വ്യാജ സോഫ്റ്റ്‌വേർവഴി തത്കാൽ ടിക്കറ്റ് തട്ടിപ്പ്; അന്താരാഷ്ട്രസംഘം പിടിയിൽ
മുംബൈ: വെബ്സൈറ്റിലെ സുരക്ഷാസംവിധാനങ്ങളൊക്കെ മറികടക്കുന്ന വ്യാജ സോഫ്റ്റ്‌വേർ ഉപയോഗിച്ച് തത്കാൽ ടിക്കറ്റ് ബുക്കുചെയ്യാനുള്ള സംവിധാനം നിർമിച്ച വൻസംഘത്തെ റെയിൽവേ പോലീസ് പിടികൂടി. സോഫ്റ്റ്‌വേർ നിർമിച്ചതും വിതരണംചെയ്തതുമായ സംഘത്തിലെ 26 പേരാണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാനിയായ സോഫ്റ്റ്‌വേർ എൻജിനിയർ ദുബായിൽ ആണെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലെ ഇന്ത്യൻ നേതാവ് ഗുലാം മുസ്തഫ, പശ്ചിമമേഖലാ തലവൻ ദീപാൽ സാഹ എന്നിവർ അറസ്റ്റിലായവരിൽപെടും. മുസ്തഫയെ െബംഗളൂരുവിൽവെച്ചും സാഹയെ മുംബൈയിലെ ബോറിവ്‌ലിയിൽവെച്ചുമാണ് ആർ.പി.എഫ്. പിടികൂടിയത്.
വിവിധ തീവണ്ടികളിലെ തത്കാൽ ടിക്കറ്റുകളിൽ 50 ശതമാനവും ബുക്ക് ചെയ്യപ്പെടുന്നത് ഇവരുടെ വ്യാജ സോഫ്റ്റ്‌വേർവഴിയായിരുന്നു എന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. 40 സെക്കൻഡുകൾക്കുള്ളിൽ ടിക്കറ്റ് ബുക്കുചെയ്യാൻ കഴിയുന്നു എന്നതാണ് ഈ സോഫ്റ്റ്‌വേറിന്റെ പ്രത്യേകത. മുമ്പും റെയിൽവേ പോലീസ് ഇത്തരത്തിലുള്ള സോഫ്റ്റ്‌വേറുകൾ പിടികൂടിയിരുന്നു.
വ്യാജ സോഫ്റ്റ്‌വേർ തയ്യാറാക്കാൻ ദുബായിൽ എൻജിനിയർമാരുടെ ഒരു സംഘംതന്നെയുണ്ട്. ഇവ ഇന്ത്യയിലെ 30 സൂപ്പർ അഡ്മിനുകൾക്കാണ് അയച്ചുകൊടുക്കാറ്. ഇവർ ഇത് സോഫ്റ്റ്‌വേർ വിൽപ്പനക്കാരായ 300 പേരിലേക്ക് എത്തിക്കുന്നു. അവരാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഇരുപതിനായിരത്തോളം ബുക്കിങ് ഏജന്റുമാർക്ക് ഇവ വിൽക്കുന്നത്. ഒരു ടിക്കറ്റിന് 200 മുതൽ 500 വരെ രൂപ അധികം ഈടാക്കുമ്പോൾ വൻസംഖ്യയാണ് ഇതിലൂടെ ഓരോ ദിവസവും സമാഹരിക്കപ്പെടുന്നത്.
ടിക്കറ്റ് ബുക്കുചെയ്യുമ്പോൾ സാധാരണ ചോദിക്കാറുള്ള ‘ക്യാപ്ച’, പണം കൈമാറാനുള്ള ഒ.ടി.പി. നമ്പർ എന്നിവയൊന്നും വ്യാജ സോഫ്റ്റ്‌വേർ ഉപയോഗിക്കുമ്പോൾ ആവശ്യമില്ല. സാധാരണ ഒരു ടിക്കറ്റ് ബുക്കുചെയ്യാൻ രണ്ടുമിനിറ്റിലധികം എടുക്കുമ്പോൾ വ്യാജ സോഫ്റ്റ്‌വേർവഴി 40 സെക്കൻഡുകൾക്കുള്ളിൽ ടിക്കറ്റ് ബുക്കുചെയ്യാൻ കഴിയുന്നു. തത്കാൽ ടിക്കറ്റുകൾ പെട്ടെന്ന് തീർന്നുപോകുന്നതിന് കാരണങ്ങളിലൊന്ന് ഇത്തരം സോഫ്റ്റ്‌വേർ ഉപയോഗിക്കുന്നു എന്നുള്ളതാണ്. തട്ടിപ്പ് പിടികൂടാതിരിക്കാൻ എല്ലാദിവസവും രാവിലെ സോഫ്റ്റ്‌വേറിന്റെ പുതിയ പതിപ്പുണ്ടാക്കി ഏജന്റുമാർക്ക് വിതരണംചെയ്യുകയാണ് പതിവ്. റെയിൽവേയുടെ സൈബർ വിജിലൻസിന് പിടികൂടാൻ കഴിയാതിരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
Content Highlights: Railway ticket fraudulent, tatkal IRCTC, international gang arrested
Content Highlights: