ടെന്‍ഷന്‍ അറിയുന്ന യന്ത്രം, ഷോക്കടിപ്പിച്ചും ചികിത്സ; മാനസികാരോഗ്യ വിദഗ്ധനായി ചമഞ്ഞയാള്‍ പിടിയില്‍

സലീം
സലീം

സുല്‍ത്താന്‍ബത്തേരി: മാനസികാരോഗ്യവിദഗ്ധനാണെന്ന വ്യാജേന രോഗികളെ ഷോക്കടിപ്പിച്ചും മരുന്നുകൊടുത്തും ചികിത്സിച്ചയാള്‍ പോലീസ് പിടിയില്‍. അരിവയല്‍ വട്ടപറമ്പില്‍ സലീം (49) നെയാണ് ബത്തേരി പോലീസ് അറസ്റ്റ്‌ചെയ്തത്.

അമ്പലവയല്‍ പുറ്റാട് സ്വദേശിയുടെ പരാതിയില്‍ ബത്തേരി പോലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിലാണ് ഇയാള്‍ വ്യാജ ഡോക്ടാറാണെന്ന് കണ്ടെത്തിയത്. രോഗം ചികിത്സിച്ചുമാറ്റാമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ പരാതിക്കാരനില്‍നിന്ന് പലപ്പോഴായി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്.

സലീമിനെതിരേ മറ്റുചിലരും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബത്തേരി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സലീമിന്റെ വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതിനായി ഡി.എം.ഒ. നിര്‍ദേശം നല്‍കുകയായിരുന്നു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സലീമിന് യോഗ്യതയില്ലെന്ന് കണ്ടെത്തിയത്. പ്രീ ഡിഗ്രി വിദ്യാഭ്യാസയോഗ്യതയുള്ള സലീം കൗണ്‍സിലിങ് നടത്തുന്നതിനുള്ള പരിശീലനം നേടിയിട്ടുണ്ട്.

എന്നാല്‍ മാനസികരോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ അരിവലയിലിലെ വീട്ടില്‍ ചികിത്സ നടത്തിയിരുന്നത്. ടെന്‍ഷന്‍ കണ്ടുപിടിക്കുന്നതിനുള്ള യന്ത്രം കൈവശമുണ്ടെന്നുള്‍പ്പെടെ രോഗികളെ പറ്റിക്കുന്ന നിരവധി കാര്യങ്ങള്‍ സലീം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന അമ്മയുടെ ചികിത്സയ്ക്കാണ് പുറ്റാട് സ്വദേശി സുഹൃത്തിന്റെ നിര്‍ദേശപ്രകാരം സലീമിന്റെയടുത്തെത്തിയത്. പിന്നീട് മാനസിക സമ്മര്‍ദമുണ്ടായപ്പോള്‍ കാന്‍സര്‍ രോഗിയായ പരാതിക്കാരനും ചകിത്സതേടി. സലീമിന്റെ നിര്‍ദേശ പ്രകാരം കുടുംബം മുഴുവന്‍ കൗണ്‍സിലിങ്ങിന് വിധേയരാവണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മകളും മകനും ഭാര്യയും സഹോദരന്റെ മക്കളുമടക്കം ചികിത്സാ കേന്ദ്രത്തിലെത്തി. എന്നാല്‍ കുട്ടികളെയടക്കം സലീം ഷോക്കടിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. സലീമിന്റെ ചികിത്സയിലൂടെ പരാതിക്കാരന്റെ ആരോഗ്യ, മാനസിക നില മോശമാവുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ഡോക്ടറുടെയടുത്ത് ചികിത്സ നടത്തിയപ്പോഴാണ് സലീമിന്റെ തട്ടിപ്പിനെക്കുറിച്ച് മനസ്സിലായത്.ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ബെന്നി, എ.എസ്.ഐ.മാരായ കെ. അനീഷ്, എം.പി. ഉദയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

Content Highlights: