ച യൂണിവേഴ്സിറ്റികളെ പഠനത്തിന്റെ ആവശ്യത്തിനായി ആശ്രയിക്കാന്‍ സാധിക്കുമെന്നും ശ്രീനു ഗോപന്‍ ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല, ഒസ്മാനിയ സര്‍വകലാശാല, വാറങ്കലിലെ കാകതീയ സര്‍വകലാശാല, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ സമ്മക്ക സാരക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്രയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭാഷാ കോഴ്സ് മലയാളം
സമ്മക്ക സാരക്ക സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രധാന കോഴ്സിന്റെ കൂടെ ഒരു ഭാഷാ കോഴ്സും ചെയ്യേണ്ടതുണ്ട്. മലയാളമാണ് ഇവിടത്തെ ഭാഷാ കോഴ്സ്. മലയാളിയായതിനാല്‍ ഡോ. ശ്രീനു ഗോപനാണ് മലയാളം കോഴ്സിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത്. അക്ഷരമാല, ഭാഷാ ചരിത്രം, സാഹിത്യ ചരിത്രം, ആശയവിനിമയത്തിനുള്ള പാഠ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഭാഷാ കോഴ്സില്‍ പഠിപ്പിക്കുന്നവ. ഇതിനുപുറമെ വിദ്യാര്‍ഥികളെ കൊണ്ട് സ്വന്തമായി വ്യക്തിഗത മലയാളം നിഘണ്ടുവും ഉണ്ടാക്കിക്കുന്നുണ്ട്. ഇത്തവണ ഭാഷാ ദിവസം ആഘോഷിച്ചപ്പോള്‍ വള്ളത്തോള്‍ നാരായണ മേനോന്റെ 'വന്ദിപ്പിന്‍ മാതാവിനെ' എന്ന കവിതയാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍ ചൊല്ലിയത്. മികച്ച പുരോഗതിയാണ് ഭാഷാ കോഴ്സിനുള്ളതെന്നും ഭൂരിഭാഗം വിദ്യാര്‍ഥികളും മലയാളം എഴുതാനും വായിക്കാനും പഠിച്ചുവെന്നും ഡോ. ശ്രീനു ഗോപന്‍ പറഞ്ഞു.
പേരിനു പിന്നിലെ ചരിത്രം
ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്ന ഗോത്ര ദേവതമാരാണ് സമ്മക്കയും സാരക്കയും. പതിമൂന്നാം നൂറ്റാണ്ടില്‍ കാകതീയ രാജവംശം മുളുഗുവിലെ കോയ ഗോത്ര വിഭാഗത്തിനുമേല്‍ കനത്ത നികുതി ചുമത്തിയിരുന്നു. നികുതി അടക്കാന്‍ സാധിക്കാതെ വന്നതോടെ രാജവംശം ഗോത്ര വിഭാഗത്തിന്റെ വനഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇതിനെതിരെ ഗോത്ര തലവനായ പകിടിട രാജുവിന്റെ നേതൃത്വത്തില്‍ പ്രതിരോധം നടന്നെങ്കിലും ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയായ സമ്മക്കയും മകളായ സാരക്കയും ചേര്‍ന്ന് രാജവംശത്തിനെതിരെ ചെറുത്തുനില്‍പ്പ് നടത്തുകയായിരുന്നു. പിന്നീട് സമ്മക്കയുടെയും സാരക്കയുടെയും പേരില്‍ ക്ഷേത്രം ഉയരുകയും ചെയ്തു.
ചെറുത്തുനില്‍പ്പിന്റെ പ്രതീകമായതിനാല്‍ സര്‍വകലാശാലയുടെ നാമധേയത്തിനായി സമ്മക്കയുടെയും സാരക്കയുടെയും പേര് അധികൃതര്‍ തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഗോത്ര ഉത്സവത്തിന്റെ വേദിയാണ് സമ്മക്ക സാരക്ക ക്ഷേത്രം. മുളുഗുവിലെ മേദാരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തില്‍ പങ്കാളികളാവാന്‍ മൂന്നുകോടിയോളം പേര്‍ എത്തുമെന്നാണ് കണക്ക്.
Content Highlights: A year for new central tribal university from the age of blood to the world of knowledge