റാഗിങ്ങ്, അന്ന് യുവാവിന് പരിക്കേറ്റത് വൃക്കകള്‍ക്ക്; ഈ വിപത്ത് ഇവിടെനിന്ന് പോകുന്നില്ല | പരമ്പര 5

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഗിങ് എന്ന ക്രൂരതയെക്കുറിച്ചുള്ള പരമ്പര വായിച്ച് ഉള്ളുലഞ്ഞവര്‍ ഒട്ടേറെ. വായനക്കാര്‍ ഞങ്ങളെ വിളിച്ചും നേരില്‍ വന്നും പറഞ്ഞത് ഇനിയും ആരും അറിയാത്ത ഒട്ടേറെ പീഡനങ്ങളുടെ വിവരങ്ങള്‍. എല്ലാം തകര്‍ന്നുപോയ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍. ഇനിയും സാധാരണ അവസ്ഥയിലേക്ക് മടങ്ങാത്തവര്‍. ഇങ്ങനെ ഒട്ടേറെ ഇരകള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്കായി സമൂഹം എന്തുചെയ്തു. ആര്‍ക്കും ഉത്തരമില്ല. 

ഇരകളില്‍ മറ്റൊരുകൂട്ടരുണ്ട്. പോരാടി മടങ്ങിവന്നവര്‍. അതിലൊരാളാണ് കോട്ടയത്തെ ഒരു കോളേജില്‍ റാഗിങ്ങിന് ഇരയായ വ്യക്തി. വൃക്കകള്‍ക്ക് സാരമായ ക്ഷതമേറ്റു. ഏറെ ചികിത്സ നേടിയശേഷം അദ്ദേഹം ദൃഢനിശ്ചയത്തോടെ മടങ്ങുകയാണ്. പൊതുപ്രവര്‍ത്തനവും ഒപ്പമുണ്ട്. പക്ഷേ, തന്റെ ജീവിതം ഇനിയും എഴുതേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു. കാരണം എല്ലാം മറക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. എസ്.എം.ഇ. കേസിലെ ഇരയും സമാനമായ അഭിപ്രായമാണ് പങ്കിട്ടത്. ആഞ്ഞുതറച്ച ആണിയെ ഒരുവിധം പിഴുതെറിഞ്ഞ് പോയവര്‍.

ഗാന്ധിനഗര്‍ റാഗിങ്ങിനെതിരേ സമൂഹവികാരം ആളിക്കത്തിനില്‍ക്കുമ്പോഴാണ് തിരുവനന്തപുരത്ത് മറ്റൊരു ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. എന്തൊക്കെ ചെയ്താലും ഈ വിപത്ത് ഇവിടെനിന്ന് പോകുന്നില്ലെന്ന് വിളിച്ചുപറയുംപോലെ. ഈ വിഷയത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പ്രതികരണങ്ങളാണ് ചുവടെ 

സംസ്ഥാനതലത്തില്‍ ആന്റി റാഗിങ് സെല്‍ വരും -ആര്‍. ബിന്ദു, ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്ത് റാഗിങ് കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ ആന്റി റാഗിങ് സെല്‍  രൂപവത്കരിക്കും. നിലവില്‍ കോളേജുകള്‍, യൂണിവേഴ്സിറ്റി, യു.ജി.സി. എന്നിങ്ങനെ മൂന്ന് തലത്തിലാണ് ആന്റി റാഗിങ് സെല്ലുകള്‍ ഉള്ളത്. യു.ജി.സി. വിഭാവനം ചെയ്യുന്നതും അത്തരത്തിലാണ്. യൂണിവേഴ്സിറ്റി ആക്ടില്‍ മാറ്റംവരുത്തുന്ന കൂട്ടത്തില്‍ ഇതുംകൂടി ഉള്‍പ്പെടുത്തും. ആന്റി റാഗിങ് സെല്ലുകള്‍  എല്ലാ കോളേജുകളിലും നിര്‍ബന്ധമാണ്. റാഗിങ്ങിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ സെല്ലുകള്‍ക്ക് കഴിയണം. ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് റാഗിങ് ദുരനുഭവങ്ങള്‍ ഉണ്ടായാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാനും റാഗിങ് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരേ കര്‍ശന നടപടികളെടുക്കാനും കഴിയണം.

ശക്തമായി നിയമം നടപ്പാക്കണം, ബോധവത്കരിക്കണം -ഡോ. കെ.എ. കുമാര്‍, മനഃശാസ്ത്രജ്ഞന്‍, മുന്‍ ഡി.എം.ഇ., കേരള ആരോഗ്യസര്‍വകലാശാല എക്‌സ്പേര്‍ട്ട് കമ്മിറ്റിയംഗം

കൗമാരക്കാലത്ത് മനസ്സിലുണ്ടാകുന്ന അസ്ഥിരതാവസ്ഥ, അക്രമണാത്മക വികാരം, ലൈംഗികചിന്തകള്‍. എല്ലാം ചേര്‍ന്നൊരു സമ്മര്‍ദമുണ്ടാകും വിദ്യാര്‍ഥികള്‍ക്ക്. ഇതൊരു പ്രത്യേക മാനസികാവസ്ഥയാണ്. ഇവ പ്രകടിപ്പിക്കാന്‍ ശ്രമിക്കുക സ്വാഭാവികവും. അതുചിലപ്പോള്‍ നിയന്ത്രണാതീതമാകും. അക്രമവാസനയും ലൈംഗികചോദനയും പുറത്തുകാട്ടാന്‍ സാധ്യതയുള്ളിടങ്ങളില്‍ അത് പുറത്തുവരും. ഇത് റാഗിങ്ങിനുള്ള കാരണങ്ങളില്‍ ഒന്നാണ്.

പ്രൊഫഷണല്‍ കോളേജുകളില്‍ റാഗിങ് അംഗീകരിക്കപ്പെട്ടതാണെന്നൊരു അപ്രഖ്യാപിത പതിവ് കൈവന്നിട്ടുണ്ട്. ഇത് തലമുറകളായി തുടരുകയും ചെയ്യുന്നു. ജൂനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യപ്പെടേണ്ടവരാണെന്ന തോന്നല്‍ സീനിയറാകുന്നതോടെ നല്ലൊരുവിഭാഗം വിദ്യാര്‍ഥികള്‍ക്കുമുണ്ട്. ഈ മനോഭാവം അപകടകരമാണ്.

ശക്തമായ നിയമം നടപ്പാക്കിയും ബോധവത്കരണത്തിലൂടെയും മാത്രമേ ഇത് തടയാനാവൂ. നിയമനടപടിയിലേക്കുപോകുമ്പോള്‍, പലതരം സ്വാധീനവും സമ്മര്‍ദവുമുണ്ടാകും. അത് രാഷ്ട്രീയമാകാം, രാഷ്ട്രീയേതരമാകാം. മക്കള്‍ കുറ്റക്കാരായ സംഭവങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരുടെതന്നെ സമ്മര്‍ദമുണ്ടാകും. കുറ്റകൃത്യമുണ്ടായാല്‍ മറച്ചുവെക്കാനാണ് സ്ഥാപനമേധാവികള്‍ക്ക് താത്പര്യം. ഒതുക്കിത്തീര്‍ക്കാനും ശ്രമിക്കും. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ജോലിചെയ്യുമ്പോള്‍ ഒരു രാഷ്ട്രീയനേതാവിന്റെ മകനുവേണ്ടി എനിക്കുമേലുണ്ടായ സമ്മര്‍ദം വലുതായിരുന്നു. പക്ഷേ, സമ്മര്‍ദങ്ങളെ അതിജീവിച്ചു, കുറ്റക്കാരനായ വിദ്യാര്‍ഥിക്ക് തുടര്‍പഠനം കേരളത്തില്‍ നടന്നില്ല.

എന്തുചെയ്താലും സംരക്ഷിക്കാന്‍ ആളുണ്ടെന്ന അധമബോധം ഇന്നത്തെ വിദ്യാര്‍ഥികളിലുണ്ട്. എന്തുകുറ്റം ചെയ്തും  ദിവ്യനാകാമെന്ന തോന്നല്‍. കുറെ അധ്യാപകരുടെ സംരക്ഷണവും ഇവര്‍ക്കുണ്ടെന്ന് പറയാതെ വയ്യ. ഞങ്ങളും കുറെ അനുഭവിച്ചതാണ്, ഇവന്മാരും അനുഭവിക്കട്ടെയെന്ന തോന്നല്‍ അവര്‍ക്കുണ്ട്. അന്തര്‍മുഖത്വമുള്ള കുട്ടികളെ അതില്‍നിന്നു മോചിപ്പിക്കാന്‍ റാഗിങ് നല്ലതാണെന്ന ന്യായീകരണം ചിലര്‍ക്കുണ്ട്. എന്നാല്‍, അതിന്റെ പേരിലുള്ള വികലമായ പെരുമാറ്റത്തെ, ആക്രമണത്തെ എങ്ങനെ ന്യായീകരിക്കാനാകും. സ്ഥാപനമേധാവികളുടെ കഴിവുകേടിനെ ഡിപ്ലോമസിയായി കാണരുത്. കുറ്റക്കാര്‍ക്കെതിരേ നിയമം കടുപ്പിക്കുക, കുറെ വര്‍ഷത്തേക്കെങ്കിലും പഠിക്കാന്‍ അവസരം നല്‍കാതിരിക്കുക തുടങ്ങിയ ശക്തമായ നടപടികള്‍ ആവശ്യമാണ്.

വേണ്ടത് അധികൃതരുടെ ജാഗ്രത; ജൂനിയര്‍ വിദ്യാര്‍ഥികളുടെ ഏകോപനം - -ഡോ. രാജന്‍ ഗുരുക്കള്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, മുന്‍ വൈസ് ചാന്‍സലര്‍

നിയമങ്ങളോ കൗണ്‍സലിങ്ങോ കടുത്തശിക്ഷകളോ വഴി റാഗിങ്  നിയന്ത്രിക്കാനാവില്ല എന്നാണു നമുക്ക് അനുഭവത്തിലൂടെ മനസ്സിലാവുന്നത്. റാഗിങ്  തടയാനുള്ള നടപടികള്‍ ഇതുവരെ ഊന്നല്‍ നല്‍കിയത് കുറ്റവാളികളുടെ നിയന്ത്രണത്തിനാണ്. എന്നാല്‍, കൂടുതല്‍ ഫലപ്രദം റാഗിങ്ങിനു വിധേയരാകാനിടയുള്ള വിദ്യാര്‍ഥികളുടെ സംഘാടനവും ശാക്തീകരണവുമായിരിക്കും. ഓരോസ്ഥാപനത്തിലും പുതുതായി എത്തുന്ന വിദ്യാര്‍ഥികളെ പതിവായി  അവരുടെ  ഹോസ്റ്റലില്‍ ചെന്നു കാണാനും പരാതികള്‍ സ്വീകരിക്കാനും  വാര്‍ഡനോടൊപ്പം മുറികള്‍ സന്ദര്‍ശിക്കാനും അധികൃതര്‍ വ്യവസ്ഥചെയ്യണം. റാഗിങ്ങെന്നപേരില്‍ ഏന്തെങ്കിലും രീതിയിലുള്ള അതിക്രമം ഒരുവിദ്യാര്‍ഥി നേരിടുന്നുണ്ടോ എന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയണം. ഏത് അതിക്രമവും നിര്‍ഭയം തുറന്നുപറയാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഈ ശാക്തീകരണത്തിനു കഴിയണം. അധികൃതര്‍ വാര്‍ഡന്മാരുടെ യോഗം വിളിച്ച് റാഗിങ്ങിന്റെ സൂചനകളുണ്ടോ എന്നന്വേഷിക്കണം.

ഇത്തരം നിതാന്ത ജാഗ്രതയിലൂടെ മാത്രമേ റാഗിങ്ങിനെ നിയന്ത്രിക്കാന്‍ കഴിയൂ. മദ്യപരോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ  സ്ഥാപനത്തിലെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ കൂട്ടത്തിലുണ്ടോ  എന്നറിയാനുള്ള ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണം.  പുതിയ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍തല ഏകോപനവും സംഘാടനവും വേണം. അവര്‍ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് റാഗിങ് നടക്കുന്നത്. ഹോസ്റ്റലില്‍ അവര്‍ക്ക് മുറികള്‍ നല്‍കുന്നത് അടുത്തടുത്താവണം എന്നകാര്യം പ്രത്യേകം നിഷ്‌കര്‍ഷിക്കണം. കഴിയുന്നതും പുതിയ വിദ്യാര്‍ഥികളെ ഒരുമുറിയില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ പ്രവേശിപ്പിക്കണം. ഒരുകാരണവശാലും സീനിയര്‍ വിദ്യാര്‍ഥികളെ സംഘമായി പുതിയ വിദ്യാര്‍ഥികളുടെ വാര്‍ഡില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന നിഷ്‌കര്‍ഷയും വേണം. വാര്‍ഡന്മാരുടെയും സ്ഥാപനാധികൃതരുടെയും ശ്രദ്ധയിലൂടെയും പുതിയ വിദ്യാര്‍ഥികളുടെ ഏകോപനം വഴിയും റാഗിങ് പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയും.

കുറ്റക്കാരെ വിദ്യാര്‍ഥിസംഘടനകള്‍ സംരക്ഷിക്കരുത് - കെ. സുരേഷ് കുറുപ്പ്, സി.പി.എം.

ഒരു കാംപസിലും റാഗിങ് ഉണ്ടാകാന്‍ പാടില്ല. കോളേജ് അധികൃതര്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്ന പതിവുണ്ട്. കോളേജ് അധികൃതര്‍ കര്‍ശന നടപടിയെടുക്കുകയും അത്തരം കുട്ടികളെ കാംപസില്‍നിന്ന് പുറത്താക്കുകയും വേണം. വിദ്യാര്‍ഥിസംഘടനകള്‍ ഒരിക്കലും ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ടു നില്‍ക്കരുത്. വിദ്യാര്‍ഥി സംഘടനകള്‍ റാഗിങ്ങിനെതിരേ അവബോധമുണ്ടാക്കുന്ന കാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കണം. കോട്ടയത്ത് നഴ്സിങ് കോളേജിലുണ്ടായ റാഗിങ് ഏതെങ്കിലും വിദ്യാര്‍ഥിസംഘടനയുടെ  അറിവോടെയാണെന്ന് തോന്നുന്നില്ല. ഏതെങ്കിലും ഒരാള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍, സംഘടനകള്‍  അതിനുപിന്നിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ഇക്കൂട്ടരെ രക്ഷിക്കാനുള്ള ഒരു നടപടിയും വിദ്യാര്‍ഥിസംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകരുത്. അവര്‍ക്കെതിരേ കര്‍ശന നിലപാടെടുക്കണം. അവരെ കോളേജില്‍നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നതിന്  അധികൃതരെ സഹായിക്കണം

Content Highlights: ragging in campus and how its spoil ones life