കമ്മട്ടിപ്പാടത്ത് വീട് കയറി ആക്രമിക്കാനെത്തിയ അഞ്ചംഗ സംഘം പിടിയില്‍; എയര്‍ഗണ്ണും വടിവാളുകളും

കൊച്ചി: കമ്മട്ടിപ്പാടത്ത് വീട് കയറി ആക്രമിക്കാനെത്തിയ അഞ്ചംഗ സംഘം ആയുധങ്ങളുമായി പിടിയില്‍. ഉദയാകോളനി വീട് നമ്പര്‍ 24-ല്‍ ഷഫീഖ് (23), കടവന്ത്ര ജി.സി.ഡി.എ. വീട് നമ്പര്‍ എട്ടില്‍ അഖില്‍ (24), കരിത്തല കോളനി വീട് നമ്പര്‍ 11-ല്‍ റിതുല്‍ (24), സഹോദരന്‍ മിതുല്‍ (21), ചിലവന്നൂര്‍ റോഡ് കോര്‍പ്പറേഷന്‍ കോളനിയിലെ സുജീഷ് (23) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 7.15-ന് കമ്മട്ടിപ്പാടം മുണ്ടംപിള്ളി സനല്‍ സ്റ്റാന്‍ലിയെന്നയാളുടെ വീട്ടിലായിരുന്നു സംഘം അതിക്രമിച്ച് കയറിയത്. ഉദയാ കോളനിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന സനലിന്റെ ഓട്ടോയില്‍ ഇരുന്ന് പ്രതികള്‍ സ്ഥിരമായി മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതില്‍ പ്രതികള്‍ക്ക് മുന്‍ വൈരാഗ്യമുണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് ആയുധവുമായി സ്റ്റാന്‍ലിയുടെ വീട്ടില്‍ സംഘമെത്തി. ഈസമയം സനലിന്റെ അമ്മ നാന്‍സി സ്റ്റാന്‍ലിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നാന്‍സിയെ അസഭ്യം പറയുകയായിരുന്നു. അയല്‍വാസികള്‍ ഓടിക്കൂടിയതോടെ സംഘം ഇവിടെ നിന്ന് രക്ഷപ്പെട്ടു. പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ എ.സി.പി. കെ. ലാല്‍ജി, കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ എം. അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് അഞ്ച് പ്രതികളും പിടിയിലായത്.
പ്രതികളുടെ കൈയില്‍ നിന്ന് എയര്‍ഗണ്ണും വടിവാളുകളും പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ നേരത്തേയും അടിപിടി കേസുകളിലും ലഹരി മരുന്നു കേസുകളിലും പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: