JEE അഡ്വാൻസ്ഡ്, ആർക്കിടെക്ചർ: യോഗ്യത നേടാൻ എത്ര മാർക്ക് വേണം ? ASK EXPERT

പ്രതീകാത്മക ചിത്രം | Photo: gettyimages.in
പ്രതീകാത്മക ചിത്രം | Photo: gettyimages.in

ചോദ്യം:  ജെ.ഇ.ഇ. അഡ്വാൻസ്ഡ്, ജെ.ഇ.ഇ. ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയിൽ യോഗ്യത നേടാൻ പരീക്ഷയിൽ എത്ര മാർക്ക് വേണം?-മാലിനി, എറണാകുളം

.ഐ.ടി. പ്രവേശനത്തിനുള്ള ജെ.ഇ. ഇ. അഡ്വാൻസ്ഡിൽ യോഗ്യത നേടാനുള്ള കട്ട് ഓഫ് മാർക്ക്, റാങ്ക്പട്ടിക/കാറ്റഗറി അനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടുതരത്തിലുള്ള മിനിമം മാർക്ക് വ്യവസ്ഥകളാണ് അപേക്ഷാർഥി തൃപ്തിപ്പെടുത്തേണ്ടത്, പരീക്ഷയിലെ ഓരോ വിഷയത്തിനുള്ളതും രണ്ടു പേപ്പറിലുംകൂടി മൊത്തത്തിൽ ഉള്ളതും.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നുവിഷയങ്ങൾക്കും കട്ട് ഓഫ് മാർക്ക് വാങ്ങണം. പേപ്പർ 1, 2 എന്നിവയിൽ രണ്ടിലുംകൂടി ഫിസിക്സിനു കിട്ടുന്ന മൊത്തം മാർക്കാണ് ഫിസിക്സിന്റെ മാർക്ക്. ഇതേപോലെ കെമിസ്ട്രി, മാത്തമാറ്റിക്സ്, എന്നിവയിൽ ഓരോന്നിന്റെയും മൊത്തം മാർക്ക് കണക്കാക്കും. രണ്ടു പേപ്പറിനും കൂടി ലഭിക്കുന്ന മൊത്തം മാർക്കും കണക്കാക്കും.

ഓരോ വിഷയത്തിനും വേണ്ട കട്ട് ഓഫ് മാർക്ക്, രണ്ടു പേപ്പറിനും കൂടി വേണ്ട കട്ട് ഓഫ് മാർക്ക്, റാങ്ക്പട്ടിക/കാറ്റഗറി അനുസരിച്ച് ഇപ്രകാരമാണ് (ശതമാനക്കണക്കിൽ): കോമൺ റാങ്ക് ലിസ്റ്റ് -10 (ഓരോ വിഷയത്തിനും), 35 (രണ്ടു പേപ്പറിലും കൂടി); ജനറൽ- ഇ.ഡബ്ല്യു.എസ്; ഒ.ബി.സി.-എൻ.സി.എൽ. റാങ്ക് ലിസ്റ്റുകൾ-9, 31.5; എസ്.സി., എസ്.ടി. റാങ്ക് പട്ടികകൾ എല്ലാ വിഭാഗങ്ങളിലെയും പി.ഡബ്ല്യു.ഡി. റാങ്ക് പട്ടികകൾ-5, 17.5.

ഇപ്രകാരം കട്ട് ഓഫ്‌ സ്കോർ നേടി ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പട്ടികകളിൽ സ്ഥാനം നേടുന്നവർക്കു മാത്രമേ ആർക്കിടെക്ചർ അഭിരുചിപരീക്ഷ അഭിമുഖീകരിക്കാനാവൂ. ആർക്കിടെക്ചർ അഭിരുചി പരീക്ഷ യോഗ്യതാ പരീക്ഷ മാത്രമാണ്. അതിന് നിശ്ചയിക്കപ്പെടുന്ന കട്ട് - ഓഫ് മാർക്ക് (എത്രയെന്ന് മുൻകൂട്ടി അറിയിക്കാറില്ല) നേടുന്നവർ ആർക്കിടെക്ചർ അഭിരുചി പരീക്ഷ ജയിച്ചതായി പരിഗണിക്കും. എല്ലാ വിഭാഗക്കാർക്കും പൊതുവായ ഒരു കട്ട് - ഓഫ് ആയിരിക്കും. മാത്രമല്ല, ഈ പരീക്ഷയ്ക്ക് പ്രത്യേകം റാങ്ക് ഉണ്ടായിരിക്കുന്നതല്ല. അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ജെ.്‌നഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാകും ഐ.ഐ.ടി. ബി.ആർക്ക് പ്രവേശനം.

Content Highlights: ask expert, JEE, JEE advanced, engineering, architecture