നീയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടേക്കാം; വികാസ് ദുബെയുടെ അനുജനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് മാതാവ്

-
-

ലഖ്നൗ: കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ അനുജൻ ദീപ് പ്രകാശ് ദുബെയോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് മാതാവ് സരള ദേവി. എത്രയും പെട്ടെന്ന് പോലീസിന് മുന്നിൽ കീഴടങ്ങണമെന്നും അല്ലെങ്കിൽ നീയും നിന്റെ കുടുംബവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടേക്കുമെന്നുമാണ് സരള ദേവി മാധ്യമങ്ങളിലൂടെ ഇളയ മകനോട് അഭ്യർഥിച്ചത്.

നീ സമൂഹത്തിന് മുന്നിലേക്ക് വരണം, എന്നിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് പോലീസിനോട് പറയണം. നിനക്ക് പോലീസ് സംരക്ഷണം നൽകും. നീ വികാസ് ദുബെയുടെ സഹോദരനാണ്. അതിനാൽ ഒരിക്കലും ഒളിക്കരുതെന്നും സരള ദേവി പറഞ്ഞു.

കാൺപുരിൽ എട്ട് പോലീസുകാരെ വധിച്ച കേസിൽ വികാസ് ദുബെയുടെ സഹോദരനായ ദീപ് പ്രകാശ് ദുബെയും പ്രതിയാണ്. സംഭവത്തിന് ശേഷം ഒളിവിൽപോയ ദീപിനായി പോലീസ് അന്വേഷണം തുടരുകയാണ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പണം തട്ടിയെടുത്തെന്ന പരാതിയിൽ ഇയാൾക്കെതിരേ കൃഷ്ണനഗർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

അതേസമയം, രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വാസമുണ്ടെന്നും വികാസ് ദുബെയ്ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഭാര്യ റിച്ച ദുബെ പ്രതികരിച്ചു. പോലീസുകാരാണ് വികാസ് ദുബെയെ ഉപയോഗപ്പെടുത്തിയതെന്നും അവർ തന്നെ ദുബെയെ നശിപ്പിച്ചെന്നും റിച്ച ദുബെ പറഞ്ഞു.

Content Highlights:vikas dubeys mother appeals to her younger son to surrender

Content Highlights: