ഉറ്റവരെ കൊന്നുതള്ളിയിട്ടും പുഞ്ചിരിച്ച കേഡൽ; ജയിലിലും മാതാപിതാക്കളോട് 'സംസാരം', അടിമുടി വിചിത്രം

കേഡല്‍ ജീന്‍സണ്‍ രാജ | ഫയല്‍ചിത്രം | മാതൃഭൂമി
കേഡല്‍ ജീന്‍സണ്‍ രാജ | ഫയല്‍ചിത്രം | മാതൃഭൂമി

തിരുവനന്തപുരം:  മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ നാലുപേരെ നിഷ്‌കരുണം കൊലപ്പെടുത്തിയിട്ടും കൂസലില്ലാതെ, പുഞ്ചിരിയോടെ തെളിവെടുപ്പിനെത്തിയ കേഡല്‍ ജീന്‍സണ്‍ രാജയുടെ ദൃശ്യങ്ങള്‍ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. കേരളം ഞെട്ടിയ നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡലിന്റെ കൂസലില്ലാത്ത പെരുമാറ്റം കണ്ട് കണ്ടവരെല്ലാം അമ്പരന്നു. പക്ഷേ, അപ്പോഴും പുഞ്ചിരി തൂകി പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുകയായിരുന്നു കേഡല്‍. മാത്രമല്ല, സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് അനുകരിച്ച് കാണിക്കുകയുംചെയ്തു. 

2017 ഏപ്രില്‍ എട്ടിനാണ് നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപത്തെ 'ബെയിന്‍സ്' കോമ്പൗണ്ട് 117-ാം നമ്പര്‍ വീട്ടിലെ  റിട്ട. പ്രൊഫ. രാജ തങ്കം(60), ഭാര്യ ഡോ. ജീന്‍ പദ്മ(58), മകള്‍ കരോലിന്‍(25), ബന്ധു ലളിത(70) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ലളിതയുടെ മൃതദേഹം ഒഴികെ ബാക്കി മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലളിതയുടെ മൃതദേഹം പോളിത്തീന്‍ കവറിലാക്കി പുതപ്പുകൊണ്ട് പൊതിഞ്ഞ നിലയിലാണ് സൂക്ഷിച്ചിരുന്നത്. 

രാജ തങ്കം- ജീന്‍ പദ്മ ദമ്പതിമാരുടെ മൂത്തമകനായ കേഡല്‍ ജീന്‍സണ്‍ രാജയാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. കൃത്യം നടത്തി മൃതദേഹം കത്തിക്കുന്നതിനിടെ തീപ്പിടിത്തമുണ്ടായതോടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട് ചെന്നൈയിലേക്ക് മുങ്ങിയ പ്രതിയെ തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പോലീസ് കൈയോടെ പിടികൂടി. പക്ഷേ, കൊലപാതകത്തിന്റെ കാരണമായി തീര്‍ത്തും വിചിത്രമായ മൊഴിയാണ് കേഡല്‍ പോലീസിന് നല്‍കിയത്. 30 വയസ്സുകാരന്റെ മൊഴികേട്ട് പോലീസുകാരും ആദ്യഘട്ടത്തില്‍ അമ്പരന്നു. 

ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്നായിരുന്നു കേഡല്‍ ജീന്‍സണ്‍ രാജ പോലീസിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് പഠിക്കുന്നുണ്ടെന്നും ആത്മാവിനെ ശരീരത്തില്‍നിന്ന് വേര്‍പ്പെടുത്തി സ്വതന്ത്രസഞ്ചാരം സാധ്യമാക്കാനാണ് കൃത്യം നടത്തിയതെന്നും പ്രതി പറഞ്ഞിരുന്നു. എന്നാല്‍, കേഡല്‍ നടത്തിയ കൂട്ടക്കുരുതി തികച്ചും ആസൂത്രിതമാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കേഡലിന് മാനസികപ്രശ്‌നങ്ങളില്ലെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ മൊഴി വെറും പുകമറ മാത്രമാണെന്നും പോലീസ് അന്ന് പറഞ്ഞിരുന്നു. 

പോലീസ് പിടിയിലായി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പുഞ്ചിരിച്ച് ഉല്ലാസവാനായാണ് കേഡല്‍ കൂട്ടക്കുരുതി നടന്ന ആ വീട്ടിലേക്ക് പ്രവേശിച്ചത്. മുഖം ഉയര്‍ത്തിപ്പിടിച്ച് എല്ലാവരെയും നോക്കി പ്രതി പുഞ്ചിരിച്ചു. ബന്ധുക്കളെയും അയല്‍വാസികളെയുമെല്ലാം നോക്കി. ഒന്നരമണിക്കൂറോളം നീണ്ട തെളിവെടുപ്പിനിടെയും പ്രതിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. മഴുകൊണ്ടുള്ള കൊലപാതകം പോലീസിന് മുന്നില്‍ അനുകരിച്ച് കാണിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നാലെ നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ പ്രൊഫ. രാജ തങ്കത്തിന്റെ വീട് അനാഥമായി കിടക്കുകയാണ്. 

വിചാരണ വൈകി, ജയിലിലും വിചിത്ര പെരുമാറ്റം

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ച കേഡലിന്റെ ജയിലിലെ പെരുമാറ്റവും അടിമുടി വിചിത്രമായിരുന്നു. ജയില്‍വാസത്തിനിടെ കേഡല്‍ സഹതടവുകാരനെ ആക്രമിച്ച സംഭവവുമുണ്ടായി. ഇതോടെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കായിരുന്നു കേഡലിന്റെ വാസം. ഇതിനിടെ, വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതോടെ കൂട്ടക്കൊലക്കേസിലെ വിചാരണ ആരംഭിക്കാനും ഏറെനാള്‍ വൈകിയിരുന്നു. 

ജയിലില്‍ കളിയും ചിരിയുമായി കഴിഞ്ഞിരുന്ന കേഡല്‍ ആദ്യനാളുകളില്‍ ജയില്‍ ജീവനക്കാര്‍ക്കും അത്ഭുതമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളപ്പോള്‍ വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ ചെലുത്താറില്ലെന്നതൊഴിച്ച് മറ്റു പ്രശ്‌നങ്ങളൊന്നും ജയിലില്‍ ഉണ്ടാക്കിയിരുന്നില്ല. ഇതിനിടെ ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി കേഡല്‍ ഗുരുതരാവസ്ഥയിലായി. ഏറെദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. 

ജയിലില്‍വെച്ച് താന്‍ മാതാപിതാക്കളുമായി സംസാരിക്കാറുണ്ടെന്നായിരുന്നു കേഡലിന്റെ അവകാശവാദം. പത്തുവര്‍ഷത്തിലേറെ ആസ്ട്രല്‍ പ്രൊജക്ഷനും സാത്താന്‍സേവയും പരിശീലിച്ച തനിക്ക് ആത്മാക്കളുമായി സംസാരിക്കാന്‍ കഴിയുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പലപ്പോഴും കേഡലിന്റെ വിചിത്രമായ അവകാശവാദങ്ങളും പെരുമാറ്റവും ജയില്‍ജീവനക്കാരെ അമ്പരപ്പിച്ചു. 

പ്രതി മാനസികാരോഗ്യം വീണ്ടെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതോടെ കഴിഞ്ഞ നവംബറിലാണ് നന്തന്‍കോട് കൂട്ടക്കൊല കേസില്‍ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കേഡല്‍ കുറ്റം നിഷേധിച്ചിരുന്നു. തനിക്ക് മാനസികപ്രശ്‌നമുണ്ടെന്നായിരുന്നു ഇയാള്‍ കോടതിയിലും വാദിച്ചത്. 

Content Highlights: nanthancodu murders kedal jinson raja case