പെണ്‍സുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാനെത്തി; കത്തിയുമായി കവലയില്‍ ഗുണ്ടാവിളയാട്ടം

മണിമല: മണിമല സ്വദേശിനിയായ പെണ്‍സുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാന്‍ കത്തിയുമായെത്തി ഗുണ്ടാവിളയാട്ടം. സംഭവത്തില്‍, അഞ്ചംഗസംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. ഒളിവില്‍പോയ ഒന്നാംപ്രതിക്കുവേണ്ടി അന്വേഷണം തുടരുന്നു. പെണ്‍കുട്ടിയെയും അമ്മയെയും പോലീസ് വിളിച്ചുവരുത്തി. എന്നാല്‍, തന്നെ കളിയാക്കിയെന്ന് പറയാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. തന്റെ സുഹൃത്തുക്കള്‍ വിനോദയാത്രയ്ക്കാണ് ഈ പ്രദേശത്ത് വന്നതെന്നും മൊഴിനല്‍കി.
കറുകച്ചാല്‍ അറുപതില്‍ചിറയില്‍ ഷിജിത്ത് മോഹന്‍ (26), കൂത്രപ്പള്ളി ഇഞ്ചക്കുഴിയില്‍ ജിനോ സാബു (20), നെടുങ്ങാടപ്പള്ളി രണ്ടുപറയില്‍ ആല്‍ബിന്‍ തോമസ് (20), സഹോദരന്‍ അലക്‌സ് തോമസ് (18) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 11-നായിരുന്നു സംഭവം.
പെണ്‍കുട്ടിയെ ആരോ കളിയാക്കിയതിനെത്തുടര്‍ന്നാണ് പ്രതികള്‍ രണ്ട് ബൈക്കുകളിലായി കോത്തലപ്പടി കവലയിലെത്തിയത്. അവിടെ ഇവര്‍ ഭീഷണി മുഴക്കി. ഇതിനിടെ, ഇവരിലൊരാള്‍ കത്തികൊണ്ട് കൈയില്‍ വരഞ്ഞ് മുറിവേല്പിച്ചു. തുടര്‍ന്ന് കത്തിയുമായി ഇവര്‍ കോത്തലപ്പടി-കുളത്തുങ്കല്‍ റോഡിലുമെത്തി ഭീഷണി മുഴക്കി.
ഈ സമയം, കളിയാക്കലിന് ഇരയായെന്ന് പറയുന്ന പെണ്‍കുട്ടി കുളത്തുങ്കല്‍ റോഡിലെ കടയുടെ സമീപമെത്തി. വന്നവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വെള്ളാക്കല്‍ പാറയിലേക്കുപോയി. മറ്റ് നാലുപേരും പിന്നാലെ പോയി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.
മണിമല സി.ഐ. ഷാജുമോന്റെ നേതൃത്വത്തില്‍ പോലീസെത്തി. കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളില്‍നിന്നും പോലീസ് വന്നു. ചുവട്ടടിപ്പാറ, വെള്ളാക്കല്‍ പാറ ഭാഗങ്ങളില്‍ നടത്തിയ തിരച്ചിലില്‍ നാലുപേരെയും പിടികൂടുകയായിരുന്നു.
പിന്നീടാണ് പെണ്‍കുട്ടിയെയും അമ്മയെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. ആണ്‍സുഹൃത്തുക്കള്‍ വെള്ളാക്കല്‍പാറ കാണാനെത്തിയതാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയോടൊപ്പം വിട്ടു.
പിടിയിലായവര്‍ പോലീസ് സ്റ്റേഷനിലും ബഹളം വെയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. കങ്ങഴയില്‍ കഴിഞ്ഞദിവസം വ്യാപാരിയെ ആക്രമിച്ച കേസുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: