വീട്ടിലെത്തിയപ്പോള്‍ പണമില്ല; വിമാനയാത്രയ്ക്കിടെ ടിക്കാറാം മീണയുടെ പണം നഷ്ടമായത് എങ്ങനെ?

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയുടെ 70,000 രൂപ വിമാനയാത്രയ്ക്കിടെ നഷ്ടമായി. രാജസ്ഥാനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഫെബ്രുവരി ഒമ്പതിനാണ് സംഭവം. വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി രാജസ്ഥാനിലെ ജയ്പുരില്‍ പോയതിനു ശേഷം മടങ്ങുമ്പോഴാണ് മോഷണം നടന്നത്.

ജയ്പുരില്‍നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്ര.

മടക്കയാത്രയില്‍ ജയ്പുരിലെ വിമാനത്താവളത്തില്‍ ബാഗ് പരിശോധനയ്ക്കു വിധേയമാക്കി. ചെക്ക് ഇന്‍ ബാഗേജിലാണ് കവറിലാക്കി പണം സൂക്ഷിച്ചിരുന്നത്.

തലസ്ഥാനത്തെത്തിയ അദ്ദേഹം പരിശോധന കഴിഞ്ഞ് കിട്ടിയ ബാഗുമായി വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തി ബാഗ് തുറന്നപ്പോള്‍ ബാഗിനകത്ത് പണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വലിയതുറ പോലീസിനു പരാതിനല്‍കിയത്.

എയര്‍ ഇന്ത്യക്കും പരാതി നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ബാഗേജുകള്‍ പരിശോധിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: kerala chief electoral officer tikaram meena's money lost during flight journey 

Content Highlights: