ആദിവാസി കോളനിയില്‍ മാവോവാദിയെന്ന് വിവരം; പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ മോഷ്ടാവ്

എടക്കര: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ മരുതയിലെ ആദിവാസിക്കോളനിയില്‍ ഒളിച്ചുതാമസിക്കുന്നതിനിടയില്‍ പിടികൂടി. കെട്ടുങ്ങല്‍ കോലോത്ത് പറമ്പന്‍ നിഷാബിനെ (ചെറിയ അയില-30) ആണ് വഴിക്കടവ് പോലീസ് പിടികൂടിയത്.
കോളനിയില്‍ മാവോവാദി ഒളിച്ചുതാമസിക്കുന്നൂവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അകത്താകുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസിന് മനസ്സിലായത്.
മലേഷ്യയില്‍ ജോലിചെയ്തിരുന്ന ഇയാള്‍ കോലാലംപൂര്‍ ജയിലിലായിരുന്നു. മകന്‍ ജയിലിലായത് കാരണം കുടുംബം പട്ടിണിയിലാണെന്ന് വിശദീകരിച്ച് പിതാവ് സാമൂഹികമാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചില സാംസ്‌കാരിക സംഘടനകളുടെ ഇടപെടലില്‍ ജയില്‍മോചിതനായ ഇയാള്‍ സമൂഹവിരുദ്ധരുമായി ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മോഷണവും പിടിച്ചുപറിയും നടത്തിയിരുന്നു. തിരൂരിലെ ജയിലില്‍നിന്ന് ജാമ്യത്തില്‍ ഇറങ്ങി തീവണ്ടിയാത്രക്കാരെ കൊള്ളയടിക്കാനുംതുടങ്ങി. ഇയാളുടെ സുഹൃത്തിനെ റെയില്‍വേ പോലീസ് പിടികൂടിയപ്പോള്‍ കോഴിക്കോട്ടുനിന്ന് മുങ്ങി. തുടര്‍ന്നാണ് മരുതയിലെ കോളനിയില്‍ ഒളിച്ചുതാമസിക്കാന്‍ എത്തിയത്.
നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ പി. അബ്ദുള്‍ബഷീര്‍, എസ്.ഐ. എം. അസൈനാര്‍, പോലീസുകാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, നിബിന്‍ ദാസ്, ജിയോ ജേക്കബ്, എസ്. പ്രശാന്ത് കുമാര്‍, റിയാസ് ചീനി, അബൂബക്കര്‍ നാലകത്ത് എന്നിവര്‍ചേര്‍ന്ന് പിടികൂടിയ പ്രതിയെ റെയില്‍വേ പോലീസിന് കൈമാറി.
Content Highlights: