തട്ടിയെടുത്ത കുഞ്ഞാണെന്ന് വ്യാജസന്ദേശം; ആംബുലന്‍സ് പോലീസ് സ്‌റ്റേഷനില്‍, നാടകീയരംഗങ്ങള്‍

ചെറുതുരുത്തി: കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നുവെന്ന സംശയത്തെ തുടര്‍ന്നു ആംബുലന്‍സ് ഡ്രൈവര്‍ വണ്ടിയുമായി പോലീസ് സ്റ്റേഷനിലെത്തി. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് തൃശ്ശൂര്‍ ഭാഗത്ത് നിന്ന് സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സ് ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയത്.

തുടര്‍ന്ന് ജനങ്ങള്‍ തടിച്ചുകൂടി. ആംബുലന്‍സില്‍ മറുനാടന്‍ സ്ത്രീയും നാലുമാസം പ്രായമുള്ള കുട്ടിയുമുണ്ടെന്നും കുഞ്ഞ് ഇവരുടെതല്ലെന്നു സംശയമുണ്ടെന്നും ഡ്രൈവര്‍ പറഞ്ഞു.

പാലക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ ചികിത്സക്കായി കൊണ്ടു പോകുകയാണെന്നും വെട്ടിക്കാട്ടിരിയില്‍ എത്തിയപ്പോള്‍ കുഞ്ഞ് സ്ത്രീയുടേതല്ലെന്ന സന്ദേശം ലഭിച്ചതായും ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതാണെന്നും ഡ്രൈവര്‍ മൊഴി നല്‍കി. കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കേണ്ടതിനാല്‍ ചെറുതുരുത്തി എസ്.ഐ- വി.പി. സിബീഷ് വനിതാ പോലീസ് ഉദ്യോഗസ്ഥ ജാസ്മിനോടൊപ്പം ഇവരെ ആംബുലന്‍സില്‍ മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയച്ചു. അന്വേഷണത്തില്‍ കുട്ടി ഇവരുടെതു തന്നെയാണെന്ന് വ്യക്തമായി.

ആസാം സ്വദേശിയായ അമ്മയും കുഞ്ഞും രണ്ടു ദിവസം മുമ്പാണ് ഭര്‍ത്താവിനെ കാണാന്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. ഭര്‍ത്താവ് കേരളത്തിലെവിടെയോ ജോലി ചെയ്യുന്നുണ്ടെന്നും തന്ന ഫോണ്‍ നമ്പര്‍ കളഞ്ഞു പോയെന്നുമാണ് സ്ത്രീ പറഞ്ഞത്.

രണ്ടു ദിവസം ഭക്ഷണം കഴിക്കാതെ അലഞ്ഞ് അവശരായ സ്ത്രീയേയും കുഞ്ഞിനേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടിയുടെ അസുഖം അധികമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴി ഡ്രൈവര്‍ക്കു വന്ന തെറ്റായ സന്ദേശമാണ് സംഭവങ്ങള്‍ക്കു കാരണമായത്. ആംബുലന്‍സില്‍ കോവിഡ്- 19 ബാധിച്ച ആളാണ് എന്ന് പ്രചാരണം കൂടിയായതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.

Content Highlights: dramatic scenes in cheruthuruthi police station over a fake message 

Content Highlights: