ഗവേഷണ- തൊഴിൽ മേഖലകളിലേക്ക് ചുവടുവെപ്പ്; അവസരങ്ങളുമായി ഇന്റേൺഷിപ്പുകൾ

തൊഴിൽ, പഠന രംഗങ്ങൾ നിമിഷംപ്രതി മാറുന്ന കാലഘട്ടത്തിലൂടെയാണ് ഇന്നത്തെ വിദ്യാർഥിസമൂഹം മുന്നോട്ടുപോകുന്നത്. ഓരോ രംഗത്തേക്കും കടന്നുചെല്ലാനാഗ്രഹിക്കുന്ന യോഗ്യതയുള്ളവർക്ക് അതിനുവേണ്ട അഭിരുചികൾ, നൈപുണികൾ, പ്രവൃത്തിപരിചയം, പ്രായോഗിക വിജ്ഞാനം എന്നിവയ്ക്കെല്ലാം ഇക്കാലത്ത് പ്രാധാന്യം ഏറുകയാണ്. അതിനാൽ ജോലിയെക്കുറിച്ചും ഗവേഷണത്തെക്കുറിച്ചും ചിന്തിക്കുന്നവർക്ക് മുന്നോട്ടുപോകാൻ നേരത്തേയുള്ള തയ്യാറെടുപ്പുകൾ വേണം.
തുടങ്ങാം ബിരുദപഠനത്തിനൊപ്പം
ഗവേഷണരംഗത്തേക്കു കടക്കാൻ താത്‌പര്യമുള്ളവർ കുറഞ്ഞത്, ബിരുദപഠന കാലയളവിൽ അതേക്കുറിച്ചു ചിന്തിച്ചുതുടങ്ങണം. കൂടുതൽ അറിയാൻ താത്‌പര്യമുള്ള മേഖലകൾ, ആ കാലയളവിൽ ശ്രദ്ധയിൽപ്പെട്ടേക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് പഠനകാലയളവിൽ, കൂടുതൽ തയ്യാറെടുപ്പുകൾ അതിലേക്കു നടത്തണം. ഗവേഷണത്തിലേക്കു തിരിയാൻവേണ്ട അഭിരുചികളെക്കുറിച്ച് അറിഞ്ഞിരിക്കണം. വിഷയവും മാർഗനിർദേശം നൽകാൻ ഒരു ഗൈഡിനെയും കണ്ടെത്തണം. കൂടാതെ പ്രോജക്ട് എങ്ങനെ തയ്യാറാക്കണമെന്നറിയണം. ഇന്റർ, മൾട്ടി, ട്രാൻസ് ഡിസിപ്ലിനറി ഗവേഷണത്തിൽ താത്‌പര്യമുണ്ടെങ്കിൽ മറ്റുമേഖലകളെക്കുറിച്ചും ചിന്തിക്കണം. യോഗ്യതാപരീക്ഷകൾ വഴിയാകും ഇതിലേക്കുള്ള പ്രവേശനം.
അവസരങ്ങളെപ്പറ്റി ചിന്തിക്കണം
തൊഴിലന്വേഷകർ, കടന്നുചെല്ലാവുന്ന മേഖലകളെ മുൻകൂട്ടി പരിചയപ്പെടുന്നത് ഉചിതമായിരിക്കും. സംവിധാനവുമൊത്ത് ഹ്രസ്വകാലം പ്രവർത്തിക്കാൻ ലഭിക്കാവുന്ന അവസരങ്ങളെപ്പറ്റി ചിന്തിക്കണം. ഇവയിലേക്കൊക്കെ വെളിച്ചംനൽകുന്ന പദ്ധതിയാണ് ഇന്റേൺഷിപ്പുകൾ, സമ്മർ ഫെലോഷിപ്പുകൾ, സമ്മർ സ്കൂളുകൾ, യങ് പ്രൊഫഷണൽ പ്രോഗ്രാമുകൾ എന്നിവയൊക്കെ. അവധിക്കാലത്തും മറ്റുസമയങ്ങളിലും ഹ്രസ്വകാലം നീണ്ടുനിൽക്കുന്ന അക്കാദമിക് ഇന്റേൺഷിപ്പിൽ/സ്കൂളിൽ പങ്കെടുക്കാൻ പ്രമുഖ സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, ദേശീയ, സംസ്ഥാനതല സംവിധാനങ്ങൾ ഇന്ന് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നുണ്ട്.
മേഖലകൾ
സയൻസ്, എൻജിനിയറിങ്, ആർകിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അലൈഡ് ആരോഗ്യമേഖലകൾ, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, കൊമേഴ്സ്, മാനേജ്മെൻറ്, നിയമം ഉൾപ്പെടെ വ്യത്യസ്തമേഖലകളിലെ അവസരങ്ങൾ ലഭിക്കും. മേഖലയ്ക്കനുസരിച്ച് നിശ്ചിതകോഴ്‌സിൽ പഠിക്കുന്നവർക്കാണ് പൊതുവേ അവസരം. അതിൽ പലതിലും സ്റ്റൈെപ്പൻഡ്/സാമ്പത്തിക സഹായം നൽകാറുമുണ്ട്. ചിലതിൽ അതുണ്ടാകണമെന്നില്ല. സ്ഥാപനത്തിലെ ഗവേഷണസൗകര്യങ്ങൾ, ഗവേഷണമേഖലകൾ, പരീക്ഷണശാലകൾ, ലൈബ്രറി സൗകര്യങ്ങൾ, ഫാക്കൽട്ടി എന്നിവയുമായൊക്കെ ഒരു ബന്ധം സ്ഥാപിച്ചെടുക്കാൻ ഈ പ്രോഗ്രാമുകൾ സഹായകരമാണ്.
ഇന്റേൺ കാലയളവിൽ ഒരു ഹ്രസ്വകാല പ്രോജക്ട് പൂർത്തിയാക്കേണ്ടതായിവരാം. ചുരുക്കത്തിൽ, ഗവേഷണ, തൊഴിൽ മേഖലയിലേക്കു കടക്കാനുള്ള ശക്തമായ ഒരു അടിത്തറപാകാൻ ഈ പ്രോഗ്രാമുകൾ സഹായിക്കുന്നു. അവസരം കണ്ടെത്തേണ്ട ഉത്തരവാദിത്വം വിദ്യാർഥിയുടേതാണെന്നകാര്യം ഓർക്കുക.
ഒരു സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ്/യങ് പ്രൊഫഷണൽ പ്രോഗ്രാമുകൾ സർക്കാർതല സ്ഥാപനങ്ങൾ ഇന്ന് ഒരുക്കുന്നുണ്ട്. നിശ്ചിത വിദ്യാഭ്യാസയോഗ്യത, നൈപുണികൾ എന്നിവയൊക്കെ ഇവയ്ക്കാവശ്യമാണ്. ഓൺലൈൻ രീതിയിലും ചിലത് നടത്തും.
വർഷത്തിൽ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാവുന്ന ഇന്റേൺഷിപ്പുകളുമുണ്ട്. സ്വകാര്യമേഖലയിലും ഒട്ടേറെ ഇന്റേൺഷിപ്പ് അവസരങ്ങൾ ഇന്നുണ്ട്. കൃത്യമായ വിവരങ്ങളറിയാൻ വെബ്സൈറ്റുകൾ ഇടയ്ക്കിടെ സന്ദർശിക്കുക.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഓൺലൈൻ ഇന്റേൺഷിപ്പ് പ്രോഗ്രാം
ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) മാർച്ച് ഒൻപതുമുതൽ 20 വരെ നടത്തുന്ന ഓൺലൈൻ ഹ്രസ്വകാല ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് (ഒഎസ്ടിഐ) അപേക്ഷിക്കാം. മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം സർവകലാശാലാ വിദ്യാർഥികളിൽ മനുഷ്യാവകാശ സാക്ഷരതയും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എൻഎച്ച്ആർസി പതിവായി ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്.
രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ നടത്തുന്ന മുഴുവൻസമയ ഓൺലൈൻ ഇന്റേൺഷിപ്പ് പ്രോഗ്രാമാണിത്. വിവിധ മനുഷ്യാവകാശ വിഷയങ്ങളിൽ 40 മുതൽ 45 വരെ സെഷനുകളുണ്ടാകും. അതിൽ, എൻഎച്ച്ആർസി ചെയർപേഴ്സൺ, അംഗങ്ങൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വിദഗ്ധരുമായുള്ള ആശയവിനിമയം, മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഗ്രൂപ്പ് പ്രോജക്ട് വർക്ക്, പുസ്തക അവലോകനം, കുട്ടികളും ബോണ്ടഡ് ലേബർ പ്രശ്നങ്ങളും, ആന്റി ട്രാഫിക്കിങ്, മാനസികാരോഗ്യം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ, വിദ്യാഭ്യാസപ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സിനിമകളുടെ പ്രദർശനം, ജയിൽ, പോലീസ് സ്റ്റേഷൻ, എൻജിഒ/ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിലേക്കുള്ള വെർച്വൽ ഫീൽഡ് സന്ദർശനം, സംശയദൂരീകരണം തുടങ്ങിയവയും ഉൾപ്പെടും. എല്ലാ സെഷനുകളും നിർബന്ധമാണ്.
സ്റ്റൈപ്പെഡ്
ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2000 രൂപ സ്റ്റൈപ്പെഡ് ലഭിക്കും.
യോഗ്യത
(i) ഏതെങ്കിലും സംയോജിത അഞ്ചുവർഷ പിജി കോഴ്സിന്റെ മൂന്നാം വർഷത്തിൽ/അതിനുശേഷമുള്ള വർഷത്തിൽ
(ii) ബിരുദ കോഴ്സിന്റെ മൂന്നാം/അവസാന വർഷത്തിൽ
(iii) ഏതെങ്കിലും ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഏതെങ്കിലും സെമസ്റ്ററിൽ/വർഷത്തിൽ (മൂന്ന് വർഷ എൽഎൽബി ഉൾപ്പെടെ)
(iv) ഏതെങ്കിലും ബിരുദാനന്തര ഡിപ്ലോമ കോഴ്സിന്റെ ഏതെങ്കിലും സെമസ്റ്ററിൽ/വർഷത്തിൽ പഠിക്കുന്നവർ. ഏതു സ്ട്രീമിലെയും ഗവേഷണ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസിലും തുടർന്നു പൂർത്തിയാക്കിയതും നിലവിൽ തുടരുന്നതുമായ എല്ലാ കോഴ്സുകളിലും/സെമസ്റ്ററുകളിലും കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. 2026 ജനുവരി ഒന്നിന് 28 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷ
വിജ്ഞാപനം nhrc.nic.in-ൽ ലഭിക്കും (ആക്ടിവിറ്റീസ് ലിങ്കിൽ). അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ജനുവരി 28-ന് വൈകീട്ട് ആറുവരെ നൽകാം. ഇന്റേൺഷിപ്പിൽ ചേരുന്നതിനുള്ള ഉദ്ദേശ്യങ്ങൾ വ്യക്തമാക്കുന്ന 250 വാക്കുകളിൽ കവിയാത്ത ഒരു കുറിപ്പ് (എസ്ഒപി) ഓൺലൈനായി സമർപ്പിക്കണം. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ ഗവേഷണശേഷിയുള്ള വിദ്യാർഥികൾക്ക് (കുറിപ്പിൽ വ്യക്തമാക്കിയിരിക്കണം) മുൻഗണനനൽകും. കോ-കരിക്കുലർ പ്രവർത്തനങ്ങൾ, പങ്കെടുത്ത മൂട്ട് കോർട്ടുകൾ, ഇന്റേൺഷിപ്പുകൾ, ഗവേഷണപദ്ധതികൾ എന്നിവയുടെ വിശദാംശങ്ങളും ഉൾപ്പെടുത്താം.
Content Highlights: Internship Oppertunities