ഞെട്ടിച്ച് ലൈംഗികവിവാദം, 80,000 വീഡിയോ; തായ് യുവതിയുടെ കെണിയിൽവീണ് സന്ന്യാസിമാർ, ബെൻസും സമ്മാനം

ബാങ്കോക്ക്: തായ്‌ലാന്‍ഡിനെ ഞെട്ടിച്ച ലൈംഗികവിവാദത്തില്‍ ആരോപണവിധേയയായ യുവതി അറസ്റ്റില്‍. 'സിക്ക മിസ് ഗോള്‍ഫ്' എന്ന പേരിലറിയപ്പെടുന്ന വിലാവന്‍ എംസാവത്തി(35)നെയാണ് ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. തായ്‌ലാന്‍ഡിലെ ബുദ്ധസന്ന്യാസിമാര്‍ സ്ത്രീകളെ അഭിസംബോധനചെയ്യുന്ന വാക്കാണ് സിക്ക.
തായ്‌ലാന്‍ഡിലെ ഒട്ടേറെ ബുദ്ധസന്ന്യാസിമാരുമായി അടുപ്പം സ്ഥാപിച്ച് ശാരീരികബന്ധം പുലര്‍ത്തുകയും പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു യുവതിയുടെ രീതി. ഏകദേശം ഇരുപതോളം ബുദ്ധസന്ന്യാസിമാര്‍ യുവതിയുടെ കെണിയില്‍ വീണതായാണ് റിപ്പോര്‍ട്ട്. സാമ്പത്തികമായി മെച്ചപ്പെട്ട സന്ന്യാസിമാരെ കേന്ദ്രീകരിച്ചായിരുന്നു മിസ് ഗോള്‍ഫിന്റെ ഹണിട്രാപ്പ്. പിന്നീട് ഇവരില്‍നിന്ന് പലതവണകളായി പണം അപഹരിച്ചു. എന്നാല്‍, സന്ന്യാസിമാരുമായി അടുപ്പം സ്ഥാപിച്ചത് സമ്മതിച്ച യുവതി, തനിക്ക് അവരോടെല്ലാം പ്രണയമായിരുന്നെന്നാണ് പ്രതികരിച്ചത്. തായ്‌ലാന്‍ഡിലെ ഒട്ടേറെ ബുദ്ധക്ഷേത്രങ്ങളിലെ സന്ന്യാസിമാര്‍ ലൈംഗികവിവാദത്തില്‍ കുടുങ്ങിയത് തായ് ജനതയെ ഒന്നടങ്കം ഞെട്ടിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പുറത്തറിഞ്ഞത് ഇങ്ങനെ...
സെന്‍ട്രല്‍ ബാങ്കോക്കിലെ പ്രമുഖനായ ഒരു ബുദ്ധസന്ന്യാസിയുടെ തിരോധാനത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് തായ്‌ലാന്‍ഡിനെ ഞെട്ടിച്ച ലൈംഗികവിവാദം പുറത്തറിയാന്‍ കാരണമായത്. പോലീസിന്റെ അന്വേഷണത്തില്‍ സന്ന്യാസിക്ക് യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിനുപിന്നാലെയാണ് ഒട്ടേറെ സന്ന്യാസിമാരുമായി യുവതി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായും ഇത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയതായും വ്യക്തമായത്.
പ്രണയം നടിച്ച് അടുപ്പം...
തായ്‌ലാന്‍ഡിലെ പ്രമുഖ ബുദ്ധക്ഷേത്രങ്ങളിലെ മുതിര്‍ന്ന സന്ന്യാസിമാരെയാണ് വിലാവന്‍ ലക്ഷ്യമിട്ടിരുന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ വന്‍തുക നഷ്ടമായതിന് പിന്നാലെയാണ് പുതിയ കെണിയുമായി യുവതി സന്ന്യാസിമാരെ സമീപിച്ചത്. പ്രണയം നടിച്ച് സന്ന്യാസിമാരുമായി അടുപ്പം സ്ഥാപിച്ചശേഷം ഇവരുമായി ശാരീരികബന്ധത്തിലേര്‍പ്പെടും. ഇതിനുപിന്നാലെയാണ് പണം ചോദിച്ചുള്ള ഭീഷണി ആരംഭിക്കുന്നത്. രഹസ്യബന്ധം പുറത്തുപറയുമെന്നും ഗര്‍ഭിണിയാണെന്നും പറഞ്ഞാണ് യുവതി ഭീഷണിപ്പെടുത്തിയിരുന്നതെന്നും തായ്‌ലാന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റെയ്ഡില്‍ ഞെട്ടി പോലീസ്...
യുവതിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 80,000-ഓളം അശ്ലീലവീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒട്ടേറെ സന്ന്യാസിമാര്‍ക്കൊപ്പം ലൈംഗികദൃശ്യങ്ങളായിരുന്നു ഇതെല്ലാം. അഞ്ച് മൊബൈല്‍ഫോണുകളും ഇതിലെ ചാറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുതിര്‍ന്ന പല സന്ന്യാസിമാരുമായും യുവതി ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ഇതിനുപുറമേ ബുദ്ധസന്ന്യാസിമാരുടെ പത്തോളം സ്ഥാനവസ്ത്രങ്ങളും യുവതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു.
2019 മുതലാണ് യുവതി സന്ന്യാസിമാരുമായി അടുപ്പംസ്ഥാപിച്ച് പണം തട്ടല്‍ ആരംഭിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മാത്രം ഏകദേശം 380 മില്യണ്‍ ബാത്ത്(ഏകദേശം 101 കോടി രൂപ) ആണ് യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുള്ളത്. ഇതിനുപുറമേ മെഴ്‌സിഡസ് ബെന്‍സ് എസ്എല്‍കെ 200 ആഡംബര കാറും വിലകൂടിയ സമ്മാനങ്ങളും യുവതിക്ക് ലഭിച്ചിരുന്നു.
വിവാദം, ശുദ്ധീകരണം നടത്തുമെന്ന് സര്‍ക്കാര്‍...
മിസ് ഗോള്‍ഫിന്റെ കെണിയില്‍ കുടുങ്ങിയ എട്ട് മുതിര്‍ന്ന സന്ന്യാസിമാരെ ഇതിനകം അയോഗ്യരാക്കിയിട്ടുണ്ട്. ഇവരുടെ സന്യാസ വസ്ത്രം തിരികെ വാങ്ങി. റോയല്‍ തായ് പോലീസിന്റെ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് നിലവില്‍ ലൈംഗികവിവാദത്തില്‍ അന്വേഷണം നടത്തുന്നത്. അതിനിടെ, രാജ്യവ്യാപകമായി ബുദ്ധക്ഷേത്രങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ശുദ്ധികലശം നടത്തുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. സന്ന്യാസിമാരെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അറിയിക്കാനായി ഹോട്ട്‌ലൈനും പോലീസ് ആരംഭിച്ചു. ബുദ്ധക്ഷേത്രങ്ങളും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും സാമ്പത്തികകാര്യങ്ങളിലും സന്ന്യാസിമാരുടെ വിഷയങ്ങളിലും സുതാര്യത ഉറപ്പാക്കണമെന്ന് ആക്ടിങ് പ്രധാനമന്ത്രി ഫുംതാം വെചായച്ഛായ് നിര്‍ദേശിച്ചു.
ബന്ധമുണ്ടെന്ന് യുവതി...
രണ്ട് സന്ന്യാസിമാരുമായും ഒരു മതാധ്യാപകനുമായും ബന്ധമുണ്ടായിരുന്നതായി വിലാവന്‍ സമ്മതിച്ചതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ ബന്ധങ്ങളില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും എന്നാല്‍, അവരുമായി പ്രണയം മാത്രമായിരുന്നുവെന്നും യുവതി പറഞ്ഞു. സന്ന്യാസിമാരില്‍നിന്ന് ആഡംബരകാര്‍ ഉള്‍പ്പെടെ വിലകൂടിയ സമ്മാനങ്ങള്‍ ലഭിച്ചതായും അക്കൗണ്ട് വഴി പണം വാങ്ങിയെന്നും യുവതി സമ്മതിച്ചു. എന്നാല്‍, പണം താനുമായി ബന്ധമുള്ള മറ്റൊരു സന്ന്യാസിക്ക് കൈമാറിയതായും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Content Highlights: Thailand Sex Scandal, Woman Sika Miss Golf Arrested