പോപ്പുലര്‍ ഫിനാന്‍സിനെ വിദേശ കമ്പനി ഏറ്റെടുക്കുമെന്ന് പ്രതികള്‍; രക്ഷപ്പെടാനുള്ള തന്ത്രമെന്ന് സംശയം

കൊച്ചി: നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിനെ വിദേശകമ്പനി ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പ്രതികളായ തോമസ് ഡാനിയേലും മകള്‍ റിനു മറിയം തോമസും വെളിപ്പെടുത്തിയത്. എന്നാല്‍ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായാണിതിനെ അന്വേഷണസംഘം വിലയിരുത്തുന്നത്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ഉടമകളായ തോമസ് ഡാനിയേലിനെയും മകള്‍ റിനുമറിയം തോമസിനെയും ഇ.ഡി. കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത്, അബുദാബി കേന്ദ്രമായുള്ള ഒരു കമ്പനി ഏറ്റെടുക്കലിന് തയ്യാറാണെന്ന വിവരമാണ് പ്രതികള്‍ ഇ.ഡി. ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇത്തരത്തില്‍ ഏറ്റെടുക്കല്‍ നടക്കുകയാണെങ്കില്‍ നിക്ഷേപകരുടെ പണം പലിശസഹിതം നല്‍കേണ്ട ബാധ്യത പുതിയ കമ്പനിയുടേതായി മാറും.
എന്നാല്‍ ഇതിന് പുതിയ കമ്പനികളൊന്നും തയ്യാറായേക്കില്ലെന്നാണ് ഇ.ഡി. അന്വേഷണസംഘം കരുതുന്നത്. ഏതാണ്ട് 1,600 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇത്രയധികം തുക നിക്ഷേപകര്‍ക്ക് കൈമാറല്‍ ഏറക്കുറെ അസാധ്യമാണെന്നാണ് ഇ.ഡി. കരുതുന്നത്. ഇത്തരം ചര്‍ച്ചകളുടെ രേഖകളൊന്നും കണ്ടെടുക്കാനും ഇ.ഡി.ക്ക് കഴിഞ്ഞിട്ടില്ല.
Content Highlights: