'നൂറല്ല 200 ശതമാനം ഉറച്ചു നിൽക്കുന്നു'; ധന്യയ്ക്കെതിരേ രണ്ട് വർഷംവരെ തടവ് ലഭിക്കാവുന്ന ആറു വകുപ്പുകൾ

#ന്യൂസ് ഡെസ്ക്
Photo: @youtube
Photo: @youtube

കാസർകോട്: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രണ്ടുവർഷംവരെ തടവ് ലഭിക്കാവുന്ന ആറു വകുപ്പുകളാണ് ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ എസ്.ആർ. ധന്യയ്ക്കെതിരേ സൈബർ പോലീസ് ചുമത്തിയിരിക്കുന്നത്. ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നും ധന്യ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ തന്നെ നിരന്തരം വിവാദങ്ങളിൽ പെടുന്ന വ്യക്തിയാണ് യൂട്യൂബറായ ധന്യ. അടുത്തിടെ മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗതയിൽ വാഹനമോടിച്ച സംഭവത്തിൽ ധന്യയ്ക്കെതിരേ പോലീസ് കേസെടുക്കുകയും എംവിഡി ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പരിശോധനയ്‌ക്കെത്തിയ പോലീസിനെ കണ്ടതോടെ ധന്യ അപകടകരമായ രീതിയിൽ അമിതവേഗത്തിൽ കിലോമീറ്ററുകളോളം വാഹനമോടിച്ചു പോകുകയായിരുന്നു. പിന്തുടർന്ന പോലീസ് സംഘം സിനിമാ സ്റ്റൈലിലാണ് വാഹനം തടഞ്ഞ് ധന്യയെ പിടികൂടിയത്. ദീപ്തി കല്യാണിയും ധന്യയും തമ്മിലുള്ള സാമൂഹിക മാധ്യമപ്പോരാണ് ഇപ്പോഴത്തെ കേസിനാധാരം.

ദീപ്തിക്കെതിരായ ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ഏത് തരത്തിലുള്ള നിയമനടപടികളുമായി താൻ സഹകരിക്കും. ദീപ്തിക്കെതിരായി ഒട്ടേറെ തെളിവുകൾ താൻ ശേഖരിച്ചുവെച്ചിട്ടുണ്ട്. അത് പുറത്തുവിട്ടു കഴിഞ്ഞാൽ ദീപ്തിയെ സമൂഹം ഒറ്റപ്പെടുത്തും. പറഞ്ഞ ആരോപണങ്ങളിൽ 100 അല്ല 200 ശതമാനവും താൻ ഉറച്ചു നിൽക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ കൂടി പറഞ്ഞ സമയത്ത് താൻ ഉപയോഗിച്ച ഭാഷയ്ക്ക് വലിയ പ്രശ്നങ്ങളുണ്ടാകും. ട്രിഗർ ആകാനുള്ള കാരണവും ഞാൻ പറഞ്ഞിരുന്നു- ധന്യ പറഞ്ഞു.

ദീപ്തി കല്യാണി തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ ദേശ്‌മുഖിനു നൽകിയ പരാതിയെത്തുടർന്നാണ് കേസ്. ദീപ്തി കല്യാണിയെയും കുടുംബത്തെയും അധിക്ഷേപിച്ച് ധന്യ വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ വ്യക്തി ജീവിതത്തെയും കുടുംബത്തെയും കുറിച്ച് രൂക്ഷവും അനാവശ്യവുമായ പരാമർശങ്ങളാണ് വീഡിയോയിലൂടെ ഇവർ നടത്തിയതെന്ന് ദീപ്തി കല്യാണിയുടെ പരാതിയിൽ പറയുന്നു. മോഡലും നടിയുമായ ദീപ്തി കല്യാണി ഗുരുവായൂർ സ്വദേശിയാണ്.

Content Highlights: Cyber police filed a case against YouTuber SR Dhanya (Helen of Sparta) for derogatory remarks against trans woman Deepti Kalyani., Six charges carrying up to two years of imprisonment have been registered., Deepti Kalyani filed a complaint with Thrissur City Police Commissioner Nakul R Deshmukh., Dhanya stated she stands 200 percent firm on her statements and welcomes any legal investigation.