പുലിക്കുന്ന് മലയിൽ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ, ഒന്നാംപ്രതി സുഹൃത്ത്; അൻവർ പറഞ്ഞ എടവണ്ണ കൊലപാതകം

കോഴിക്കോട്: പി.വി. അന്വര് എം.എല്.എ.യുടെ വെളിപ്പെടുത്തലിന് പിന്നാലെ ചര്ച്ചയായി എടവണ്ണയിലെ റിദാന് ബാസില് കൊലക്കേസും. റിദാന് ബാസിലിനെ കൊലപ്പെടുത്തിയത് സ്വര്ണക്കടത്തിന്റെ ഭാഗമായാണെന്നും എന്നാല് കേസില് പോലീസ് മറ്റൊരു കഥ കെട്ടിച്ചമച്ചതാണെന്നുമുള്ള വെളിപ്പെടുത്തലാണ് ഒന്നരവര്ഷം മുന്പുണ്ടായ കൊലക്കേസ് വീണ്ടും ചര്ച്ചയാക്കുന്നത്. എം.എല്.എ.യുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവത്തില് സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് റിദാന് ബാസിലിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
വെടിയേറ്റ് കൊല്ലപ്പെട്ട റിദാന് ബാസില്, മൃതദേഹം കണ്ടത് പുലിക്കുന്ന് മലയില്...
2023 ഏപ്രില് 22-ന് ഒരു പെരുന്നാള് ദിവസമാണ് എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റിദാന് ബാസിലി(27)നെ വീടിന് സമീപമുള്ള പുലിക്കുന്ന് മലയില് വെടിയേറ്റ് മരിച്ചനിലയില് കണ്ടെത്തിയത്. മൂന്ന് വെടിയുണ്ടകളാണ് യുവാവിന്റെ ശരീരത്തില് തറച്ചിരുന്നത്. സംഭവത്തില് റിദാന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന് മുഹമ്മദ് ഷാനെ(30) ഏപ്രില് 24-ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ കേസിലെ കൂട്ടുപ്രതികളായ ഏഴുപേരും അറസ്റ്റിലായി. കേസ് രജിസ്റ്റര് ചെയ്ത് 88-ാം ദിവസം 4598 പേജുകളുള്ള കുറ്റപത്രം പോലീസ് സമര്പ്പിച്ചു. മുഹമ്മദ് ഷാന് അടക്കം ആകെ എട്ട് പ്രതികളും 169 സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്.
പോലീസ് പറഞ്ഞ വൈരാഗ്യം ഇങ്ങനെ....
ഒന്നാംപ്രതിയായ മുഹമ്മദ് ഷാന് പുറമേ കോഴിക്കോട് പറമ്പില് ബസാര് ബൈത്തുള് അജ്ന ഹൗസില് അഫ്നാസ് (29), മുണ്ടേങ്ങര മഞ്ഞളാംപറമ്പന് റഹ്മാന് ഇബ്നു ഹൗഫ് (റൗഫ് -29), തിരുവാലി പുളിയക്കോടന് അനസ് (31), ഒന്നാം പ്രതിയുടെ സഹോദരന് കൊളപ്പാടന് മുഹമ്മദ് നിസാം (32), നിസാമിന്റെ ഭാര്യ ഫെമി (23), ഒന്നാംപ്രതി ഷാന് തോക്ക് നല്കിയ യു.പി. ഹാപ്പൂര് ജില്ലയിലെ ഖുറാന സ്വദേശി ഖുര്ഷിദ് ആലം (44) എന്നിവരെ ഗൂഢാലോചന നടത്തിയതിനും തോക്കു വാങ്ങാന് സാമ്പത്തികസഹായം നല്കിയതിനുമുള്പ്പെടെയുള്ള കുറ്റങ്ങള്ക്കും കേസില് അറസ്റ്റ് ചെയ്തിരുന്നു.
മമ്പാട്ടെ പ്രവാസി വ്യവസായിയുടെ ബിസിനസ് നോക്കി നടത്തിയിരുന്നത് ഒന്നാംപ്രതി മുഹമ്മദ് ഷാനായിരുന്നു. വ്യവസായിയുടെ സഹായത്തോടെ മുണ്ടേങ്ങരയില് 3000 ചതുരശ്ര അടി വിസ്തീര്ണമുള്ള വീടു നിര്മാണവും ഷാന് തുടങ്ങിയിരുന്നു. എന്നാല് മുന്നറിയിപ്പില്ലാതെ ഷാനെ ജോലിയില്നിന്ന് പുറത്താക്കി. ഇതോടെ പ്രതി സാമ്പത്തികമായി തകരുകയും വീടു നിര്മാണം നിലയ്ക്കുകയുംചെയ്തു. ഇതിനു പിന്നില് റിദാനാണെന്ന് ഷാന് സംശയിച്ചു. ഇതോടെ റിദാനെ കൊല്ലാന് പദ്ധതി തയ്യാറാക്കുകയായിരുന്നു. വാടകക്കെടുത്ത വാഹനത്തിന്റെ സാമ്പത്തിക ഇടപാട് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഏപ്രില് 21-ന് രാത്രി ഒന്പതോടെ പ്രതി റിദാനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്ന്ന് സ്കൂട്ടറില് കയറ്റി റിദാന്റെ വീടിനുസമീപമുള്ള കുന്നിന്മുകളിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്നുവെന്നാണ് പോലീസ് കുറ്റപത്രത്തില് പറയുന്നത്.
Also Read: എടവണ്ണയിലെ യുവാവിന്റെ മരണം കൊലപാതകം; ശരീരത്തില് വെടിയേറ്റ മൂന്നു പാടുകള്, ദുരൂഹത...
ഏഴു റൗണ്ട് വെടിവെച്ചെങ്കിലും മൂന്നെണ്ണമാണ് റിദാന്റെ ശരീരത്തില് തറച്ചത്. തോക്ക് പ്രതിയുടെ വീടിനു പിന്നിലെ വിറകുപുരയില് ഒളിപ്പിച്ച നിലയില് പിന്നീട് കണ്ടെത്തി.
ഏറെ കോളിളക്കം സൃഷ്ടിച്ച നിലമ്പൂരിലെ ഷാബാ ഷെരീഫ് വധക്കേസ് അന്വേഷിച്ച സംഘമാണ് ഈ കേസും അന്വേഷിച്ചത്. ഫൊറന്സിക്, സൈബര് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് അന്നത്തെ ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് നിലമ്പൂരില് ക്യാമ്പുചെയ്ത് നേരിട്ട് നേതൃത്വംവഹിക്കുകയും ചെയ്തു.
പി.വി. അന്വറിന്റെ വെളിപ്പെടുത്തല്...
ഒന്നരവര്ഷങ്ങള്ക്കിപ്പുറം റിദാന് ബാസില് കൊലക്കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് പി.വി. അന്വര് എം.എല്.എ. നടത്തിയത്. സംഭവം സ്വര്ണക്കടത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്നാണ് എം.എല്.എ.യുടെ പ്രധാന ആരോപണം. എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെതിരേ നടത്തിയ ആരോപണങ്ങള്ക്കൊപ്പമാണ് എടവണ്ണയിലെ കൊലക്കേസ് സംബന്ധിച്ചും എം.എല്.എ. പരാമര്ശം നടത്തിയത്.
''സ്വര്ണക്കടത്തിന്റെ വിവരങ്ങള് അറിയാവുന്നത് കൊണ്ടാണ് റിദാനെ കൊലപ്പെടുത്തിയത്. കേസില് നിരപരാധിയെ പ്രതിയാക്കാന് ശ്രമം നടന്നു. മരിച്ച റിദാന്റെ ഭാര്യയെയും കുടുംബത്തെയും ഇന്നലെ ഞാന് കണ്ടിരുന്നു. ഇപ്പോള് കേസില് പ്രതിചേര്ക്കപ്പെട്ട ഷാന് ഒരിക്കലും അത് ചെയ്യില്ലെന്നാണ് ആ പെണ്കുട്ടി പറയുന്നത്.
മരണം നടന്ന് തൊട്ടടുത്തദിവസം പെണ്കുട്ടിയോട് പോലീസ് വളരെ മോശമായി പെരുമാറി. പ്രതിയായ ഷാനുമായി അവിഹിതബന്ധമുണ്ടായിരുന്നതായി സമ്മതിച്ചുകൊടുക്കണമെന്ന് പോലീസ് നിര്ബന്ധിച്ചു. യുവതിയുമായി ഒരുമിച്ച് ജീവിക്കാന് കാമുകനായ ഷാന് റിദാനെ വെടിവെച്ച് കൊന്നെന്ന് വരുത്തിതീര്ക്കാനായിരുന്നു പോലീസിന്റെ ശ്രമം. ആ പെണ്കുട്ടിയെ കൊണ്ട് ഇത് പറയിപ്പിക്കാന് മൂന്നുദിവസത്തോളം ആ കുട്ടിയെ ഭീകരമായി മര്ദിച്ചു. നിങ്ങള് വെളിച്ചം കാണില്ല, സെന്ട്രല് ജയിലിലേക്കാണ് പോകുന്നതെന്ന് ഭീഷണിപ്പെടുത്തി. ഇത് സമ്മതിച്ചാല് രക്ഷപ്പെടുത്താന് ശ്രമിക്കാം. അതുകൊണ്ട് സമ്മതിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ഞാന് ജയിലിലേക്ക് പൊയ്ക്കോളാമെന്നാണ് ആ പെണ്കുട്ടി പറഞ്ഞത്. അത് സമ്മതിക്കാതിരുന്നതോടെ പോലീസ് മറ്റൊരു വൈരാഗ്യത്തിന്റെ കഥ കെട്ടിച്ചമച്ചു. പ്രതി ഷാനും റിദാനും തമ്മിലുള്ള പുതിയൊരു വൈരാഗ്യകഥയുണ്ടാക്കി ആ കേസ് അവിടെ നിര്ത്തി'', പി.വി. അന്വര് എം.എല്.എ. പറഞ്ഞു.
സി.ബി.ഐ. അന്വേഷിക്കണമെന്ന് കുടുംബം
പി.വി. അന്വറിന്റെ ആരോപണത്തിന് പിന്നാലെ എടവണ്ണ കൊലക്കേസില് സി.ബി.ഐ. അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട റിദാന് ബാസിലിന്റെ കുടുംബം. കേസിലെ പ്രതി ഷാന് തന്നെയെന്ന് വിശ്വസിക്കുന്നു. എന്നാല്, ആരാണ് ഇതിന് പിന്നില് പ്രവര്ത്തിച്ചതെന്ന് അറിയണം. അന്വറിന്റെ ആരോപണത്തോടെ പോലീസില് വിശ്വാസമില്ലാതായെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
അന്വര് പറഞ്ഞതോടെയാണ് കുറേകാര്യങ്ങള് അറിഞ്ഞത്. കൊന്നത് ഷാന് തന്നെയെന്ന് അറിയാം. പിന്നില് ആരെല്ലാം ഉണ്ടെന്ന് അറിയണം. പോലീസില് വിശ്വാസം നഷ്ടപ്പെട്ടു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കും. അന്ന് സംഭവവുമായി ബന്ധപ്പെട്ട് എസ്.പി. ഓഫീസില് പോയിരുന്നു. ഷാന് എന്ന വ്യക്തി ജാമ്യത്തിലിറങ്ങിയാല് 40 ലക്ഷം രൂപ നല്കുമെന്നും അത് കിട്ടിയാല് കേസ് ഒത്തുതീര്പ്പാക്കുമോ എന്നും അവിടെനിന്ന് ചോദിച്ചു. കോടികള് കിട്ടിയാലും മകന്റെ ഘാതകരെ ആരെയും വിടില്ല എന്നും അതിന് സമ്മതിക്കില്ലെന്നുമാണ് അന്ന് മറുപടി നല്കിയതെന്നും കുടുംബം പറഞ്ഞു.
Content Highlights: edavanna ridhan basil murder case and pv anvar allegations against police, ridan basil murder case