പാമ്പിനെ ആയുധമാക്കി കൊല; നാഗ്പുരില്‍ പ്രതി മകന്‍, രാജസ്ഥാനിലെ കാരണം മരുമകളുടെ രഹസ്യബന്ധം

പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപാതകം നടത്തിയ സംഭവം ഉത്ര വധക്കേസിന് മുമ്പ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടിരുന്നില്ല. പക്ഷേ, മഹാരാഷ്ട്രയിലെ നാഗ്പുരിലും രാജസ്ഥാനിലെ ജുന്‍ജുനുവിലെ സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നാഗ്പുരില്‍ മാതാപിതാക്കളെ മകന്‍ ക്വട്ടേഷന്‍ കൊടുത്തുകൊല്ലിച്ചത് പാമ്പിനെക്കൊണ്ട് കൊത്തിച്ചാണ്. 2010-ലായിരുന്നു സംഭവം. സ്വത്തുക്കള്‍ നേടിയെടുക്കാനായിരുന്നു ഈ കൊലപാതകം. മൂര്‍ഖന്‍ പാമ്പിനെയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
84 വയസ്സുകാരനായ ഗണപത്റാവും രണ്ടാംഭാര്യ 78 വയസ്സുകാരിയായ സരിതാ ബായിയുമാണ് കൊല്ലപ്പെട്ടത്. ഗണപത് റാവുവിന്റെ മകന്‍ നിര്‍ഭയയായിരുന്നു ഈ കൊലപാതകത്തിനുപിന്നില്‍. അഞ്ചുലക്ഷംരൂപയ്ക്കായിരുന്നു ക്വട്ടേഷന്‍.
കൊല്ലപ്പെട്ടവരെയും ഡ്രൈവറെയും തട്ടിക്കൊണ്ടു പോയി, ഡ്രൈവറെ കാറില്‍നിന്ന് മാറ്റിയശേഷം മുന്‍സീറ്റില്‍ പാമ്പുപിടിത്തക്കാരന്‍ കയറി ഇവരെ പാമ്പിനെക്കൊണ്ട് കൊത്തിക്കുകയായിരുന്നു. കൈയിലാണ് രണ്ടുപേര്‍ക്കും കടിയേറ്റത്. അവശനിലയിലായ ഇവരെ ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.
അന്വേഷണത്തില്‍ നിര്‍ഭയ്, കൂട്ടുപ്രതികളായ പ്രകാശ് ഇന്‍ഗോള്‍, കമല്‍ ബദേല്‍, പാമ്പ് പിടിത്തക്കാന്‍ സന്ദീപ് എന്നിവര്‍ പിടിയിലായി. പോസ്റ്റുേമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് കടിയേറ്റ പാടുകളെക്കുറിച്ച് പറഞ്ഞിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ കോടതി ഇവരെ വെറുതേവിട്ടു. പാമ്പ് കടിച്ചെന്ന് കണ്ടെത്തിയെങ്കിലും അത് മനഃപൂര്‍വമാണെന്ന് തെളിയിക്കാനായില്ല.
രാജസ്ഥാനിലെ കൊലപാതകം...
രാജസ്ഥാനിലെ ജുന്‍ജുനുവിലും ഉത്ര വധക്കേസിന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജുന്‍ജുനു സ്വദേശിനിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ച സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മരുമകളും കാമുകനും സുഹൃത്തും ചേര്‍ന്നാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് സുബോദ ദേവിയെ കൊലപ്പെടുത്തിയത്. കേസിലെ മൂന്നാംപ്രതിയായ കൃഷ്ണകുമാര്‍ ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി, ഇത്തരം കൊലപാതകങ്ങള്‍ പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും നിരീക്ഷിച്ചിരുന്നു.
2019 ജൂണ്‍ രണ്ടിനാണ് രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവങ്ങളാണ് പിന്നീട് ഇവിടെയും സംഭവിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സുബോദ ദേവിയുടെ മരുമകള്‍ അല്പന, കാമുകനായ മനീഷ് എന്നിവര്‍ക്കെതിരേയായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുബോദ ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. അല്പനയുടെയും മനീഷിന്റെയും സുഹൃത്താണ് കേസിലെ മറ്റൊരു പ്രതിയായ കൃഷ്ണകുമാര്‍. കൊലപാതകത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
2018 ഡിസംബര്‍ 18-നാണ് അല്പനയും സുബോദ ദേവിയുടെ മകനായ സച്ചിനും വിവാഹിതരാകുന്നത്. ഭര്‍ത്താവ് സച്ചിന്‍ സൈന്യത്തിലായതിനാല്‍ അല്‍പനയും ഭര്‍തൃമാതാവായ സുബോദ ദേവിയും മാത്രമാണ് ജുന്‍ജുനുവിലെ വീട്ടില്‍ താമസിച്ചിരുന്നത്. സുബോദ ദേവിയുടെ മറ്റൊരു മകനും സൈനികനാണ്. ഭര്‍ത്താവ് രാജേഷും ജോലിയാവശ്യാര്‍ഥം മറ്റൊരിടത്തായിരുന്നു താമസം.
ഭര്‍തൃവീട്ടില്‍ താമസം തുടരുന്നതിനിടെയാണ് ജയ്പുര്‍ സ്വദേശിയായ മനീഷുമായി അല്പന അടുപ്പത്തിലാകുന്നത്. ഫോണിലൂടെ ആരംഭിച്ച രഹസ്യബന്ധം പ്രണയമായി വളര്‍ന്നു. ഏറെനേരവും അല്പന മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ഭര്‍തൃമാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അധികമായി ഫോണില്‍ സംസാരിക്കുന്നതിനെ ഇവര്‍ എതിര്‍ക്കുകയും ചെയ്തു. പിന്നീടാണ് മരുമകള്‍ മനീഷുമായി പ്രണയത്തിലാണെന്ന് സുബോദ ദേവിക്ക് മനസിലായത്. ഇതോടെ മരുമകളെ വഴക്കുപറയുകയും ചെയ്തു.
സുബോദ ദേവി പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഇവരെ കൊലപ്പെടുത്താനായിരുന്നു അല്പനയുടെയും മനീഷിന്റെയും തീരുമാനം. ഒരിക്കലും പിടിക്കപ്പെടാത്തതരത്തില്‍ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തു.
2019 ജൂണ്‍ രണ്ടിനാണ് സുബോദ ദേവിയെ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരമാസത്തിന് ശേഷമാണ് സംഭവത്തില്‍ കുടുംബം പരാതി നല്‍കിയത്. സുബോദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അല്പനയെ സംശയമുണ്ടെന്നുമായിരുന്നു പരാതി. അല്പനയുടെയും മനീഷിന്റെയും ഫോണ്‍നമ്പറുകളും പോലീസിന് കൈമാറി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ മനീഷും അല്പനയും തമ്മിലുള്ള ബന്ധം കണ്ടെത്തി. സുബോദ ദേവി മരിച്ചദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ഇവരുടെ സുഹൃത്തായ കൃഷ്ണകുമാറിനെ അല്പന 19 തവണയാണ് അന്നേദിവസം വിളിച്ചത്. ചില മെസേജുകളും ഇവരുടെ ഫോണുകളില്‍നിന്ന് പോലീസ് കണ്ടെടുത്തു. പാമ്പാട്ടിയുടെ കൈയില്‍നിന്ന് പതിനായിരം രൂപയ്ക്ക് മനീഷും കൃഷ്ണകുമാറും ചേര്‍ന്ന് പാമ്പിനെ വാങ്ങിയതിനും തെളിവ് ലഭിച്ചു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
2020 ജനുവരി നാലിനാണ് അല്പന, മനീഷ്, കൃഷ്ണകുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ മൂന്ന് പ്രതികളും ജയിലിലാണ്. ഇതിനിടെയാണ് കൃഷ്ണകുമാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.
Content Highlights: