ചീഫ് ജസ്റ്റിസിന്റെ വാദംകേള്‍ക്കൽ വ്യാജമായി സൃഷ്ടിച്ച് ഏഴ് കോടി തട്ടി; ഇരയായത് പ്രമുഖ വ്യവസായി

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
Supreme Court | Photo -  PTI
Supreme Court | Photo - PTI

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢിൻ്റെ വാദം കേള്‍ക്കലെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രമുഖ വ്യവസായി എസ്പി. ഒസ്വാളില്‍നിന്ന് ഏഴ് കോടി രൂപ തട്ടിയെന്ന് കേസ്.  സൈബര്‍ തട്ടിപ്പുകാരില്‍ രണ്ട് പേരെ പഞ്ചാബ് പോലീസ് അസമില്‍ നിന്ന് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് ഏഴ് പേര്‍ക്കായി ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി. പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതുവരെ തട്ടിപ്പുകാരുടെ വിവിധ അകൗണ്ടുകളില്‍നിന്ന് 5.25 കോടി കണ്ടെത്തി.

പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ദ്ധമാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ എസ് പി ഒസ്വാള്‍ ആണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനെയാണ് തട്ടിപ്പ്. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢിൻ്റെ കോടതി പണം രഹസ്യ അക്കൗണ്ടിലേക്ക് കൈമാറാന്‍ നിര്‍ദേശിച്ചെന്ന ഉത്തരവ് പുറപ്പടിവച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി തട്ടിപ്പുകാര്‍ വ്യാജ വാദം കേള്‍ക്കല്‍ വരെ സൃഷ്ടിച്ചു. 

തട്ടിപ്പിനെക്കുറിച്ച് എസ് പി ഒസ്വാള്‍ പഞ്ചാബ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ:  ഓഗസ്റ്റ് 27 ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പേരില്‍ ലഭിച്ച ഫോണ്‍ കോളിലൂടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. കീ പാഡില്‍ ഒമ്പത് അമര്‍ത്തിയില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ സേവനം വിച്ഛേദിക്കപ്പെടും എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ഒസ്വാള്‍ മൊബൈല്‍ കീ പാഡിലെ ഒമ്പത് അമര്‍ത്തി. അല്‍പസമയത്തിന് ശേഷം സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തി ഒരാള്‍ ബന്ധപെട്ടു. 

ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന് എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒസ്വാളിന്റെ പങ്ക് സംശയിക്കുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയ വിജയ് ഖന്ന അറിയിച്ചു. മുംബൈ പോലീസിന്റെ ചില രേഖകളും വാട്‌സ് ആപ്പിലൂടെ ഓസ്വാളിന് അയച്ചു കൊടുത്തു.  തൊട്ട് പിന്നാലെ ഓസ്വാളിനെ ഡിജിറ്റല്‍ കസ്റ്റഡിയില്‍ എടുക്കുന്നതായി വ്യാജ സിബിഐ സംഘം അറിയിച്ചു.

ഡിജിറ്റല്‍ കസ്റ്റഡിയില്‍ എടുത്തതിന്റെ ഉത്തരവും, കസ്റ്റഡിയില്‍ ഉണ്ടാകുമ്പോള്‍ പാലിക്കേണ്ട 70 കാര്യങ്ങള്‍ വിശദീകരിക്കുന്ന രേഖയും ഓസ്വാളിന് വാട്‌സ് ആപ്പിലൂടെ അയച്ചു. ആരോടെങ്കിലും, എന്തെങ്കിലും ഇതിനെ കുറിച്ച് പങ്കുവെച്ചാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ഒസ്വാള്‍നെ തട്ടിപ്പുകാര്‍ അറിയിച്ചു. സ്‌കൈപിലൂടെ ഡിജിറ്റല്‍ നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും അറിയിച്ചു.

തൊട്ടടുത്ത ദിവസം ആയിരുന്നു വ്യാജ സുപ്രീം കോടതി വാദം കേള്‍ക്കല്‍. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് എന്നാണ് ഓസ്വാളിനെ തട്ടിപ്പുകാര്‍ ധരിപ്പിച്ചിരുന്നത്. രാവിലെ 11 മണിക്ക് സ്‌കൈപ്പിലൂടെ വാദം കേള്‍ക്കലില്‍ ഓസ്വാളും പങ്കെടുത്തു. വാദം കേള്‍ക്കലിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്ന് അവകാശപ്പെട്ട വ്യക്തിയുടെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞില്ലെന്ന് ഒസ്വാള്‍ പറഞ്ഞു. എന്നാല്‍ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. രണ്ട് തവണ കൊട്ടുവടി കൊണ്ട് മേശയില്‍ അടിച്ച ശേഷം ഓര്‍ഡര്‍, ഓര്‍ഡര്‍ എന്ന് പറയുകയും, ഓസ്വാളിനോട് കേസിലെ വാദം അവതരിപ്പിക്കാനും തട്ടിപ്പ് ജഡ്ജി നിര്‍ദേശിച്ചുവെന്നാണ് പഞ്ചാബ് പൊലീസിന് നല്‍കിയ പരാതിയില്‍ വിശദീകരിച്ചിരിക്കുന്നത്. വാദം കേള്‍ക്കലിന് ശേഷം വ്യാജ ജഡ്ജി പുറപ്പടിവിച്ച ഉത്തരവിന്റെ പകര്‍പ്പ് ഓസ്വാളിന് അയച്ചു കൊടുത്തു.

ഓസ്വാളിന്റെ പണം രഹസ്യ അക്കൗണ്ടിലേക്ക് മാറ്റണം എന്നായിരുന്നു ഈ 'ഉത്തരവിൽ' പറഞ്ഞിരുന്നത്. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി ഏഴ് കോടി രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് ഒസ്വാള്‍ തട്ടിപ്പുകാരുടെ രഹസ്യ അക്കൗണ്ടിലേക്ക് മാറ്റി. കൂടുതല്‍ തുക തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി തുടങ്ങിയെങ്കിലും, ഈ വിഷയം ഒസ്വാള്‍ തന്റെ സുഹൃത്ത് വികാസ് കുമാറിനോട് പറഞ്ഞതോടെയാണ് കേസ് പൊലീസിന് മുന്നില്‍ എത്തിയത്. പഞ്ചാബ് പോലീസിന്റെ പെട്ടെന്നുള്ള അന്വേഷണത്തില്‍ രണ്ട് തട്ടിപ്പുകാരും ഉടൻ അറസ്റ്റിലാകുകയായിരുന്നു.

Content Highlights: ₹7 Crore Scam: Businessman Duped by Fake CBI & Supreme Court Officials