ട്രാവൽ ആൻഡ് ടൂറിസം; 9.1 കോടി തൊഴിലവസരങ്ങൾ

#ഡോ. എം.ആർ. ദിലീപ്

അന്താരാഷ്ട്രതലത്തിൽ ടൂറിസം ദ്രുതഗതിയിൽ വളരുന്നതിനോടൊപ്പം തൊഴിലവസരങ്ങളും പ്രതിദിനം വർധിച്ചുവരുകയാണ്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ അടുത്ത ദശകത്തിനുള്ളിൽ 9.1 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. വിനോദസഞ്ചാരം, വ്യോമഗതാഗതം, ടൂർ ഓപ്പറേഷൻ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ്, ടൂർ ഗൈഡ്, ഹോസ്പിറ്റാലിറ്റി, പാചകം എന്നീ മേഖലകൾ വരുംവർഷങ്ങളിൽ കാര്യമായ തോതിൽ വളരും. ഈ മേഖലയിൽ മികച്ച കരിയർ രൂപപ്പെടുത്താൻ ഇപ്പോൾത്തന്നെ തയ്യാറെടുപ്പ് തുടങ്ങാം.

സ്പെഷ്യലൈസേഷനുകളുടെ ലോകം

ഇതിനായി കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ നിലവാരവും അംഗീകാരവുമുള്ള സ്ഥാപങ്ങളിലാകണം പഠിക്കേണ്ടത്. മാത്രമല്ല, ഇന്ന് സ്പെഷ്യലൈസേഷനുകളുടെ കാലമാണ്. ബിരുദമോ ബിരുദാനന്തര ബിരുദമോ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കുമെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ തൊഴിൽ നേടുന്നതിന് ആഴത്തിലുള്ള അറിവും അനിവാര്യമായ നൈപുണിയും ആശയവിനിമയശേഷിയും സ്വായത്തമാക്കണം.

തുടക്കത്തിൽ ഉയർന്ന ശമ്പളം ലക്ഷ്യമാക്കുന്നതിനുപകരം ഇക്കാര്യങ്ങൾ നേടിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. കോഴ്സുകളും സ്ഥാപനവും തിരഞ്ഞെടുക്കുമ്പോൾ അവ നമ്മുടെ അഭിരുചിക്കുചേരുന്നതാണോ എന്നും നൈപുണിവികസനം നടത്താൻപോന്ന കാര്യക്ഷമത സ്ഥാപനത്തിനുണ്ടോ എന്നും പരിശോധിക്കണം.

വ്യോമഗതാഗതമേഖല

വ്യോമഗതാഗതമേഖലയിലെ തൊഴിലവസരങ്ങൾ തികച്ചും വൈവിധ്യമുള്ളതാണ്. കുറെയേറെ തൊഴിലുകൾക്ക് സാങ്കേതിക വൈദഗ്ധ്യം ആവശ്യമെങ്കിൽ മറ്റുള്ളവയ്ക്ക്‌ അറിവും വ്യക്തിവൈശിഷ്ട്യങ്ങളും നൈപുണിയും വേണം. എയർ ലൈനുകളും എയർപോർട്ടുകളുമാണ് പ്രമുഖ തൊഴിൽദാതാക്കൾ. രണ്ടിലും വ്യത്യസ്ത യോഗ്യതകൾ ആവശ്യമുള്ള തൊഴിലുകളുണ്ട്.

കൊമേഴ്‌സ്യൽ വിഭാഗങ്ങളിലുള്ള തൊഴിലുകൾക്ക്‌ വിദ്യാഭ്യാസ യോഗ്യതയ്ക്കുപുറമേ നല്ല ആശയവിനിമയശേഷിയും ആഴത്തിലുള്ള അറിവും നൈപുണിയും അനിവാര്യമാണ്. ഉദാഹരണമായി, എയർപോർട്ടിലെ ഗസ്റ്റ് റിലേഷൻ എക്സിക്യുട്ടീവിന് നല്ല വ്യക്തിത്വഗുണങ്ങളും ആശയവിനിമയശേഷിയും ആവശ്യമെങ്കിൽ എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലുള്ള തൊഴിലുകളിൽ നൈപുണിയുമാണ്‌ പ്രധാനം.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്-തിരുവനന്തപുരം) നടത്തുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സ് അംഗീകാരമുള്ള ഒന്നാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഏവിയേഷൻ അക്കാദമിയും സിവിൽ ഏവിയേഷൻ ട്രെയിനിങ് കോളേജും ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയും രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയും നിലവിലുണ്ട്. കൂടാതെ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) ഈ മേഖലയിൽ കോഴ്സുകൾ നടത്തുന്നുണ്ട്. ഓരോരോ തൊഴിലിനനുസരിച്ചുള്ള കോഴ്സുകൾകൂടെ ചെയ്യുന്നത് കൂടുതൽ നിലവാരമുള്ള തൊഴിലുകൾ നേടാനാകും.

ടൂർ ഓപ്പറേഷൻ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ്

തൊഴിൽ, സംരംഭക സാധ്യതകളുള്ള മറ്റൊരു മേഖലയാണ് ടൂർ ഓപ്പറേഷനും ഡെസ്റ്റിനേഷൻ മാനേജ്മെന്റും. വിദേശീയർക്ക്‌ നാടുകാണാനും നാട്ടിലുള്ളവർക്ക് വിദേശങ്ങളിൽ സഞ്ചരിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന മേഖലയിൽ പലതരം തൊഴിൽ, സംരംഭക സാധ്യതകളുണ്ട്. ഡെസ്റ്റിനേഷനുകളെപ്പറ്റിയുള്ള നല്ല അറിവും കോഡിനേറ്റ്ചെയ്യാനുള്ള കഴിവും ആശയവിനിമയശേഷിയും ഈ മേഖലയിൽ ആവശ്യമാണ്. ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളാണ് അടിസ്ഥാനയോഗ്യത. കുറച്ചുകാലം ഈ മേഖലയിൽ നല്ലനിലയിൽ പ്രവർത്തിച്ചവർക്ക്‌ സംരംഭക മേഖലയിൽ അവസരങ്ങളുണ്ട്.

ഓൺലൈൻ ഇടപാടുകൾ നടത്തുന്ന ഒട്ടേറെ ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനങ്ങൾ ഇന്നുണ്ട്. അവയുടെ എണ്ണം കൂടിവരുന്നു. ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾ കഴിഞ്ഞവർക്ക് അത്തരം സ്ഥാപനങ്ങളിൽ ജോലികിട്ടാനുള്ള സാധ്യത കൂടുതലാണ്. ആവശ്യംവേണ്ട സാങ്കേതിക അറിവ് ഉണ്ടെങ്കിൽ സാധ്യത കൂടും.

ടൂർ ഗൈഡ്

മറ്റൊരു പ്രമുഖ തൊഴിൽ മേഖലയാണ് പ്രൊഫഷണൽ ടൂർ ഗൈഡ്. സ്ഥിരോത്സാഹവും നല്ല ആരോഗ്യനിലവാരവും യാത്രചെയ്യാനും അറിവ് പകർന്നുനൽകാനുമുള്ള അഭിരുചിയുമുള്ളവർക്ക് കടന്നു വരാം. പ്രൊഫഷണൽ ഗൈഡാകാൻ കേന്ദ്ര, സംസ്ഥാന സർക്കാര്യകൾ നൽകുന്ന ടൂർ ഗൈഡ് ലൈസൻസ് ആവശ്യമാണ്. കേന്ദ്ര സർക്കാർ നൽകുന്ന റീജണൽ ഗൈഡ് ലൈസൻസ് ലഭിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻ നടത്തുന്ന പരിശീലനപരിപാടി കഴിയണം. സ്ഥാനമായി സ്റ്റേറ്റ് ലെവൽ (ബിരുദക്കാർക്ക്), ലോക്കൻ ലെവൽ (എസ്.എസ്.എൽസി തത്തുല്യ യോഗ്യത) ടൂർ ഗൈഡ് ലൈസൻസുകൾ ടുറിസം വകുപ്പ് നൽകുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്സാണ് കോഴ്സ് നടത്തുന്നത്. വിദേശഭാഷകളിൽ പ്രാവീണ്യം നേടുന്നത് നല്ലതാണ്. ഇത് കൂടുതൽ വരുമാനവും മെച്ചപ്പെട്ട തൊഴിൽനിലവാരവും ലഭ്യമാക്കുന്നതിന് സഹായകരമാകും.

ഹോസ്പിറ്റാലിറ്റി

ലോകമെമ്പാടും തൊഴിലവസരങ്ങളുണ്ട്. കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (www.nchm.gov.in)ക്കു കീഴിൽ 22 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റു(ഐഎച്ച്എം)കൾ രാജ്യത്തുണ്ട്. ഒപ്പം അതിൽ അഫിലിയേറ്റ്ചെയ്തിട്ടുള്ള സംസ്ഥാനസർക്കാരുകൾ നടത്തുന്ന മുപ്പതിൽപ്പരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റുകളുമുണ്ട്. കേരളത്തിൽ കോഴിക്കോട്ടാണുള്ളത് (www.sihmkerala.com). കോഴ്സുകൾ: ബിഎസ്‌സി ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ, എംഎസ്‌സി ഹോസ്പിറ്റാലിറ്റി അഡ്മിനിട്രേഷൻ, ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്‌ഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അക്കമഡേഷൻ ഓപ്പറേഷൻസ്. എൻസിഎച്ച്എം ജെഇഇ (നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാത്രമല്ല, മുപ്പതോളം സ്വകാര്യസ്ഥാപനങ്ങളും കോഴ്സുകൾ നടത്തുന്നുണ്ട്. സർവകലാശാലാതലത്തിലും ദേശീയ-അന്തർദേശീയ തലത്തിൽ അംഗീകാരമുള്ള ഹോട്ടൽ മാനേജ്മെന്റ് പരിശീലന സ്ഥാപനങ്ങളിലും ഡിഗ്രി-ഡിപ്ലോമ കോഴ്സുകളുണ്ട്.

ഉയർന്ന ശമ്പളം ലക്ഷ്യമാക്കുന്നതിനുപകരം ആ മേഖലയിൽ ഒഴിവാക്കാനാകാത്തവിധം അറിവും നൈപുണിയും ആശയവിനിമയശേഷിയും നേടിയെടുക്കണം.

(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് ഡയറക്ടറാണ് ലേഖകൻ)

Content Highlights: Explore booming tourism and hospitality careers