ജോലി പോയതോടെ തർക്കം, ഭാര്യയെ കൊന്ന് മരപ്പെട്ടിക്കുള്ളിലാക്കി സിമന്റിട്ടു; ഭർത്താവ് അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ 39 കാരിയുടെ മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്റിട്ട് ഒളിപ്പിച്ച നിലയിൽ. എസ്എംഐഎംഇആർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയറ്റീഷൻ ശില്പയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശില്പയുടെ ഭർത്താവ് വിശാൽ സാൽവിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 20-നായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. ശില്പയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി ഭർത്താവ്, മൃതദേഹം മരപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് സിമന്റിട്ട് ഉറപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിയുടെ പഴയ വീട്ടിൽ ഈ പെട്ടി ഒളിപ്പിച്ചുവെച്ചു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പിന്നീട് പ്രതിതന്നെ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ള ഒരു കത്ത് മകൻ വഴി ബന്ധുക്കളിലേക്ക് എത്തിക്കുകയായിരുന്നു.
2010-ലാണ് ശിൽപയും വിശാലും വിവാഹിതരായത്. ഇവർക്ക് 18-ഉം 13-ഉം വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. സമാധാന പൂർണമായ ജീവിതമായിരുന്നു തങ്ങളുടേതെന്നും എന്നാൽ, പതിയെ പതിയെ ഇത് സാഹചര്യം മോശമാകാൻ തുടങ്ങിയെന്നും നിരന്തരം താനും ഭാര്യയും തർക്കത്തിൽ ഏർപ്പെട്ടു തുടങ്ങിയെന്നും സാൽവി കത്തിൽ പറയുന്നു. ഈ കത്തിൽ തന്റെ ഭാര്യയുടെ മൃതദേഹം എവിടെയെന്നതും സൂചിപ്പിക്കുന്നുണ്ട്. കത്ത് കിട്ടിയ മകൻ വിവരം ബന്ധുക്കളെ വാട്സാപ്പ് വഴി അറിയിക്കുകയായിരുന്നു. തൊഴിലില്ലാതായതോടെയാണ് സാൽവിയും ഭാര്യയും തമ്മിൽ തർക്കം തുടങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
ആദ്യഘട്ടത്തിൽ ശില്പ പുറത്തുപോയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചിരുന്നത്. സംശയം തോന്നിയ ശില്പയുടെ ബന്ധുക്കൾ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോൾ അവർ ആശുപത്രിയിൽ പോയെന്നും തിരിച്ചുവന്നില്ലെന്നും മറുപടി നൽകി. തുടർന്ന് ശില്പയുടെ ബന്ധുക്കൾ ഛത്തീസ്ഗഢിൽനിന്ന് സൂറത്തിലെത്തി പോലീസിനെ സമീപിച്ചു.
ഗത്യന്തരമില്ലാതെയാണ് ഇയാൾ കത്തെഴുതി മൃതദേഹത്തെക്കുറിച്ച് സൂചന നൽകിയത്. കത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിലെത്തുകയായിരുന്നു. പരിശോധനയിലാണ് ശില്പയുടെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Content Highlights: Victim Shilpa was a dietitian at SMIMER Medical College., Accused husband Vishal Salvi confessed via a letter sent through their son., Body was found hidden in a wooden box filled with cement after 5 days., Police investigation reveals domestic disputes triggered by the husband's unemployment., The couple had been married since 2010 and had two children.