ടച്ചിങ്‌സിന് താറാവിറച്ചി ഇല്ലാത്തതില്‍ തര്‍ക്കം; സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു
ചെന്നൈ: മദ്യപിക്കുന്നതിനൊപ്പം കഴിക്കാന്‍ താറാവിറച്ചി കൊണ്ടുവരാത്തതിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് ടച്ചിങ്‌സുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നത്. ചെങ്കല്‍പ്പേട്ട് സ്വദേശിയായ വിനായകമാണ്(43) കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ സുഹൃത്ത് വാസു(38)വിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യവില്‍പ്പനശാലകള്‍ വീണ്ടും തുറന്നതോടെ ഒരുമിച്ചിരുന്ന മദ്യപിക്കാന്‍ സുഹൃത്തുക്കളായ ഇരുവരും തീരുമാനിച്ചിരുന്നു. വിനായകം മദ്യ വാങ്ങിക്കാമെന്നും വാസു താറാവിറച്ചി പാകം ചെയ്ത് കൊണ്ടുവരണമെന്നുമായിരുന്നു ധാരണ. ഇതനുസരിച്ച് ശനിയാഴ്ച രാത്രി ഇരുവരും പ്രദേശത്തെ ഒരു കൃഷിയിടത്തില്‍ മദ്യപിക്കാനെത്തി. എന്നാല്‍ സ്ഥലത്തെത്തിയപ്പോളാണ് താന്‍ താറാവിറച്ചി കൊണ്ടുവന്നിട്ടില്ലെന്ന് വാസു സുഹൃത്തിനോട് പറഞ്ഞത്. ഇതോടെ വിനായകവും വാസുവും തമ്മില്‍ വഴക്കുണ്ടാവുകയും വാസു സുഹൃത്തിനെ കുത്തിക്കൊല്ലുകയുമായിരുന്നു. സംഭവത്തിന് ശേഷം മൃതദേഹം അവിടെതന്നെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്തു.
പിറ്റേദിവസം കൃഷിയിടത്തിലെത്തിയ മറ്റുചിലരാണ് വിനായകത്തിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായും പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും ചിലരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Content Highlights: conflict over duck meat in liquor party, man stabs friend
Content Highlights: