'ലഹരി വിമാനം'; ഭാരക്കൂടുതല്‍ കാരണം തകര്‍ന്നുവീണു, കണ്ടെടുത്തത് വന്‍ കൊക്കെയ്ന്‍ ശേഖരം

-
-

മെൽബൺ: പാപ്പുവ ന്യൂഗിനിയിൽ ചെറുവിമാനം തകർന്നുവീണത് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. വിമാനം തകർന്നുവീണതിന് സമീപത്തുനിന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസും പാപ്പുവ ന്യൂഗിനി പോലീസും കിലോക്കണക്കിന് കൊക്കെയ്ൻ കണ്ടെടുത്തു. സംഭവത്തിൽ അഞ്ച് പേരെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പുവ ന്യൂഗിനിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കൊക്കെയ്ൻ കടത്താനായിരുന്നു വിമാനം ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

ജൂലായ് 26-നാണ് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ സെസ്നയുടെ ചെറുവിമാനം തകർന്നുവീണത്. വിമാനം തകർന്നുവീണതറിഞ്ഞെത്തിയ പ്രാദേശിക പോലീസ് സംഘത്തിന് ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിമാനത്തിനുള്ളിൽ മറ്റു സാധനസാമഗ്രഹികളും ഉണ്ടായിരുന്നില്ല. എന്നാൽ ഇതിനിടെ വിമാനത്തിന്റെ പൈലറ്റ് പാപ്പുവ ന്യൂഗിനിയ കോൺസുലേറ്റിലെത്തി കീഴടങ്ങി. ഇതോടെയാണ് വൻ മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്.

കഴിഞ്ഞദിവസം അപകടസ്ഥലത്ത് നടത്തിയ തിരച്ചിലിൽ 500 കിലോഗ്രാമിലേറെ കൊക്കെയ്നാണ് പോലീസ് കണ്ടെടുത്തത്. വിമാനം തകർന്നുവീണതിന് സമീപം ഒളിപ്പിച്ചനിലയിലായിരുന്നു ഇവയെല്ലാം. ഇതിനുപിന്നാലെ മയക്കുമരുന്ന് സംഘത്തിൽ ഉൾപ്പെട്ട നാല് പേരെ ഓസ്ട്രേലിയയിലും പിടികൂടി. ഇവർക്ക് ഇറ്റലിയിലെ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.

പിടിച്ചെടുത്ത കൊക്കെയ്ന് 80 മില്യൺ ഓസ്ട്രേലിയൻ ഡോളർ വിലവരുമെന്നാണ് പോലീസ് പറഞ്ഞത്. ഭാരക്കൂടുതൽ കൊണ്ട് വിമാനം തകർന്നുവീണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

നോർത്ത് ക്വീൻസ് ലാന്റിലെ മരീബ ടൗണിൽനിന്നാണ് ചെറുവിമാനം പാപ്പുവ ന്യൂഗിനിയയിലേക്ക് പോയത്. ഇവിടെനിന്നും കൊക്കെയ്ൻ ശേഖരിച്ച് ഓസ്ട്രേലിയയിൽ തിരികെ എത്തിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. റഡാർ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെടാൻ 3000 അടി ഉയരത്തിലാണ് വിമാനം പറന്നതെന്നും അധികൃതർ പറഞ്ഞു.

Content Highlights:flight overloaded with cocaine crashed in papua new guinea

Content Highlights: