'എ.എ.എ.' ബ്രാന്‍ഡായി വളര്‍ന്നു; ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ക്വട്ടേഷനും മരട് അനീഷിന്

കൊച്ചി: കഴിഞ്ഞദിവസം സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് വാളയാര്‍ പോലീസ് പിടികൂടിയ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. എറണാകുളത്തിന് പുറത്ത് കുഴല്‍പ്പണം കടത്ത്, കള്ളപ്പണം കവര്‍ച്ച എന്നീ ഇടപാടുകളില്‍ പേരെടുത്ത ഗുണ്ടാനേതാവ് മരട് അനീഷ് സ്വന്തം നാട്ടില്‍ നടത്തുന്നത് ഭൂമി നികത്തലും സെറ്റില്‍മെന്റുകളും. ഇതിനാല്‍ത്തന്നെ പോലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമാണ് അനീഷിനുള്ളത്. ഈ ബന്ധം വഴി ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബിനാമി ഭൂമി നികത്താനുള്ള ക്വട്ടേഷന്‍ അനീഷില്‍ വന്നുചേര്‍ന്നിരിക്കുന്നതായാണ് ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
പനങ്ങാട് ചാത്തമ്മ ജങ്ഷനിലാണ് പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള ചിലരുടെ നേതൃത്വത്തില്‍ വയല്‍ നികത്തുന്നത്. 60 സെന്റോളം ഭൂമി മുക്കാല്‍ ഭാഗത്തോളം നികത്തിക്കഴിഞ്ഞു.
ഗുണ്ടാ നേതാവാണ് ഭൂമി നികത്തുന്നതിന് ക്വട്ടേഷന്‍ എടുത്തിരിക്കുന്നതെന്ന വിവരം പുറത്തുവന്നതോടെ എതിര്‍ക്കാനാവാതെ നില്‍ക്കുകയാണ് നാട്ടുകാര്‍. റെവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്ത്, അവരുടെ പണി തീര്‍ത്തുവെപ്പിച്ചു. നടപടിയെടുക്കേണ്ട പോലീസാകട്ടെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഷെയറുള്ള ബിനാമി ഭൂമിയാണ് എന്നറിഞ്ഞതോടെ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ്.
പനങ്ങാട് പോലീസിന് കീഴിലാണ് പ്രദേശം. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട ഭൂമിയായതിനാലും നികത്തല്‍ തടഞ്ഞ പൂര്‍വികര്‍ക്ക് നേരത്തെ 'പണി ലഭിച്ച'തിനാലും തന്നെ സ്വന്തം കുഴി തോണ്ടേണ്ടതില്ലെന്നാണ് പോലീസുദ്യോഗസ്ഥരുടെ മനോഭാവം.
മുന്‍പ് കുമ്പളത്ത് നിലംനികത്തല്‍ തടഞ്ഞ എസ്.ഐ. ഉള്‍പ്പെടെയുള്ള നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മലബാറിലേക്ക് സ്ഥലം മാറ്റമായിരുന്നു പ്രതിഫലമായി കിട്ടിയത്. ഭൂമി നികത്തല്‍ തടഞ്ഞ പോലീസുകാരോട് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടാണ് ഭൂമി നികത്തുന്നതെന്ന് അറിയിച്ചു. എന്നാല്‍, ആരു പറഞ്ഞിട്ടാണെങ്കിലും തടയുമെന്ന് പോലീസുകാര്‍ ഉറച്ച നിലപാടില്‍ നിന്നു. ഈ സംഭാഷണം റെക്കോഡ് ചെയ്ത് പോലീസ് ഉന്നതന്റെ കാതുകളില്‍ എത്തിച്ചതോടെ ഉടന്‍ സ്ഥലംമാറ്റ ഓര്‍ഡര്‍ വന്നു. ഇതിനു പിന്നാലെ പനങ്ങാട്, കുമ്പളം ഭാഗത്ത് ഗുണ്ടകളുടെ സാന്നിധ്യം ഉപയോഗിച്ച് വന്‍തോതില്‍ ഭൂമി നികത്താനും തുടങ്ങി.
എറണാകുളം പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസിലാണ് അനീഷിന്റെ ഡീലുകള്‍ ഉറപ്പിക്കുന്നതെന്ന് പോലീസുകാര്‍തന്നെ പറയുന്നു. തിരുവാണിയൂര്‍ ഭാഗത്ത് അനീഷ് താമസിക്കുന്നതായും വിവരമുണ്ട്. രഹസ്യവിവരം ലഭിക്കുന്നുണ്ടെങ്കിലും നിരവധി കേസുകളിലെ പ്രതിയാണെങ്കിലും ഗുണ്ടാനേതാവിനെതിരേ ചെറുവിരലനക്കാന്‍ കൊച്ചി പോലീസിന് കഴിഞ്ഞിരുന്നില്ല.
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന അനീഷിനെ വാളയാര്‍ അതിര്‍ത്തിയില്‍നിന്ന് വാളയാര്‍ പോലീസ് പിടിക്കുകയായിരുന്നു.
വാളയാര്‍ വഴി കുഴല്‍പ്പണവും മയക്കുമരുന്നും കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് അനീഷ് കുടുങ്ങിയത്
ബ്രാന്‍ഡ് വളരുന്നു, ഒന്നും കണ്ടില്ലെന്ന മട്ടില്‍ പോലീസ്
മരട് അനീഷിന്റെ ഗ്യാങ് ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ കൊച്ചിയില്‍ രൂപപ്പെടുന്നുണ്ടെന്ന് പോലീസിലെ ഒരുവിഭാഗം തന്നെ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക തലത്തില്‍ ഇത് കണ്ടിട്ടില്ലെന്ന മട്ടില്‍ നില്‍ക്കുകയാണ്. ആനക്കാട്ടില്‍ അനീഷ് ആന്റണിയെന്ന അനീഷിന്റെ പേരിന്റെ ചുരുക്ക രൂപമായ 'എ.എ.എ' എന്ന ബ്രാന്‍ഡിലാണ് പ്രവര്‍ത്തനം. മാസ്‌ക്, തൊപ്പി, ടി-ഷര്‍ട്ട് എന്നിവയിലെല്ലാം ഈ ബ്രാന്‍ഡ് പ്രിന്റ് ചെയ്തത് ഗ്യാങ്ങിലുള്ളവര്‍ ഉപയോഗിക്കും.
നെട്ടൂര്‍. കാക്കനാട് ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലായി റെസ്റ്റോറന്റുകളും ഉണ്ട്. ഗ്യാങ്ങിലുള്ളവര്‍ക്ക് സൗജന്യ ഭക്ഷണം ഇവിടെനിന്ന് ലഭിക്കും. ഹോട്ടല്‍ ചുറ്റിപ്പറ്റി ഗ്യാങ്ങിലുള്ളവര്‍ എല്ലായ്പ്പോഴും ക്യാമ്പ് ചെയ്യും.
Content Highlights: