തൊഴിലുറപ്പ് പദ്ധതിയിലെ കൂലി ബന്ധുക്കളുടെ അക്കൗണ്ടിലേക്ക്, പഞ്ചായത്ത് ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

തീക്കോയി(കോട്ടയം): തൊഴിലുറപ്പുപദ്ധതിയുടെ മറവില്‍ തട്ടിപ്പുനടത്തിയതായി കണ്ടെത്തിയ തീക്കോയി പഞ്ചായത്ത് ഡേറ്റാ എന്‍ട്രി വിഭാഗത്തിലെ താത്കാലിക ജീവനക്കാരി പി.ലിഞ്ചുവിനെ പഞ്ചായത്ത് ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഓഡിറ്റ് നടത്തിയിരുന്നു. പത്ത് വര്‍ഷത്തിലധികമായി പഞ്ചായത്തില്‍ ജോലിചെയ്യുന്ന ഇവര്‍ പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
തൊഴിലാളികള്‍ക്ക് കൂലി കൈമാറുന്നതിനുള്ള സൗകര്യത്തിനായി സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഡിജിറ്റല്‍ ഒപ്പ് ജീവനക്കാരിക്ക് കൈമാറിയിരുന്നു. തൊഴിലുറപ്പു പദ്ധതിയിലെ മസ്റ്റര്‍ റോളില്‍ മറ്റു തൊഴിലാളികള്‍ 50 ദിവസത്തെ പണി പൂര്‍ത്തിയാക്കിയപ്പോള്‍ ജീവനക്കാരിയുടെ ബന്ധുക്കള്‍ 90 ദിവസത്തെ പണികള്‍ പൂര്‍ത്തിയാക്കിയതായി രേഖപ്പെടുത്തി പണം അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
വിശദമായ ഓഡിറ്റിനു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രമക്കേടു കണ്ടെത്തിയപ്പോള്‍ത്തന്നെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് പറഞ്ഞു.
ബി.ഡി.ഒ, ഡി.ഡി.പി. എന്നിവര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. തുടര്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും കെ.സി.ജെയിംസ് പറഞ്ഞു.
Content Highlights: