ജവഹർനഗർ വസ്തുതട്ടിപ്പ്: സബ് രജിസ്ട്രാർ അറസ്റ്റിൽ; കൈക്കൂലിയായി വാങ്ങിയത് 10 ലക്ഷവും 10 മൊബൈൽഫോണുകളും

#ന്യൂസ് ഡെസ്ക്
കെ.എസ്. ലക്ഷ്മി
കെ.എസ്. ലക്ഷ്മി

തിരുവനന്തപുരം: നാലരക്കോടിയോളം രൂപ വിലവരുന്ന ജവഹർനഗറിലെ വസ്തുവും വീടും വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്ത കേസിൽ ശാസ്തമംഗലം സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ.എസ്. ലക്ഷ്മി അറസ്റ്റിൽ. വീടും വസ്തുവും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ സഹായിച്ചെന്നാണ് കേസ്. ഒൻപതാം പ്രതിയായ ലക്ഷ്മി‌യെ മ്യൂസിയം പോലീസ് തിങ്കളാഴ്ച വൈകീട്ടാണ് അറസ്റ്റ് ചെയ്തത്.

പ്രധാന പ്രതി, കോൺഗ്രസ് നേതാവായിരുന്ന അനന്തപുരി മണികണ്ഠനിൽനിന്ന് 10 ലക്ഷവും 10 മൊബൈൽഫോണും കൈക്കൂലിയായി ഇവർ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. വ്യാജ പ്രമാണത്തിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് കേസിലെ പ്രതികളായ അനന്തപുരി മണികണ്ഠൻ, സയ്യിദ് അലി, സുനിൽ തോമസ് എന്നിവരും കേസിലെ രണ്ടാം പ്രതിയായ ചന്ദ്രസേനന്റെ മരുമകനായ അനിൽ തമ്പിയുമാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ തിരിച്ചറിയൽ കാർഡുൾപ്പെടെ വ്യാജമായി ഹാജരാക്കിയാണ് പ്രമാണത്തിൽ ഒപ്പിട്ടത്. ഇതിനായി ലക്ഷ്മി ഇവർക്ക് സൗകര്യം ഒരുക്കിക്കൊടുത്തു. സംശയംതോന്നാതിരിക്കാൻ സബ് രജിസ്‌ട്രാർ ഓഫീസിനു പുറത്തുവെച്ചാണ് പ്രമാണത്തിൽ പ്രതികൾ ഒപ്പിട്ടത്.

പ്രതികളുടെ തിരിച്ചറിയൽ കാർഡ് കൃത്യമായി പരിശോധിച്ചാണ് പ്രമാണത്തിൽ ഒപ്പിടീപ്പിച്ചതെന്നാണ് ലക്ഷ്മി ആദ്യം പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സൈബർ തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു. വസ്തു തട്ടിപ്പ് പുറത്തുവന്നതോടെ രജിസ്‌ട്രേഷൻ ഐ.ജി. സബ് രിജിസ്ട്രാർക്കു കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, മണികണ്‌ഠനെ അനുകൂലിച്ച റിപ്പോർട്ടാണ് അന്ന് സമർപ്പിച്ചത്. ലക്ഷ്മിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വ്യക്തതവരുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. വിദേശത്ത് താമസിക്കുന്ന ജവഹർ സ്വദേശി ഡോറയുടെ ഉടമസ്ഥതയിലുള്ള വീടും 14.5 സെന്റ് സ്ഥലവുമാണ് കഴിഞ്ഞ ജനുവരിയിൽ വ്യാജ ആധാരം ചമച്ച് പ്രതികൾ കൈക്കലാക്കിയത്. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേന മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബിന്റെ പേരിൽ വസ്തു ധനനിശ്ചയം ചെയ്തു. തുടർന്ന് മരുതംകുഴി സ്വദേശി ചന്ദ്രസേനന് വിലയാധാരം എഴുതിക്കൊടുക്കുകയായിരുന്നു.

Content Highlights: Sub-Registrar Arrested in Thiruvananthapuram Rs 4.5 Crore Property Fraud Case