കോഴിക്കോട് നഗരത്തിൽ കൗമാരക്കാരുടെ മോഷണ സംഘം പിടിയില്‍; 2 പേർ പ്രായപൂർത്തിയാകാത്തവർ

പിടിയിലായ അജ്മല്‍ ബിലാല്‍, അറഫാന്‍ എന്നിവര്‍
പിടിയിലായ അജ്മല്‍ ബിലാല്‍, അറഫാന്‍ എന്നിവര്‍

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാല മോഷണവും വാഹനമോഷണങ്ങളും പിടിച്ചുപറികളും പതിവാക്കി ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലു പേര്‍ പോലീസ് പിടിയില്‍. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18 വയസ്സ്), മുഖദാര്‍ സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ ( 18 വയസ്സ്), നടുവട്ടം, മുഖദാര്‍ സ്വദേശികളായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

കോഴിക്കോട് നഗരത്തില്‍ രാത്രി കാലങ്ങളില്‍ ഒരു സംഘം മോഷണം നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നഗരത്തിലെ വിവിധ സ്റ്റേഷന്‍ പരിധികളിലെ ഫ്‌ളിപ്പ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്നും സമീപപ്രദേശങ്ങളിലെ സി.സി കാമറ ദൃശ്യങ്ങളില്‍ നിന്നും പോലീസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. 

നിരവധി ക്രൈം കേസ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട  ഒ.മോഹന്‍ദാസ് എം ഷാലു, ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എ വി സുമേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന പുതിയ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ മോഷണങ്ങള്‍ നടന്ന സ്ഥലങ്ങള്‍ പരിശോധിച്ച്  പരമാവധി തെളിവുകള്‍ ശേഖരിച്ച്  അന്വേഷണ ആരംഭിച്ചു.

ക്രൈം സ്‌ക്വാഡ് അംഗങ്ങളെ കൂടാതെ പന്നിയങ്കര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം സന്തോഷ് മോന്‍, ശശീന്ദ്രന്‍ നായര്‍, സീനിയര്‍ സി.പി.ഒ  കെ എം രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ അറഫാനെയും അജ്മല്‍ ബിലാലിനേയും റിമാന്റ് ചെയ്തു.

Content Highlights: