30 പേര്‍ ഒരു രാത്രി മുഴുവന്‍ കോളേജിലിട്ട് തല്ലി; ടി.സി പോലും വാങ്ങാനാവാതെ കോളേജ് ഉപേക്ഷിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഗിങ് റിപ്പോര്‍ട്ട്‌ചെയ്താല്‍ കര്‍ശനനടപടികളുമായി വരേണ്ട സംവിധാനം വിറച്ചുനില്‍ക്കുന്നുണ്ടോ? ഉണ്ടെന്നാണ് കൊച്ചിയിലെ ഒരു വിദ്യാര്‍ഥിയുടെഅനുഭവം പറയുന്നത്. അവിടെ പ്രതികള്‍ താലോലിക്കപ്പെടുന്നു, ഇര നെട്ടോട്ടമോടുന്നു. ഒരു വകുപ്പുമേധാവി എടുക്കേണ്ട നടപടിപോലുംഉണ്ടാകാതെവന്നപ്പോഴാണ് സിദ്ധാര്‍ഥിനുവേണ്ടി ഗവര്‍ണര്‍ നേരിട്ടിറങ്ങിയത്‌റാഗിങ്ങ് ക്രൂരതയുടെ കോമ്പല്ലുകള്‍ പരമ്പര 3



''30 പേര്‍ ചേര്‍ന്ന് ഒരു രാത്രി മുഴുവന്‍ എന്നെ കോളേജിലിട്ട് തല്ലി. ശരീരത്തിലെ വേദന മാറിത്തുടങ്ങുന്നു. മനസ്സിലേത് എപ്പോള്‍ മായുമെന്ന് അറിയില്ല'' -റാഗിങ്ങിന് ഇരയായ കൊച്ചി സ്വദേശിക്ക് ഇനിയും സാധാരണ അവസ്ഥ കൈവന്നിട്ടില്ല. ആക്രമണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടു. പക്ഷേ, ഭയം ഇപ്പോഴും അയാളെ ഭരിക്കുന്നു. മാനസികാരോഗ്യവിദഗ്ധന്റെ ചികിത്സയിലാണ്.

ആ ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കോളേജ് പുറത്തുവിട്ടിട്ടില്ല. പോലീസിന് ഇതൊരു അടിപിടിക്കേസായി ഒതുക്കാനായിരുന്നു താത്പര്യം. ഡിവൈ.എസ്.പി.യെയും ക്രൈംബ്രാഞ്ചിനെയും കുട്ടി സമീപിച്ചശേഷമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തത്.

അവസാനവര്‍ഷ വിദ്യാര്‍ഥിയായ കുട്ടി, കോളേജിന്റെ സമീപനംകാരണം കോഴ്‌സ് ഉപേക്ഷിച്ചു. പല കാരണങ്ങള്‍പറഞ്ഞ് ടി.സി.പോലും ഇതുവരെ തന്നിട്ടില്ല. റാഗിങ്ങല്ല കോളേജ് വിടാനുള്ള കാരണമെന്ന് പറഞ്ഞാല്‍ ടി.സി. നല്‍കാമെന്നാണ് മാനേജ്‌മെന്റിന്റെ വാദം. സര്‍വകലാശാലാ അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയുമില്ല. വക്കീല്‍ഫീസ് കൊടുത്തും പല ഓഫീസുകളില്‍ കയറിയിറങ്ങിയും ഒട്ടേറെപ്പേര്‍ക്ക് പരാതികളെഴുതിയും മനസ്സ് മടുത്തു.

''ഒരു സപ്ലിമെന്ററി പരീക്ഷപോലുമെഴുതാതെ അവസാനവര്‍ഷംവരെയെത്തിയ എന്റെ പഠനം പാതിവഴിയിലായി. പക്ഷേ, 20-30 സപ്ലിമെന്ററി പരീക്ഷകളെഴുതേണ്ടിവന്ന കുറ്റാരോപിതര്‍ ഒരു നടപടിയും നേരിടാതെ കോളേജില്‍ തുടരുന്നു''-വിദ്യാര്‍ഥി പറയുന്നു.

''പ്രതികളെക്കാളും ക്രൂരത ഇരകളോട് സംവിധാനങ്ങള്‍ കാണിക്കുന്നുണ്ട്. കോളേജിന് 'നാക്' റാങ്കിങ്ങും അക്രഡിറ്റേഷനുമാണ് വലുത്. കുറ്റക്കാരുടെ സ്വാധീനം പോലീസിനെയും കാഴ്ചക്കാര്‍മാത്രമാക്കുന്നു. യൂണിവേഴ്‌സിറ്റികളിലും കയറിയിറങ്ങി ഇരകള്‍ മടുക്കുന്നു. റാഗിങ് നടന്നുകഴിഞ്ഞ് ഈ സംവിധാനങ്ങള്‍ കൈകോര്‍ക്കുന്നതാണ് അനുഭവം'' -അദ്ദേഹം രണ്ടുനീതിയുടെ തെളിവുകള്‍ നിരത്തുന്നു.

അമ്മു മരിച്ചത് എങ്ങനെ

''ഏറെ ആഗ്രഹിച്ചാണ് എന്റെ മകള്‍ നഴ്‌സിങ് മേഖല തിരഞ്ഞെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് നഴ്‌സിങ് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പാത പിന്തുടരാനാണ് അവളും ആഗ്രഹിച്ചത്. ഏതാനും ദിവസങ്ങള്‍മാത്രമാണ് കോഴ്‌സ് തീരാന്‍ ബാക്കിയുണ്ടായിരുന്നത്. എല്ലാവരുംകൂടി എന്റെ കുഞ്ഞിനെ ഇല്ലാതാക്കി'' - വിഷമം കടിച്ചമര്‍ത്തിയാണ് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ സജീവ് പറഞ്ഞത്.

സജീവിന്റെ മകള്‍ അമ്മു സജീവിന്(21) റാഗിങ് ക്രൂരതയിലാണ് ജീവന്‍ നഷ്ടമായത്. സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസി(സിപാസ്)നുകീഴിലുള്ള പത്തനംതിട്ട ചുട്ടിപ്പാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ്ങിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അമ്മു. 2024 നവംബര്‍ 15-നാണ് അമ്മു പത്തനംതിട്ടയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നുവീണ് മരിച്ചത്. മുകളില്‍നിന്ന് ചാടി എന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. മകള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന് സജീവ് ഉറപ്പിച്ചുപറയുന്നു. 

സഹപാഠികളായ പെണ്‍കുട്ടികള്‍ നിരന്തരമായി അമ്മുവിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. സജീവ് നല്‍കിയ പരാതിയില്‍ പത്തനാപുരം, ചങ്ങനാശ്ശേരി, കോട്ടയം സ്വദേശികളായ മൂന്നു വിദ്യാര്‍ഥിനികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ ജാമ്യത്തിലാണ്. കേസില്‍ ഇതുവരെയും കുറ്റപത്രം നല്‍കിയിട്ടില്ല.

കേസില്‍ കോളേജ് അധികൃതര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് സജീവ് പറഞ്ഞു. മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചതിന്റെപേരില്‍ നടത്തിയ സാമ്പത്തികക്രമക്കേടുകള്‍ അമ്മു ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനുശേഷം ക്രൂരപീഡനം നേരിട്ടു. ശൗചാലയത്തിനുസമീപംവെച്ച് പലതവണ കൈയേറ്റംചെയ്തു. നിരന്തരം പരിഹസിച്ചു. വിനോദയാത്ര പോകുന്നതുസംബന്ധിച്ചും തര്‍ക്കമുണ്ടായി, സഹപാഠിയുടെ ക്ലാസ് ലോഗ് ബുക്ക് മോഷ്ടിച്ചെന്നാരോപിച്ച് അമ്മുവിന്റെ മുറിയില്‍ അതിക്രമിച്ചുകയറി പരിശോധിച്ചു. ഇത്തരം വിവരങ്ങളെല്ലാം കോളേജ്, ഹോസ്റ്റല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അക്രമികള്‍ക്ക് ഒത്താശചെയ്യുന്ന നടപടികളാണ് അവര്‍ സ്വീകരിച്ചതെന്ന് അച്ഛന്‍ പറയുന്നു. 

ലോഗ്ബുക്ക് മോഷ്ടിച്ചെന്നാരോപിച്ച് അമ്മു മരിക്കുന്ന ദിവസവും കൗണ്‍സലിങ്ങെന്നപേരില്‍ കോളേജിലെ സൈക്യാട്രി അധ്യാപകന്‍ മാനസികപീഡനം നടത്തി. വെള്ളംപോലും നല്‍കാതെ മൂന്നുമണിക്കൂറോളം വിചാരണ നടത്തി. കെട്ടിടത്തില്‍നിന്നുവീണശേഷം അധികൃതര്‍ പത്തനംതിട്ടയില്‍ അമ്മുവിന് മികച്ച ചികിത്സ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
ശോഭനമായ ഭാവിയുണ്ടായിരുന്ന തങ്ങളുടെ മകളുടെ ജീവിതം ഇല്ലാതാക്കിയവര്‍ ഇപ്പോഴും സമൂഹത്തില്‍ സന്തോഷത്തോടെ ജീവിക്കുകയാണെന്ന് അമ്മുവിന്റെ അച്ഛനും അമ്മയും പറയുന്നു. തങ്ങളുടെകൂടി സ്വപ്നങ്ങളെയാണ് ഇക്കൂട്ടര്‍ തല്ലിക്കെടുത്തിയത്. മകള്‍ക്ക് നീതിക്കായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

ഹോസ്റ്റലിന്റെ നിയന്ത്രണം ആര്‍ക്ക്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥനുനേരേയുണ്ടായത് ക്രൂരമായ ആള്‍ക്കൂട്ടവിചാരണയായിരുന്നുവെന്നാണ് റാഗിങ് വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയത്. കുട്ടിയെ വിവസ്ത്രനാക്കി. ബെല്‍റ്റുകൊണ്ട് ആറുമണിക്കൂറോളം മര്‍ദനമുറകള്‍ക്ക് വിധേയനാക്കി. സിനിമയില്‍ സംഘര്‍ഷരംഗങ്ങളില്‍ കാണുന്നത് ക്രിമിനല്‍സംഘം സിദ്ധാര്‍ഥന്റെ ശരീരത്തില്‍ പരീക്ഷിച്ചു. നെഞ്ചില്‍ച്ചവിട്ടി പിന്നാക്കം തള്ളിയിടുന്നതാണ് ഒന്ന്. കൈവിരല്‍ നിലത്തുവെപ്പിച്ചശേഷം ചെരിപ്പിട്ട കാലുകൊണ്ട് ചവിട്ടും. കഴുത്തില്‍ വിരല്‍ അമര്‍ത്തും. ഇത് പലര്‍ ചേര്‍ന്ന് ചെയ്യും. മുട്ടില്‍നിര്‍ത്തി അവശനായി വീഴുമ്പോള്‍ മര്‍ദിച്ച് എഴുന്നേല്‍പ്പിക്കും. 

ഹോസ്റ്റല്‍മുറിയില്‍ കുട്ടിയെ പൂട്ടിയിട്ടു. പല സംഘമായി വന്ന അക്രമികള്‍ മര്‍ദിച്ച് കടന്നുപോകും. കോണിപ്പടിയിലൂടെ വലിച്ചിഴച്ചു. കുട്ടികള്‍ക്കുനടുവില്‍ നിര്‍ത്തി വിചാരണചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ വിവരമറിയുമെന്ന് മറ്റുള്ളവര്‍ക്ക് ഭീഷണിയും. പുറംലോകത്തേക്ക് വിവരംപോകാതെ അക്രമികള്‍ കോട്ട തീര്‍ത്തു. ഇത്രയേറെ കാര്യങ്ങള്‍ നടന്നിട്ടും അവിടെ ഹോസ്റ്റലിന്റെ ചുമതലക്കാരും അധ്യാപകരും സര്‍വകലാശാലയും നിശ്ശബ്ദമായിരുന്നു. ഹോസ്റ്റലുകളുടെ നിയന്ത്രണം ഒരുകൂട്ടം ക്രിമിനലുകള്‍ക്ക് വിട്ടുകൊടുത്ത് അവര്‍ സാക്ഷികളായി നിന്നു. ചാന്‍സലറായ ഗവര്‍ണര്‍ നേരിട്ട് നടപടികളുമായി രംഗത്തുവരേണ്ടിവന്നതും കേരളം കണ്ടു.

മിക്കയിടത്തും ഹോസ്റ്റലിന്റെ വാര്‍ഡനോ അസി. വാര്‍ഡനോ ആയ അധ്യാപകര്‍ ആ വഴിക്ക് പോകാറില്ല. ചുമതലക്കാര്‍ ഹോസ്റ്റലില്‍ താമസിക്കണം എന്ന ചട്ടം മിക്കയിടത്തും പാലിക്കുന്നില്ല. കോട്ടയം ഗാന്ധിനഗറിലും ഇതേ വീഴ്ച കണ്ടു. ഇവിടെ അസി. വാര്‍ഡന്റെ ചുമതലയുള്ള അധ്യാപകന്‍ ആ ചുമതല നിര്‍വഹിച്ചിട്ടില്ല. കോളേജ് സ്വന്തംനിലയില്‍ സ്വകാര്യ ഏജന്‍സിവഴി നിയമിച്ച ഹൗസ് കീപ്പറാണ് ഹോസ്റ്റല്‍ സുരക്ഷ നിര്‍വഹിച്ചിരുന്നത്. 24 മണിക്കൂര്‍ അയാള്‍ ഇവിടെ കാണുമെന്ന് പ്രിന്‍സിപ്പല്‍. താന്‍ ആറുമണിക്ക് വീട്ടില്‍ പോകുമെന്ന് ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി മറ്റൊരു വ്യക്തിയെ ചുമതലപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കോളേജ് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയില്ല.

റിപ്പോര്‍ട്ട്- ഹരിനാരായണന്‍,തെന്നൂര്‍ ബി. അശോക്,അനന്ത് ആന്റണി
സങ്കലനം- കെ.ആര്‍. പ്രഹ്ലാദന്‍

പരമ്പര 1 റാഗിങ്ങിനൊപ്പം പീഡനം; അവള്‍ ഇപ്പോഴുമുണ്ട്, ജീവിതവും കരിയറും തകര്‍ന്ന് 
പരമ്പര 2 റാ​ഗിങ്ങിൽ അന്നനാളം വെന്ത് നീറി ജീവിക്കുന്നവള്‍, മക്കളെ നഷ്ടപ്പെട്ട് ജീവിതം തകര്‍ന്നവര്‍

Content Highlights: kerala college ragging cases investigation