പരീക്ഷാത്തട്ടിപ്പ് മുതൽ സെക്‌സ് വീഡിയോ വരെ,ലോറി വിളിച്ചെത്തി ATM കൊള്ള; മേവാത്തിലെ കൊടുംക്രിമിനലുകൾ

ഒന്നേകാല്‍ മണിക്കൂര്‍, 24 കിലോമീറ്റര്‍ ദൂരത്തിനുള്ളിലെ മൂന്ന് എ.ടി.എമ്മുകള്‍. കവര്‍ന്നത് 65 ലക്ഷം രൂപ. പോലീസെത്തും മുന്‍പേ അതിവേഗത്തിലായിരുന്നു തൃശ്ശൂരിലെ മൂന്ന് എ.ടി.എമ്മുകളിലും സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. എന്നാല്‍, തട്ടിയെടുത്ത പണവുമായി കണ്ടെയ്‌നര്‍ ലോറിയില്‍ കേരളം വിട്ട കൊള്ളസംഘത്തിന് തമിഴ്‌നാട്ടില്‍ പിടിവീണു. തമിഴ്‌നാട് പോലീസിനെ വെട്ടിച്ച് കടക്കാനുള്ള ശ്രമം അവസാനിച്ചത് ഏറ്റുമുട്ടലിലായിരുന്നു. പോലീസിന്റെ വെടിയേറ്റ് കൊള്ളസംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. പിന്നാലെ സംഘത്തിലെ ബാക്കി അഞ്ചുപേരെയും തമിഴ്‌നാട് പോലീസ് നാട്ടുകാരുടെ സഹായത്തോടെ അതിസാഹസികമായി കീഴടക്കി.
സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച നാമക്കല്‍ പള്ളിപാളയത്ത് അരങ്ങേറിയത്. കണ്ടെയ്‌നര്‍ ലോറിക്ക് പിന്നാലെയുള്ള നാമക്കല്‍ പോലീസിന്റെ ചേസിങ്ങും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലും പല ആക്ഷന്‍ ത്രില്ലര്‍ സിനിമകളെയും അനുസ്മരിപ്പിക്കുന്നതായിരുന്നു. എന്തിനും മടിയില്ലാത്ത ഹരിയാണയിലെ 'മേവാത് ഗ്യാങ്'ല്‍ ഉള്‍പ്പെട്ട കൊള്ളസംഘമായിരുന്നു തൃശ്ശൂരിലെ എ.ടി.എം. കവര്‍ച്ചയ്ക്ക് പിന്നിലും. നാമക്കലില്‍ പിടിയിലായവരില്‍ ആറുപേരും മേവാത് മേഖലയില്‍ ഉള്‍പ്പെട്ട ഹരിയാണയിലെ നൂഹ്, പല്‍വാല്‍ ജില്ലക്കാരാണ്. കൊള്ളയും സൈബര്‍ കുറ്റകൃത്യങ്ങളുമെല്ലാം പതിവാക്കിയ മേവാത് സംഘത്തിന്റെ കുപ്രസിദ്ധി നേരത്തെയും വാര്‍ത്തകളായിരുന്നു. പ്രൊഫഷണല്‍രീതിയില്‍ കവര്‍ച്ച നടത്തുന്ന, ക്രൂരമായ ആക്രമണസ്വാഭാവമുള്ള കൊള്ളസംഘങ്ങളാണ് ഹരിയാണ-രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന മേവാത് മേഖലയിലുള്ളത്. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായും മേവാത് അറിയപ്പെടുന്നു. രാജ്യത്തെ ഐ.പി.എസ്. ട്രെയിനിങ് ക്ലാസുകളിലും മേവാത് ഗ്യാങ്ങിന്റെ ഓപ്പറേഷനുകളും ഇതുസംബന്ധിച്ച കുറ്റാന്വേഷണവും പഠനവിഷയമാണ്.
Content Highlights: thrissur atm robbery and mewat criminal gangs sextortion cybercrimes and many crime activities