കരമനയിലെ ദുരൂഹമരണവും സ്വത്ത് തട്ടിപ്പും; കാര്യസ്ഥന്റെ മൊഴികള്‍ പച്ചക്കള്ളം, നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളും സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കുടുംബത്തിലെ അവസാനകണ്ണി ജയമാധവൻ നായരുടെ മരണത്തിലും സ്വത്ത് കൈമാറ്റവുമായും ബന്ധപ്പെട്ടാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻ നായർ ഇക്കാര്യങ്ങളിൽ അന്വേഷണസംഘത്തിന് നൽകിയ മൊഴികളിൽ പലതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം രവീന്ദ്രൻ നായരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
കൂടത്തിൽ കുടുംബത്തിലെ അവസാനകണ്ണിയായ ജയമാധവൻ നായരുടെ മരണത്തിലും സ്വത്ത് കൈമാറ്റത്തിലുമാണ് ദുരൂഹത ആരോപിച്ചിരുന്നത്. ജയമാധവൻ നായർ വീട്ടിൽ കുഴഞ്ഞുവീണപ്പോൾ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ ഓട്ടോ ഡ്രൈവർ ഇത് നിഷേധിച്ചു.
ജയമാധവൻ നായർ മരിക്കും മുമ്പ് വീട്ടിൽവെച്ച് വിൽപത്രം തയ്യാറാക്കിയെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തി. സാക്ഷിയായി ഒപ്പിട്ട അയൽക്കാരൻ തന്റെ വീട്ടിൽവെച്ചാണ് ഒപ്പിട്ടതെന്ന് മൊഴി നൽകിയിട്ടുണ്ട്. രവീന്ദ്രൻ നായരുടെ അക്കൗണ്ടിൽ അനധികൃതമായി പണം വന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് രവീന്ദ്രൻ നായരെ കേസിൽ പ്രതിചേർക്കാനുള്ള നടപടികളിലേക്ക് നീങ്ങുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം ഇയാളെ അറസ്റ്റ് ചെയ്തേക്കും. കേസിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്.
കൂടത്തിൽ കുടുംബത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഏഴ് പേരാണ് മരിച്ചത്. 2017-ൽ ജയമാധവൻ നായർ മരിച്ചതിന് ശേഷമാണ് രവീന്ദ്രൻ നായർ സ്വത്തുക്കൾ വിറ്റത്. ഇതോടെയാണ് ദുരൂഹത ആരോപിച്ച് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്.
Content Highlights:karamana mysterious death and fraud case crime branch found important information
Content Highlights: