ജയിലില്‍ മട്ടന്‍ കിട്ടുമെന്ന് ഹമീദ്; തുരുതുരാ പെട്രോള്‍കുപ്പികള്‍, പൈപ്പും പൂട്ടി; തീയിട്ട് കൊന്നത് മകനെയും കുടുംബത്തെയും

ഇടുക്കി: സ്വത്തിന്റെ പേരില്‍ സ്വന്തം മകനോടും കുടുംബത്തോടുമുള്ള ഹമീദിന്റെ തീരാപ്പകയുടെ ബാക്കിയായിരുന്നു ചീനിക്കുഴി കൂട്ടക്കൊല. മകന് ഇഷ്ടദാനം നല്‍കിയ 58 സെന്റ് പുരയിടം തിരികെവേണമെന്നുള്ള വാശിയില്‍ ആലിയേക്കുന്നേല്‍ ഹമീദ് ചുട്ടുകൊന്നത് സ്വന്തം മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയുമായിരുന്നു. 2022 മാര്‍ച്ച് 19-നായിരുന്നു നാടിനെ ഞെട്ടിച്ച ആ കൂട്ടക്കൊല. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം കേസില്‍ ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ചീനിക്കുഴിയില്‍ പലചരക്ക് കട നടത്തിയിരുന്ന മുഹമ്മദ് ഫൈസല്‍(45), ഭാര്യ ഷീബ(45), മക്കളായ മെഹര്‍(16), അസ്‌ന(14) എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ്(82) വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. മകനും കുടുംബവും ഒരുകാരണവശാലും രക്ഷപ്പെടരുതെന്ന് കരുതി എല്ലാവിധ ആസൂത്രണത്തോടെയുമാണ് ഹമീദ് കൃത്യം നടത്തിയത്. രക്ഷപ്പെടാനായി ഫൈസലും മക്കളും അലറിവിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അയല്‍ക്കാര്‍ ഓടിയെത്തി തീയണച്ചപ്പോഴേക്കും കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇഷ്ടദാനം, തിരികെ വേണമെന്ന് ആവശ്യം...
ചീനിക്കുഴിയില്‍ മെഹ്‌റിന്‍ സ്റ്റോഴ്സെന്നപേരില്‍ പലചരക്കുകട നടത്തുകയായിരുന്നു മുഹമ്മദ് ഫൈസല്‍. കൊലപാതകംനടന്ന വീടുള്‍പ്പെടുന്ന 58 സെന്റ് പുരയിടം വര്‍ഷങ്ങള്‍ക്കുമുമ്പ് ഹമീദ് ഫൈസലിന് ഇഷ്ടദാനം നല്‍കിയതായിരുന്നു. മരണംവരെ ആദായവും ചെലവിനും നല്‍കണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നല്‍കുന്നില്ലെന്നാരോപിച്ച് ഹമീദ് വഴക്കിടുമായിരുന്നു. മകന്റെ പക്കല്‍നിന്ന് സ്വത്ത് തിരികെലഭിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ തൊടുപുഴ മുന്‍സിഫ് കോടതിയില്‍ കേസും നല്‍കി. ജീവിതച്ചെലവിന് പണമാവശ്യപ്പെട്ട് കുടുംബക്കോടതിയിലും കേസുകൊടുത്തു. സ്ഥലം തിരികെനല്‍കിയില്ലെങ്കില്‍ പെട്രോളൊഴിച്ച് തീവെച്ചുകൊല്ലുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസല്‍ 2022 ഫെബ്രുവരി 25-ന് കരിമണ്ണൂര്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ടുമക്കളും വീടിന്റെ ഒറ്റമുറിയിലായിരുന്നു താമസം. ഹമീദ് മറ്റൊരു മുറിയിലും.
ഹമീദിന്റെ വഴിവിട്ട ജീവിതം...
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടിറങ്ങിപ്പോയ ഹമീദ് പല സ്ത്രീകള്‍ക്കൊപ്പവും മാറിമാറി താമസിച്ചിരുന്നു. 20 വര്‍ഷത്തോളം മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനില്‍ താമസിച്ചിരുന്ന ഹമീദ് 2019-ലാണ് തിരികെ നാട്ടിലെത്തിയത്. തുടര്‍ന്നാണ് മകന്‍ ഫൈസലിനൊപ്പം താമസം ആരംഭിച്ചത്.
സ്വന്തം പേരില്‍ 65 സെന്റ് സ്ഥലവും ബാങ്കില്‍ നാലുലക്ഷത്തോളം രൂപ നിക്ഷേപവും ഉണ്ടായിരിക്കെയാണ് ഹമീദ് തങ്ങള്‍ക്കെതിരേ കേസ് കൊടുത്തതെന്ന് മറ്റൊരു മകനായ ഷാജി പറഞ്ഞിരുന്നു. മക്കള്‍ പരിചരിക്കുന്നില്ലെന്ന് പറഞ്ഞ് ഹമീദ് മനുഷ്യാവകാശ കമ്മീഷനിലടക്കം പരാതി നല്‍കിയിരുന്നു. സ്വത്ത് തിരികെ കിട്ടാനായി കോടതിയിലും പോലീസ് സ്‌റ്റേഷനിലും നിരവധി പരാതികള്‍ നല്‍കി. എന്നാല്‍, കമ്മീഷന്‍ നേരിട്ടെത്തി നടത്തിയ അന്വേഷണത്തില്‍ ഹമീദിന് യാതൊരു പ്രയാസവുമില്ലെന്നും താമസസൗകര്യവും ഭക്ഷണവും വസ്ത്രവുമെല്ലാം ലഭിക്കുന്നുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു. പക്ഷേ, അതിനുശേഷവും സ്വത്തിന്റെ കാര്യത്തില്‍ ഹമീദിന്റെ പക അവസാനിച്ചിരുന്നില്ല.
എല്ലാദിവസവും ഇറച്ചിയും മീനും വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. പുരയിടവും സ്വത്തും തിരികെ നല്‍കിയില്ലെങ്കില്‍ എല്ലാവരെയും തീവെച്ച് കൊല്ലുമെന്നും ഹമീദ് ഭീഷണി മുഴക്കിയിരുന്നു. അവസാനകാലംവരെ നല്ല ഭക്ഷണം കഴിക്കണമെന്നും ജയിലില്‍ ഇപ്പോള്‍ മട്ടനുണ്ടെന്നും അതിനാല്‍ അതിനുള്ള വഴി താന്‍ നോക്കുമെന്നും ഹമീദ് നേരത്തേ നാട്ടുകാരോട് പറഞ്ഞിരുന്നു.
നാടിനെ നടുക്കിയ ക്രൂരത...
സംഭവദിവസവും ഹമീദ് വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മകനെയും കുടുംബത്തെയും വകവരുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തത്. ചീനിക്കുഴി ഭാഗത്ത് പെട്രോള്‍ പമ്പുകളില്ലാത്തതിനാല്‍ ഫൈസല്‍ പലചരക്ക് കടയില്‍ പെട്രോള്‍ കുപ്പികളിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പെട്രോള്‍ കുപ്പികളാണ് ഹമീദ് കൃത്യം നടത്താനുള്ള ആയുധമാക്കി മാറ്റിയത്. ആരുമില്ലാത്ത സമയത്ത് രാത്രി ഹമീദ് ഈ പെട്രോള്‍ കുപ്പികളില്‍ തിരിയിട്ട് പെട്രോള്‍ബോംബുകളാക്കി. ഇത്തരത്തില്‍ പത്തിലധികം പെട്രോള്‍ബോംബുകള്‍ തയ്യാറാക്കി രഹസ്യമായി സൂക്ഷിച്ചു. തുടര്‍ന്ന് എല്ലാവരും ഉറങ്ങിയതോടെ അടുത്തഘട്ടത്തിലേക്ക് കടന്നു. തീപിടിച്ചാല്‍ വേഗം അണയ്ക്കാതിരിക്കാനും ആരും രക്ഷപ്പെടാതിരിക്കാനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. ഇതിനായി പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചു. വാട്ടര്‍ടാങ്കിലെ വെള്ളം ഒഴുക്കികളഞ്ഞു. തുടര്‍ന്നാണ് ഫൈസലും കുടുംബവും കിടന്നുറങ്ങിയ മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയത്. വീട്ടിലെ മറ്റുവാതിലുകളും അടച്ച് ഇയാള്‍ പുറത്തിറങ്ങി. തുടര്‍ന്നാണ് വീട്ടിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീ ആളിപ്പടരാനായി നേരത്തേ തയ്യാറാക്കിയ പെട്രോള്‍കുപ്പികള്‍ ഓരോന്നായി വീടിനുള്ളിലേക്കും ഫൈസലിന്റെ മുറിയിലേക്കും വലിച്ചെറിഞ്ഞു. ഇതിനിടെ ഫൈസലിന്റെ മകള്‍ മെഹര്‍ അയല്‍ക്കാരനായ രാഹുലിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 'ഓടിവായോ അങ്കിളേ ഞങ്ങളെ രക്ഷിക്കണേ' എന്നാണ് മെഹര്‍ ഫോണിലൂടെ കരഞ്ഞുപറഞ്ഞത്. ഇത് കേട്ടയുടന്‍ രാഹുല്‍ വീട്ടില്‍നിന്ന് താഴേയുള്ള ഫൈസലിന്റെ വീട്ടിലേക്ക് ഓടിയെത്തി. ഹമീദ് അടച്ചുപൂട്ടിയ മുന്‍വശത്തെ വാതില്‍ ചവുട്ടിത്തുറന്ന് അകത്തെത്തി. അപ്പോഴും തീ ആളിക്കത്തുകയായിരുന്നു. വീട്ടിലാകെ പെട്രോളിന്റെയും പുകയുടെയും ഗന്ധം. എന്നിട്ടും ധൈര്യം കൈവിടാതെ കിടപ്പുമുറി ചവിട്ടിത്തുറന്നു. ഈ സമയം പിന്‍വാതില്‍ വഴിയെത്തിയ ഹമീദ് പെട്രോള്‍ നിറച്ച രണ്ട് കുപ്പികള്‍ കൂടെ രാഹുലിന്റെ പിറകിലൂടെ അകത്തേക്കെറിഞ്ഞു. മുറിയിലെ ബെഡ്ഡിന് തീപ്പിടിച്ച് ആളിക്കത്തി. ഇതോടെ പ്രാണരക്ഷാര്‍ഥം കുളിമുറിയില്‍ കയറിയ നാലംഗകുടുംബത്തെ രക്ഷിക്കാന്‍ കഴിയാതെപോയി. തീ ആളിപടരുമ്പോള്‍ രക്ഷയ്ക്കായി കേഴുന്ന അവരുടെ ശബ്ദം മാത്രമാണ് രാഹുലിന് കേള്‍ക്കാനായത്. ഇതിനിടെ ഹമീദ് രാഹുലിനെ തള്ളിയിടാനും ശ്രമിച്ചു. തിരികെ തള്ളിയതോടെ ഹമീദ് പുറത്തേക്ക് ഓടി. രാഹുലിന്റെ വീട്ടുകാരാണ് മറ്റുള്ളവരെ വിളിച്ചുകൂട്ടി തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറത്തുനിന്ന് പൈപ്പിട്ട് വെള്ളമൊഴിച്ച് തീകെടുത്തിയപ്പോഴേക്കും ഫൈസലും പെണ്‍കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം മരണത്തിന് കീഴടങ്ങിയിരുന്നു.
ഉള്ളുലഞ്ഞ് നാട്...
മഞ്ചിക്കല്ലില്‍ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശം നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ഫൈസലിനെയും കുടുംബത്തെയും പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
പിതാവ് ഹമീദുമായി പ്രശ്നങ്ങള്‍ നിലനിന്നതുമൂലമാണ് ഭാര്യ ഷീബയുടെപേരില്‍ മഞ്ചിക്കല്ലില്‍ ഫൈസല്‍ സ്ഥലം വാങ്ങി വീടുനിര്‍മാണം ആരംഭിച്ചത്. ഏപ്രില്‍ ആദ്യംതന്നെ വീട്ടിലേക്ക് മാറിത്താമസിക്കാവുന്ന രീതിയില്‍ അതിവേഗത്തിലായിരുന്നു നിര്‍മാണം. വെറും ആറുദിവസത്തെ ജോലികള്‍ മാത്രമാണ് പുതിയ വീട്ടില്‍ അവശേഷിച്ചിരുന്നത്. പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടില്‍ ഇറക്കിയിരുന്നു. വീട്ടിലേക്കുള്ള ഫര്‍ണിച്ചറായി ഒരു ഡൈനിങ് ടേബിള്‍മാത്രമാണ് പണിയാനുണ്ടായിരുന്നത്.പഴയ വീട്ടില്‍നിന്ന് ഒന്നും എടുക്കുന്നില്ലെന്നും ബന്ധുക്കളോട് ഫൈസല്‍ പറഞ്ഞിരുന്നു. എന്നാല്‍, അവിടേക്ക് കൂടുമാറുംമുന്‍പുതന്നെ വിധി അവരെ തിരികെ വിളിച്ചു.
പഠിച്ചുവലുതായി വലിയ ജോലിയൊക്കെ നേടണമെന്നായിരുന്നു മെഹറിന്റെയും അസ്‌നയുടെയും ആഗ്രഹം. പഠനത്തില്‍ മാത്രമല്ല, കലാപ്രവര്‍ത്തനങ്ങളിലും ആയോധനകലയിലും അവര്‍ മിടുക്കരായിരുന്നു. പക്ഷേ, ലോകത്തെയറിയാനാഗ്രഹിച്ച ആ പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍കൂടിയാണ് മുത്തച്ഛന്റെ പകയില്‍ കത്തിച്ചാമ്പലായത്. മുറിക്കുള്ളില്‍ പാതികത്തി ബാക്കിയായ അവരുടെ പാഠപുസ്തകങ്ങളും കാലിലണിഞ്ഞ കൊലുസും കളിപ്പാട്ടങ്ങളും നാട്ടുകാര്‍ക്ക് ഇന്നും നോവാണ്.
തൊടുപുഴ എ.പി.ജെ. അബ്ദുല്‍കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു മെഹര്‍. കൊടുവേലി സാന്‍ജോസ് സി.എം.ഐ. പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അസ്‌ന. മുത്തച്ഛനും വാപ്പയുമായി വഴക്കായിരുന്നതിനാല്‍ പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ ആശ്വാസമായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ വിധി അവരെ അതിന് അനുവദിച്ചില്ല.
Content Highlights: Court finds grandfather Hameed guilty in the brutal Cheenikkuzhi double murder case. He killed his son, daughter-in-law, and two grandchildren over property dispute. Verdict soon.