ഐഐടികളില്‍ പോസ്റ്റ് ബാച്ച്‌ലര്‍ പ്രോഗാമുകൾ; JAM പരീക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐഐടികൾ), പോസ്റ്റ് ബാച്ച്‌ലർ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന ജോയിൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) ഫെബ്രുവരി 15-ന് രണ്ടു സെഷനിലായി നടത്തും.
ഭിലായ്, ഭുവനേശ്വർ, ബോംബെ, ഡൽഹി, ധൻബാദ് (ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്), ധാർവാഡ്, ഗാന്ധിനഗർ, ഗുവാഹാട്ടി, ഹൈദരാബാദ്, ഇൻഡോർ, ജമ്മു, ജോധ്‌പുർ, കാൺപുർ, ഖരഗ്പുർ, മദ്രാസ്, മാണ്ഡി, പാലക്കാട്, പട്ന, റൂർഖി, റോപാർ, തിരുപ്പതി, വാരാണസി (ബനാറസ് ഹിന്ദു സർവകലാശാല) എന്നീ ഐഐടികളിലേക്കാണ് പ്രവേശനം. ബോംബെ ഐഐടിയാണ് സംഘാടകസ്ഥാപനം.
പ്രോഗ്രാമുകൾ, സ്ഥാപനങ്ങൾ
എംഎസ്‌സി എംഎസ്‌സി (ടെക്) എംഎസ് (റിസർച്ച്) എംഎസ്‌സി - എംടെക് ഡ്യുവൽ ഡിഗ്രി ജോയൻറ് എംഎസ്‌സി - പിഎച്ച്ഡി എംഎസ്‌സി - പിഎച്ച്ഡി ഡ്യുവൽ ഡിഗ്രി ഇൻറഗ്രേറ്റഡ് പിഎച്ച്ഡി എന്നിവ പ്രോഗ്രാമുകളിൽ ഉൾപ്പെടും.
22 ഐഐടികളിലെ 89 പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ മൊത്തം 3000-ത്തില്പരം സീറ്റുകളാണ് 2026-27ൽ പ്രതീക്ഷിക്കുന്നത്.
ഇവകൂടാതെ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), വിശാഖപട്ടണം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (ഐഐപിഇ), ബെംഗളൂരു ജവാഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് (ജെഎൻസിഎഎസ്ആർ), വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻഐടികൾ), ഷിബ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഇഎസ്‌ടി), സംഗ്റൂർ സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി (എസ്‌എൽഐഇടി), പുണെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി (ഡിഐഎടി) തുടങ്ങിയവ/സെൻട്രലൈസ്ഡ് കൗൺസലിങ് ഫോർ എംഎസ്‌സി/എംഎസ്‌സി (ടെക്) അഡ്മിഷൻ (സിസിഎംഎൻ) പരിധിയിൽവരുന്നവ ഉൾപ്പെടെ 2300-ല്പരം സീറ്റുകളിലെ പ്രവേശനങ്ങൾക്കും ജാം സ്കോർ ഉപയോഗിച്ചേക്കാം.
പേപ്പറുകൾ
മൊത്തം ഏഴ് വിഷയങ്ങളിലാണ് നടത്തുന്നത്: ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്‌സ്, ജിയോളജി, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്.
പരീക്ഷാ സമയക്രമം
ഫെബ്രുവരി 15-ന് രാവിലെ (9.30-12.30) കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് പേപ്പറുകളുടെയും ഉച്ചയ്ക്ക് (2.30-5.30) ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നിവയുടെയും പരീക്ഷകൾ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആയി നടത്തും.
സമയക്രമത്തിനു വിധേയമായി അധികഫീസടച്ച് രണ്ട് പേപ്പറുകൾവരെ ഒരാൾക്ക് അഭിമുഖീകരിക്കാം. പരീക്ഷാ ദൈർഘ്യം മൂന്നുമണിക്കൂറാണ്. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും.
പേപ്പർ ഘടന
ചോദ്യപേപ്പറിന് മൂന്നുഭാഗങ്ങളുണ്ടാകും. എല്ലാം നിർബന്ധമാണ്. മൊത്തം 60 ചോദ്യങ്ങൾ. പരമാവധി 100 മാർക്ക്. ഭാഗം എ-യിൽ 30 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും (ഒരു മാർക്കിന്റെ 10-ഉം, രണ്ടുമാർക്കിന്റെ 20-ഉം); ഭാഗം ബി-യിൽ 10 മൾട്ടിപ്പിൾ സെലക്ട് ചോദ്യങ്ങളും (രണ്ടുമാർക്ക് വീതം) ഭാഗം സി-യിൽ 20 ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും (ഒരു മാർക്കിന്റെ 10-ഉം, രണ്ടുമാർക്കിന്റെ 10-ഉം) പ്രതീക്ഷിക്കാം.
ഒരു ചോദ്യത്തിന് ഒരു ശരിയുത്തരംമാത്രം തിരഞ്ഞെടുക്കേണ്ട മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ട്. ഭാഗം എ-യിൽ ഉത്തരം തെറ്റിയാൽ ഒരു മാർക്ക് ചോദ്യത്തിന് മൂന്നിൽ ഒന്നും രണ്ടുമാർക്ക് ചോദ്യത്തിനുമൂന്നിൽ രണ്ടും മാർക്ക് കുറയ്ക്കും. ഭാഗം ബി-യിൽ (ഇവിടെ ഓരോ ചോദ്യത്തിനും ഒന്നോ ഒന്നിൽക്കൂടുതലോ ശരിയുത്തരങ്ങൾ ഉണ്ടാകാം) നെഗറ്റീവ് മാർക്ക്, ഭാഗികമായ മാർക്ക് എന്നിവ ഇല്ല. ഭാഗം സി-യിൽ നെഗറ്റീവ് മാർക്ക് ഇല്ല. കാൽക്കുലേറ്റർ അനുവദനീയമല്ല. ഓൺലൈൻ വെർച്വൽ കാൽക്കുലേറ്റർ ഉപയോഗിക്കാം. ക്രിയചെയ്യാൻ സ്‌ക്രിബിൾ പാഡ് ലഭിക്കും. പരീക്ഷകഴിയുമ്പോൾ അത് തിരികെനൽകണം. മോക് ടെസ്റ്റ് ലിങ്ക് ജാം 2026 വെബ്സൈറ്റിൽ ലഭ്യമാക്കും. സിലബസ്, മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ എന്നിവ jam2026.iitb.ac.in-ൽ ലഭിക്കും.
പ്രവേശനയോഗ്യത
വിജയിച്ച അല്ലെങ്കിൽ പഠിക്കുന്ന പ്രോഗ്രാം, ചേരാൻ ആഗ്രഹിക്കുന്ന പ്രോഗ്രാമിനുവേണ്ട യോഗ്യത, പ്രവേശനത്തിനു യോഗ്യതനേടേണ്ട ജാം പേപ്പർ എന്നിവ പരിഗണിച്ചുകൊണ്ട് അഭിമുഖീകരിക്കേണ്ട പേപ്പർ നിശ്ചയിക്കണം.
ഓരോ പ്രോഗ്രാമിലെയും സ്ഥാപനത്തിലെയും പ്രവേശനത്തിന്റെ വിശദമായ അക്കാദമിക് യോഗ്യതാവ്യവസ്ഥ വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. സ്ഥാപനസൈറ്റിലും ലഭിക്കും.
പ്രവേശനത്തിനുവേണ്ട യുജി ബിരുദമുള്ളവരോ പ്രസ്തുത യുജി ബിരുദ പ്രോഗ്രാമിന്റെ അന്തിമവർഷ പരീക്ഷ 2026-ൽ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. അതതു സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന തീയതിക്കകം യോഗ്യത നേടണം.
അക്കാദമിക് പ്രോഗ്രാമുകൾ, സീറ്റ് ലഭ്യത, എലിജിബിലിറ്റി വ്യവസ്ഥകൾ, ഓരോ പ്രോഗ്രാമിനുംവേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ഇൻഫർമേഷൻ ബ്രോഷറിൽ ലഭിക്കും. പ്രായപരിധിയില്ല. ഒരാൾക്ക് എത്രതവണ വേണമെങ്കിലും പരീക്ഷ അഭിമുഖീകരിക്കാം.
പ്രവേശനത്തിനുള്ള അപേക്ഷ ഫലത്തിനുശേഷം
അഡ്മിഷൻ ബ്രോഷർ മാർച്ച് രണ്ടാംവാരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. യോഗ്യതനേടുന്നവർക്കുള്ള ഐഐടി പ്രവേശന പോർട്ടൽ ഫലപ്രഖ്യാപനത്തിനുശേഷം സജീവമാകും. തുടർന്ന് അതിൽ വിശദീകരിക്കുന്ന നടപടിക്രമം പാലിച്ച് ജാം വെബ്സൈറ്റ് വഴി ഐഐടി പ്രവേശനത്തിന് അപേക്ഷനൽകണം.
കേരളത്തിൽ
പാലക്കാട് ഐഐടിയിലെ പ്രോഗ്രാമുകൾ: എംഎസ്‌സി-കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്‌സ്. മറ്റുസ്ഥാപനങ്ങളിലെ (ഐഐടി - ഇതരം) പ്രവേശനത്തിന് സ്ഥാപനവിജ്ഞാപനപ്രകാരം അപേക്ഷിക്കണം.
Content Highlights: IIT JAM 2026 exam will be held on February 15.