തൃശ്ശൂരിലെ കൊലപാതകം: കത്തി ആദ്യം വീശിയത് ലിവിനെന്ന വാദം തള്ളി പോലീസ്, കത്തി 14കാരൻ പ്രതിയുടേത് തന്നെ

കൊല്ലപ്പെട്ട ലിവിൻ
കൊല്ലപ്പെട്ട ലിവിൻ

തൃശ്ശൂര്‍: പുതുവര്‍ഷാഘോഷങ്ങൾക്കിടെ തൃശ്ശൂർ നഗരമധ്യത്തിൽ യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ കത്തി യുവാവിനെ കുത്തിയ പതിനാലുകാരൻ്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. പിടിയിലായ കുട്ടികൾക്കെതിരേ മറ്റാരോപണങ്ങളുമുണ്ട്. സഹപാഠിക്കുനേരെ കത്തിവീശി ഭീഷണിപ്പെടുത്തിയതിൻ്റെയും ലഹരി ഉപയോഗത്തിൻ്റെയും പേരിൽ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. 

പാലിയം റോഡ് ടോപ്പ് റസിഡന്‍സിയില്‍ എടക്കളത്തൂര്‍ വീട്ടില്‍ ജോണ്‍ ഡേവിഡിന്റെ മകന്‍ ലിവിന്‍ ഡേവിസ് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടുപേരേയാണ് പോലീസ് പിടികൂടിയത്. നെഞ്ചില്‍ കുത്തേറ്റ ലിവിന്‍ ആശുപത്രിയിലാണ് മരിച്ചത്. 

തേക്കിന്‍കാട് മൈതാനിയിലെ വാട്ടര്‍ടാങ്കിനു സമീപത്തെ പടിയില്‍വെച്ചാണ് സംഭവം. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഒപ്പമുളള പെൺകുട്ടികളാരാണെന്ന് ലിവിനും കൂടെയുണ്ടായിരുന്നയാളും ചോദ്യം ചെയ്തു. ഇതാണ് ആക്രമണത്തിന് പ്രചോദനമായതെന്ന് പോലീസ് പറയുന്നു. ലിവിനാണ് കത്തിവീശിയതെന്നും ഈ കത്തി വാങ്ങി തിരിച്ചുകുത്തുകയായിരുന്നു സംഭവിച്ചതെന്നുമായിരുന്നു പിടിയിലായവർ പോലീസിനോട് പറഞ്ഞത്. എന്നാൽ കത്തി പതിനാലുകാരൻ്റേത് തന്നെയാണ് എന്നാണ് ഇപ്പോൾ സ്ഥിരീകരണം വന്നിരിക്കുന്നത്. 

സഹപാഠിയെ കത്തിവീശി ഭീഷണിപ്പെടുത്തിയതിന് കുട്ടിയെ സ്‌കൂളില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ലഹരിയുപയോഗം,വിൽപന തുടങ്ങിയ ആരോപണങ്ങളും ഇവർക്കെതിരേയുണ്ട്. 

Content Highlights: Thrissur Youth Stabbed to Death: 14-Year-Old Arrested