കൊച്ചിയിലെ ആഫ്റ്റർ പാർട്ടിക്കും ലഹരി എത്തിച്ചത് കെവിൻ, വമ്പൻ സ്രാവ്; ലഹരിക്കടത്തിന് പെൺകുട്ടികളും

#ന്യൂസ് ഡെസ്ക്
കെവിന്‍(ഇടത്ത്), കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിലെ പ്രതികള്‍
കെവിന്‍(ഇടത്ത്), കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിലെ പ്രതികള്‍

കൊച്ചി: ലഹരിമരുന്നുമായി കഴിഞ്ഞദിവസം പിടിയിലായ തൃക്കാക്കര ചെമ്പുമുക്ക് സ്വദേശി കെവിൻ ബി. മാത്യു(42) ലഹരിവിൽപ്പനയിലെ വമ്പൻ സ്രാവെന്ന് പോലീസ്. മാർച്ച് അവസാനം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ലഹരിമരുന്നുമായി പിടികൂടിയവർക്ക് ലഹരി എത്തിച്ചുനൽകിയത് കെവിനാണെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല, ലഹരിവിതരണത്തിനായി യുവതികളും പെൺകുട്ടികളും ഉൾപ്പെടെ ഒട്ടേറെ ഏജന്റുമാർ ഇയാൾക്കുണ്ടായിരുന്നതായും പോലീസ് പറയുന്നു.

കഴിഞ്ഞദിവസം തൃക്കാക്കര വാഴക്കാല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെവിൻ പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 183.55 ഗ്രാം എം.ഡി.എം.എ., 93.51 ഗ്രാം എക്സ്റ്റസി ഗുളികകൾ എന്നിവയും മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച ഒരുലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കെവിൻ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. ഇയാളുടെ സാമ്പത്തിക ഇടപാടുകളെല്ലാം പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ഒട്ടേറെ പെൺകുട്ടികളെ കെവിൻ ലഹരിക്കടത്തിന് ഉപയോഗിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിനിമകളിൽ അവസരം വാഗ്ദാനംചെയ്തും മറ്റുമാണ് ഇയാൾ പെൺകുട്ടികളെ കെണിയിൽവീഴ്ത്തിയിരുന്നത്. പിന്നീട് ഇവരെ ലഹരിക്കടത്തിന് ഉപയോഗിക്കുകയായിരുന്നു.

മാർച്ച് അവസാനം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് എട്ടുപേരെ കടവന്ത്ര പോലീസ് ലഹരിമരുന്നുമായി പിടികൂടിയുന്നു. അഭിഭാഷകനും വനിതാ ദന്തഡോക്ടറും ഉൾപ്പെടെയുള്ളവരാണ് അന്ന് പിടിയിലായത്. ഇവരിൽനിന്ന് കൊക്കെയ്ൻ, എംഡിഎംഎ, എക്സ്റ്റസി തുടങ്ങിയ ലഹരിമരുന്നുകളും പിടിച്ചെടുത്തു.

പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് പിടിയിലായ തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ എന്ന ഷോണിന് ലഹരിമരുന്ന് എത്തിച്ചുനൽകിയത് കെവിൻ ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ ലഹരിപാർട്ടികളിൽ ഇയാൾ സ്ഥിരമായി ലഹരിവിതരണം നടത്തിയിരുന്നതായും പോലീസ് പറയുന്നു.

ലഹരിപാർട്ടിക്ക് ശേഷമുള്ള ആഫ്റ്റർ പാർട്ടിക്കിടെയാണ് ദന്തഡോക്ടറും അഭിഭാഷകനും ഉൾപ്പെടെയുള്ള എട്ടുപേർ ഹോട്ടലിൽനിന്ന് പിടിയിലായത്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ (ഷോൺ-44), റസ്റ്ററന്റ് നടത്തുന്ന കലൂർ സ്വദേശി ഓസ്റ്റിൻ ജോസ് (31), കലൂർ സ്വദേശി അഡ്വ. രോഹിത് നായർ (25), ബിസിനസുകാരനായ ആലുവ സ്വദേശി ജിനോ മുരളി, ആലപ്പുഴ സ്വദേശിയായ ന്യൂട്രീഷൻ അക്ബർ ഷാ (30), പന്തളം സ്വദേശിനിയായ ദന്തഡോക്ടർ ബെൻസി റാവുത്തർ (29), ഫിസിയോ തെറപ്പിസ്റ്റായ കൊല്ലം സ്വദേശിനി സെയ്തലി ഫാത്തിമ (29), ഏവിയേഷൻ വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി അമൽ റൗഫ് (26) എന്നിവരെയാണ് കടവന്ത്ര പോലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് ഹോട്ടലിൽനിന്ന് പിടികൂടിയത്.

Content Highlights: Kevin B. Mathew identified as a major drug supplier in Kochi., Seizure of 183.55g MDMA and 93.51g ecstasy pills in 2026., Investigation reveals exploitation of women and youth for drug trafficking., Connection established to the March 2026 five-star hotel drug raid., Ongoing police investigation into massive financial transactions linked to drug trade.