ഫാർമസി കോഴ്സിൽ മാനേജ്മെന്റ് സീറ്റിലെ പ്രവേശനത്തിന് കീം ഫാർമസി റാങ്ക് വേണോ? Ask Expert

ഫാർമസി കോഴ്സിൽ മാനേജ്മെന്റ് സീറ്റിലെ പ്രവേശനത്തിന് കീം ഫാർമസി റാങ്ക് വേണോ?-പ്രവീൺ, എറണാകുളം
കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിങ് ഫാർമസി കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എസ്.എസ്.പി.സി.എം.എ.) അംഗ സ്ഥാപനങ്ങളിലെ ബി.ഫാം., ഫാം.ഡി., ഡി.ഫാം. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.ksspcma.com വഴി സെപ്റ്റംബർ ഒമ്പത് വരെ അപേക്ഷിക്കാം.
സംസ്ഥാനസർക്കാർ അലോട്ടുചെയ്യുന്ന സ്ഥാപനങ്ങളിലെ സീറ്റുകൾ, എൻ.ആർ.ഐ. സീറ്റുകൾ എന്നിവ ഒഴികെയുള്ള സീറ്റുകളാണ് പ്രത്യേക തിരഞ്ഞെടുപ്പു പ്രക്രിയയിൽക്കൂടി അസോസിയേഷൻ നികത്തുന്നത്. ബി.ഫാം., ഡി.ഫാം. എന്നിവയ്ക്ക് 50 ശതമാനം സീറ്റ് സർക്കാരുമായ കരാറിനു വിധേയമായി ഗവൺമെന്റ് നികത്തും. ഇതിൽ സർക്കാർ നടത്തുന്ന ബി.ഫാം. പ്രവേശനത്തിന് കീവഴിയുള്ള ബി.ഫാം. റാങ്ക് വേണം. ഡി.ഫാമിലെ ഗവ. ക്വാട്ട പ്രവേശനം പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ്. ഫാം.ഡി.യുടെ 100 ശതമാനം സീറ്റും അസോസിയേഷൻ നികത്തും.
ബി.ഫാം. പ്രവേശനം തേടുന്നവർ 10+2 തല പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവ പഠിച്ച്, മാത്തമാറ്റിക്സ്/ബയോളജിക്ക് 50 ശതമാനം മാർക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നീ മൂന്നുവിഷയങ്ങൾക്കുംകൂടി 50 ശതമാനം മാർക്കുംവാങ്ങി ജയിച്ചിരിക്കണം.
ഫാം.ഡി. പ്രവേശനം തേടുന്നവർ 10+2 തല പരീക്ഷ, മാത്തമാറ്റിക്സ്/ബയോളജിക്ക് 50 ശതമാനം മാർക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കുംകൂടി 50 ശതമാനം മാർക്കും വാങ്ങി ജയിച്ചിരിക്കുകയോ ഡി.ഫാം. പരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കുകയോ വേണം.
ഡി.ഫാം. പ്രവേശനത്തിന് അപേക്ഷാർഥി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ച് സയൻസ് ഇന്റർമീഡിയറ്റ് പരീക്ഷ/സയൻസ് ത്രിവത്സര ബിരുദ കോഴ്സിന്റെ ആദ്യവർഷ പരീക്ഷ/സയൻസിൽ 10+2 അക്കാദമിക് സ്ട്രീം/പ്രീ-ഡിഗ്രി പരീക്ഷ/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. അക്കാദമിക് യോഗ്യത സംബന്ധിച്ച്, ഈ വ്യവസ്ഥകൾ മാത്രമാണ് കെ.എസ്.എസ്.പി.സി.എം.എ. പ്രോസ്പെക്ടസിൽ നൽകിയിരിക്കുന്നത്.
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന രീതി പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ ബി.ഫാം. ഗവൺമെന്റ് ക്വാട്ട സീറ്റുകൾ നികത്തുന്നതിനാണ് ബി.ഫാം. പ്രവേശന പരീക്ഷ നടത്തുന്നത്. സ്വാശ്രയ ഫാർമസി കോളേജുകൾ നികത്തുന്ന ബി.ഫാം. സീറ്റുകൾക്ക് കീം ബി.ഫാം. റാങ്ക് വേണമെന്ന നിബന്ധനയില്ല. എൽ.ബി.എസ്. വഴിയുള്ള ഡി.ഫാം. പ്രവേശനത്തിൽ ഗവൺമെന്റ് സീറ്റ് നികത്തുന്നത് യോഗ്യതാ പരീക്ഷാ മാർക്ക് അടിസ്ഥാനമാക്കിയാണ്. എൽ.ബി.എസ്. അലോട്ട്‌മെന്റിൽ ഫാം.ഡി. കോഴ്സ് ഉൾപ്പെടുന്നില്ല.
english.mathrubhumi.com /education/help-desk /ask-expert
Content Highlights: ask expert 2022