തിരുനെല്‍വേലി 'ഇരുട്ടുകടൈ' ഉടമ ആശുപത്രിയില്‍ ജീവനൊടുക്കി; സംഭവം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

ചെന്നൈ: തിരുനെല്‍വേലിയിലെ പ്രമുഖ മധുരപലഹാര സ്ഥാപനമായ ഇരുട്ടുകടൈയുടെ ഉടമ ഹരിസിങ്ങിനെ(80) ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കടുത്ത പനിയെ തുടര്‍ന്നാണ് ഹരിസിങ്ങിനെ പാളയംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം കോവിഡ് പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കോവിഡ് കെയര്‍ പ്രത്യേക ചികിത്സാവിഭാഗത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടത്.
തിരുനെല്‍വേലി ഹല്‍വ വില്‍പ്പനയിലൂടെയാണ് ഇരുട്ടുകടൈ എന്ന സ്ഥാപനം പ്രശസ്തമായത്. പേരിലെ വ്യത്യസ്തതയും ദിവസം മൂന്ന് മണിക്കൂര്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കുന്നതും ഇരുട്ടുകടൈയെ വേറിട്ടതാക്കി. ദിവസവും വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് കടയുടെ പ്രവര്‍ത്തനസമയം. പിന്നീട് ഓണ്‍ലൈന്‍ വില്‍പനയും ആരംഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: tirunelveli iruttukadai halwa owner hari singh found dead in hospital
Content Highlights: