പട്ടിണിയെന്ന് ബംഗാളി യുവാവിന്റെ പോസ്റ്റ്, മുറിയില്‍ കണ്ടത് ചോറും കറികളും ഭക്ഷണസാധനങ്ങളും; പിടിയില്‍

-
-

പിറവം: മികച്ച സൗകര്യങ്ങളോടെ ജീവിച്ചിട്ടും പട്ടിണിയാണെന്നും കഴിക്കാന്‍ ബിസ്‌കറ്റ് പോലും കിട്ടുന്നില്ലെന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ബംഗാളി യുവാവ് പിടിയില്‍. കൊല്‍ക്കൊത്ത നാദിയ സ്വദേശിയായ മിനാറുള്‍ ഷെയ്ക്ക് (28) ആണ് പിടിയിലായത്. നാലുവര്‍ഷമായി പിറവം ടൗണിലെ പച്ചക്കറിക്കടയില്‍ ജോലിക്കാരനായ യുവാവ് കര്‍ഫ്യൂക്കാലത്തും ദിവസവും പതിവുപോലെ പണിയെടുക്കുകയും സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുകയും ചെയ്ത് കഴിയുന്നതിനിടയിലാണ് അവാസ്തവമായ പോസ്റ്റിട്ട് കുടുങ്ങിയത്.

പിറവത്ത് ഫയര്‍‌സ്റ്റേഷന് സമീപം വാടകവീട്ടില്‍ പതിനഞ്ചോളം പേരാണ് ഒരുമിച്ച് താമസിക്കുന്നത്. എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് ബംഗാള്‍ പോലീസാണ് കേരള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം നല്‍കിയത്. അവര്‍ ഇത് ജില്ലാ കളക്ടര്‍ക്ക് കൈമാറി. കളക്ടര്‍ എസ്. സുഹാസ് വിവരം പിറവം നഗരസഭയില്‍ അറിയിച്ചു. നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ചോറും കറികളും മറ്റ് സാധനങ്ങളും ധാരാളമായി സംഭരിച്ചിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിറവം എസ്.ഐ വി.ഡി. റെജിരാജിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

Content Highlights: bengal native posted a fake facebook post, arrested in piravom 

Content Highlights: