മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങി; അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ കുടുങ്ങി

റിതിൻ ഫ്രാൻസിസ്
റിതിൻ ഫ്രാൻസിസ്

മുട്ടം: മാള്‍ട്ടയില്‍ ജോലി വാഗ്ദാനംചെയ്ത് 9.35 ലക്ഷം രൂപ രണ്ടുപേരില്‍നിന്ന് തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. എറണാകുളം മുണ്ടന്‍വേലി സ്വദേശി കുടത്തനാശേരില്‍ റിതിന്‍ ഫ്രാന്‍സിസ്(28) ആണ് അറസ്റ്റിലായത്. മുമ്പ് പ്രതിയും പരാതിക്കാരും സുഹൃത്തുക്കളായിരുന്നു. ഇതിനിടെ പ്രതിക്ക് മാള്‍ട്ടയില്‍ ജോലി ലഭിക്കുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ക്ക് ജോലി നല്‍കാമെന്നുപറഞ്ഞ് പണം കൈപ്പറ്റുകയുമായിരുന്നു. ഇദ്ദേഹത്തിന് കൂട്ടായി ഒരു ഉത്തരേന്ത്യക്കാരനും പ്രവര്‍ത്തിച്ചിരുന്നു.

പ്രതിയുടെ അമ്മയുടെ ഫോണിലേക്ക് വന്നിരുന്ന ഫോണ്‍ നമ്പര്‍ കണ്ടെത്തിയാണ് ഇയാളുടെ സ്ഥലം തിരിച്ചറിഞ്ഞത്. പ്രതിയെ തമിഴ്‌നാട് തിരുപ്പൂരില്‍നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റുചെയ്തത്. മുട്ടം സ്വദേശികളായ പൂതംകുളങ്ങര ജിഷ്ണു, മുനീര്‍ എന്നിവരില്‍നിന്ന് രണ്ടുവര്‍ഷംമുന്‍പാണ് പണം തട്ടിയെടുത്തത്.

എസ്.ഐ. എം.എസ്.റോയി, എ.എസ്.ഐ. പി.എസ്.ജയചന്ദ്രന്‍, സി.പി.ഒ.മാരായ കെ.ജി.അനൂപ്, എസ്.ആര്‍.ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Content Highlights: malta job fraud case youth arrested in muttam 

Content Highlights: